സണ്ണി ജോസഫിന് തണുപ്പൻ സ്വീകരണം
സുധാകരന്റെ പ്രതികരണത്തിൽ ഞെട്ടി ഹെെക്കമാൻഡ്

തിരുവനന്തപുരം
കെപിസിസി മുൻ പ്രസിഡന്റ് കെ സുധാകരന്റെ നിലപാടിൽ ഞെട്ടി നേതൃത്വം. മാറിയതല്ലെന്നും മാറ്റിയതാണെന്നും പിന്നിൽ ചില നേതാക്കളുണ്ടെന്നുമുള്ള വെളിപ്പെടുത്തൽ ഹൈക്കമാൻഡിനും സംസ്ഥാന നേതൃത്വത്തിനുമുള്ള മുന്നറിയിപ്പാണ്.
എല്ലാം ശുഭമെന്നും ഇനി ‘സണ്ണി ഡേയ്‌സ്’ എന്നും കോൺഗ്രസ് അനുകൂല മാധ്യമങ്ങൾ സ്‌തുതിക്കുന്നതിനിടെയായിരുന്നു കെ സുധാകരൻ കഴിഞ്ഞദിവസം ചാനലുകൾക്ക് നൽകിയ അഭിമുഖത്തിൽ ആഞ്ഞടിച്ചത്.
കോൺഗ്രസിന്റെ ബൂത്തുകമ്മിറ്റികൾ വരെ സജീവമാക്കിയ ആളായ തന്നെ ഒഴിവാക്കിയത് എന്തിനാണെന്ന് അറിയില്ലെന്ന സുധാകരന്റെ വാക്കുകളിൽ പ്രവർത്തകർക്കുള്ള സൂചനയുമുണ്ട്. പാർടിയിൽ ഐക്യമുണ്ടെന്നു വരുത്താനാണ് സുധാകരനൊപ്പം സണ്ണി ജോസഫ് മാധ്യമങ്ങളെ കണ്ടത്. എന്നാൽ അടുത്തദിവസം മുൻ കെപിസിസി പ്രസിഡന്റുമാരെ ഉൾപ്പെടെ ഹൈക്കമാൻഡ് ഡൽഹിക്ക് വിളിപ്പിച്ചെങ്കിലും പോകാത്തവരിൽ സുധാകരനുമുണ്ടായിരുന്നു. അപമാനിച്ച് ഇറക്കിവിട്ടുവെന്ന വികാരം അദ്ദേഹത്തിനും കൂടെനിൽക്കുന്നവർക്കുമുണ്ട്.
വെള്ളിയാഴ്‌ച കെ സി വേണുഗോപാൽ ഉൾപ്പെടെയുള്ള നേതാക്കൾ കൂടിയാലോചന നടത്തിയെങ്കിലും എന്തുനിലപാടെടുക്കണമെന്നതിൽ തീരുമാനമായില്ല. ഹൈക്കമാൻഡിലും വിഷയം എത്തി. സുധാകരനോട് മറുത്തുപറയാൻ ആർക്കുപറ്റുമെന്നതാണ് നേതൃത്വത്തെ അലട്ടുന്നത്. സുധാകരൻ ഇനി എന്തുപറയുമെന്നും അദ്ദേഹത്തിനൊപ്പമുള്ളവർ എന്തുനിലപാടെടുക്കുമെന്നതും നേതൃത്വത്തെ ആശങ്കയിലാഴ്‌ത്തുന്നു.
സണ്ണി ജോസഫിന് തണുപ്പൻ സ്വീകരണം
കെപിസിസി പ്രസിഡന്റായശേഷം ആദ്യമായി കോഴിക്കോട്ട് എത്തിയ സണ്ണി ജോസഫിന് ഡിസിസി ഓഫീസിൽ തണുപ്പൻ സ്വീകരണം. വെള്ളി ഉച്ചയോടെ ഡിസിസി ഓഫീസിലെത്തുമ്പോൾ ആകെയുണ്ടായിരുന്നത് അമ്പതോളം പേർ മാത്രമാണ്. ഡിസിസിക്കായി നിർമിച്ച കെ കരുണാകരൻ മന്ദിരത്തിൽ ആദ്യമായാണ് സണ്ണി ജോസഫ് എത്തിയത്. എന്നിട്ടും പ്രവർത്തകരുടെ ആവേശമുണ്ടായില്ല. കെപിസിസി, ഡിസിസി ഭാരവാഹികളാണ് പുതിയ പ്രസിഡന്റിനെ സ്വീകരിക്കാനെത്തിയത്.
കെപിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റിയതിൽ നിരാശയുണ്ടെന്ന കെ സുധാകരന്റെ പ്രസ്‌താവനയിൽ പ്രതികരിക്കാൻ സണ്ണി ജോസഫ് തയ്യാറായില്ല.









0 comments