കേരളത്തിന് അഭിമാന നിമിഷം
കെ സ്മാർട്ടും ഡിജി കേരളവും രാജ്യത്തിന് മാതൃക; സംസ്ഥാനത്തിന്റെ മൂന്ന് പദ്ധതികളെ പ്രശംസിച്ച് കേന്ദ്രം

തിരുവനന്തപുരം: കേരളത്തിന്റെ തദ്ദേശ സ്വയംഭരണ ചരിത്രത്തിന് വീണ്ടും ദേശീയ അംഗീകാരം. സംസ്ഥാന സർക്കാർ നടപ്പിലാക്കിയ മൂന്ന് സുപ്രധാന പദ്ധതികളെ രാജ്യത്തിന് തന്നെ മികച്ച മാതൃകകളായി കേന്ദ്ര സർക്കാർ ഔദ്യോഗികമായി എടുത്തുപറഞ്ഞു. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെ നടപ്പിലാക്കിയ 'ഡിജി കേരളം', 'യൂണിവേഴ്സൽ പാലിയേറ്റീവ് കെയർ', 'കെ സ്മാർട്ട്' (K-SMART) എന്നീ പദ്ധതികളാണ് കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയത്തിന്റെ പ്രത്യേക റിപ്പോർട്ടിൽ ഇടംപിടിച്ചത്. മന്ത്രാലയം പുറത്തിറക്കിയ "Compendium of Best Practices from States and Union Territories on Strengthening Panchayati Raj Institutions (2026)" എന്ന റിപ്പോർട്ടിലാണ് കേരളത്തിന്റെ ഈ ജനക്ഷേമ-സാങ്കേതിക മുന്നേറ്റങ്ങളെ പ്രശംസിച്ചിരിക്കുന്നത്.
താഴേത്തട്ടിലുള്ള ഡിജിറ്റൽ ശാക്തീകരണത്തിന്റെ മികച്ചൊരു ഉദാഹരണമായാണ് 'ഡിജി കേരളം' പദ്ധതിയെ കേന്ദ്രം അടയാളപ്പെടുത്തിയത്. ഡിജിറ്റൽ രംഗത്തെ വിടവുകൾ പൂർണമായി ഇല്ലാതാക്കാനും, സാർവത്രിക ഡിജിറ്റൽ സാക്ഷരത കൈവരിക്കാനും ഈ സംരംഭത്തിലൂടെ സാധിച്ചു. ഡിജിറ്റൽ യുഗത്തിന്റെ എല്ലാവിധ നേട്ടങ്ങളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി സമൂഹത്തിലെ സാധാരണക്കാരായ ഓരോ പൗരനിലേക്കും കൃത്യമായി എത്തിക്കുന്നതിൽ ഡിജി കേരളം നിർണായക പങ്ക് വഹിച്ചതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
കേരളത്തിന്റെ കാരുണ്യം നിറഞ്ഞതും ജനകേന്ദ്രീകൃതവുമായ ഭരണമാതൃകയുടെ ഉത്തമ ഉദാഹരണമായാണ് 'യൂണിവേഴ്സൽ പാലിയേറ്റീവ് കെയർ' പദ്ധതിയെ കേന്ദ്രം വിലയിരുത്തിയത്. തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതികളുടെ ഭാഗമായി പാലിയേറ്റീവ് കെയറിനെ കൃത്യമായി സംയോജിപ്പിക്കാൻ സംസ്ഥാനത്തിന് കഴിഞ്ഞു. ഇതിലൂടെ പാർശ്വവൽക്കരിക്കപ്പെട്ടവർക്കും രോഗബാധിതർക്കും അവരുടെ വീട്ടുപടിക്കൽ തന്നെ വ്യവസ്ഥാപിതവും മാന്യവുമായ പരിചരണവും ആശ്വാസവും ഉറപ്പാക്കാൻ സാധിച്ചു. മറ്റ് സംസ്ഥാനങ്ങൾക്ക് പിന്തുടരാവുന്ന ഒരു മികച്ച ദേശീയ മാതൃകയാണിത്.
പൊതുജന സേവന വിതരണത്തിൽ വിപ്ലവകരമായ മാറ്റം കുറിച്ച 'കെ സ്മാർട്ട്' ഡിജിറ്റൽ ഗവേണൻസ് പ്ലാറ്റ്‌ഫോമും കേന്ദ്രത്തിന്റെ പ്രത്യേക പ്രശംസ നേടി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സേവനങ്ങൾ പൂർണമായും സുതാര്യവും പേപ്പർരഹിതവുമാക്കാൻ കെ സ്മാർട്ടിലൂടെ സാധിച്ചു. ജനങ്ങൾക്ക് ആവശ്യമായ സർട്ടിഫിക്കറ്റുകളും സേവനങ്ങളും വളരെ വേഗത്തിൽ വിരൽത്തുമ്പിൽ ലഭ്യമാക്കുന്ന ഈ അത്യാധുനിക സാങ്കേതിക മുന്നേറ്റം രാജ്യം മുഴുവൻ മാതൃകയാക്കേണ്ട ഒന്നാണെന്ന് റിപ്പോർട്ട് അടിവരയിടുന്നു.









0 comments