print edition അന്ന് കാത്തിരുന്നു... ഇത് അപ്രതീക്ഷിതം...

മികച്ച ഗായകനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ച സന്തോഷത്തിൽ അമ്മൂമ്മ ഓമനക്കുട്ടിക്ക് സ്നേഹചുംബനം നൽകുന്ന കെ എസ് ഹരിശങ്കർ. അമ്മ ലക്ഷ്മിയും ഭാര്യ ഗാഥയും സമീപം
ആന്‍സ് ട്രീസ ജോസഫ്
Published on Nov 04, 2025, 03:33 AM | 1 min read
തിരുവനന്തപുരം
മേടയില്‍ വീട്ടിലെ പുതിയ സ്റ്റുഡിയോയില്‍ റെക്കോഡിങ്ങിന്റെ തിരക്കിനിടെയാണ് ഓമനക്കുട്ടിടീച്ചറുടെ പ്രിയപ്പെട്ട പേരക്കുട്ടി ശങ്കുവിനെ തേടി അവാര്‍ഡ് വാര്‍ത്ത എത്തിയത്. ഒമ്പത് വര്‍ഷത്തെ കരിയറിലെ ആദ്യ സംസ്ഥാന അവാര്‍ഡ്. 2025ല്‍ വീട്ടിലേക്കെത്തിയ രണ്ടാമത്തെ പുരസ്കാരത്തിന്റെ സന്തോഷത്തിലാണ് ഇൗ സംഗീത കുടുംബം. ഓമനക്കുട്ടിക്ക് രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ പത്മശ്രീ ലഭിച്ചതിനു പിന്നാലെയാണ് കൊച്ചുമകന്‍ കെ എസ് ഹരിശങ്കറിന് സംസ്ഥാന ചലച്ചിത്ര അവാര്‍ഡിലെ മികച്ച ഗായകനുള്ള പുരസ്കാരം എത്തിയത്.
ടൊവിനോ തോമസ് നായകനായ എആര്‍എമ്മിലെ "കിളിയെ തത്തക്കിളിയെ' എന്ന പാട്ടാണ് പുരസ്കാരത്തിന് അര്‍ഹനാക്കിയത്. അവാര്‍ഡ് പ്രഖ്യാപിക്കുമ്പോള്‍ ഹരിശങ്കറും ഭാര്യ ഗാഥയും സ്റ്റുഡിയോയില്‍ ആയിരുന്നു. അമ്മ ഡോ. എം കമലാലക്ഷ്മിയും അമ്മൂമ്മ ഓമന ടീച്ചറും ബാങ്കിലും. അവാര്‍ഡിന്റെ സന്തോഷം ബാങ്കിലെ ജീവനക്കാരുമായി പങ്കുവച്ച് വീട്ടിലെത്തുമ്പോള്‍ അവരുടെ ശങ്കുവിനെ ചുറ്റി മാധ്യമപ്രവര്‍ത്തകര്‍. അതൊന്നും കാര്യമാക്കാതെ ഓടിയെത്തി കൊച്ചുമകനെ ചേര്‍ത്തുപിടിച്ചു പറഞ്ഞു "അടിച്ചുമോനെ, ഇത് നമ്മള്‍ കാത്തിരുന്നതാണ്...' തീവണ്ടിയിലെ ജീവാംശമായി താനെ എന്ന പാട്ടിന് അവാര്‍ഡ് പ്രതീക്ഷിച്ചിരുന്നതാണ്. പക്ഷേ എല്ലാത്തിനും അതിന്റേതായ സമയമുണ്ടല്ലോയെന്ന് ഓമനക്കുട്ടി പറഞ്ഞു.
‘‘അച്ഛനും അമ്മൂമ്മയുമാണ് സംഗീതത്തിലെ ഗുരുക്കന്മാർ. അച്ഛന്‍ ഒരുപാട് ആഗ്രഹിച്ചതാണ് എന്റെയീ നേട്ടം. അച്ഛനുള്ളതാണ് ഈ അവാര്‍ഡ്’’– ഹരിശങ്കര്‍ പറയുന്നു.
ഹരിശങ്കറിന്റെ അച്ഛന്‍ പരേതനായ ആലപ്പുഴ കെ എസ് ശ്രീകുമാര്‍, കര്‍ണാടക സംഗീതജ്ഞനും സ്വാതിതിരുനാള്‍ സംഗീത കോളേജിലെ മുന്‍ പ്രിന്‍സിപ്പലുമായിരുന്നു. സഹോദരന്‍ രവിശങ്കർ വയലിനിസ്റ്റാണ്. അമ്മൂമ്മ കെ ഓമനക്കുട്ടിയുടെ സഹോദരന്മാരാണ് പരേതനായ എം ജി രാധാകൃഷ്ണനും ഗായകൻ എം ജി ശ്രീകുമാറും.









0 comments