പരുന്തുംപാറ ഭൂമി കൈയേറ്റം അന്വേഷിക്കുന്നതിന് 15 അംഗ സംഘം; കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ രാജൻ

തിരുവനന്തപുരം: ഇടുക്കി ജില്ലയിലെ പരുന്തുംപാറയിലെ ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട കർശനമായ നടപടികൾ സ്വീകരിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. കൈയേറ്റ വിഷയവുമായി ബന്ധപ്പെട്ട് റവന്യൂ മന്ത്രിയുടെ അധ്യക്ഷതയിൽ അടിയന്തര ഉന്നതതല യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. വിശദമായ അന്വേഷണത്തിനായി 15 പേരടങ്ങുന്ന റവന്യൂ സംഘത്തെ സ്ഥലത്ത് നിയോഗിച്ചിട്ടുണ്ട്. അവർക്കാവശ്യമായ ടേംസ് ഓഫ് റഫറൻസും യോഗത്തിൽ മന്ത്രി നിർദേശിച്ചു.
അന്വേഷണത്തിന്റെ പുരോഗതി എല്ലാ ദിവസവും ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ അവലോകനം നടത്തും. മഞ്ചുമല, പീരുമേട് വില്ലേജുകളിലെ കേരള ലാൻഡ് കൺസർവൻസി ആക്ട് പ്രകാരമുള്ള കേസുകളുടെ സ്ഥിതിവിവരം നാളെ വൈകീട്ടോടെ തയ്യാറാക്കി റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി നിർദേശം നൽകി. ഡിജിറ്റൽ സർവേ നടന്ന മഞ്ചുമല വില്ലേജിലെ റിസർവേ രേഖകൾ സർവേ ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിൽ പരിശോധിക്കും.
സ്ഥലത്ത് നിരോധനാജ്ഞ നിലനിൽക്കുകയാണ്. നിരോധനാജ്ഞ ലംഘിച്ചതിന് ഏഴ് പേർക്കെതിരേ ക്രിമിനൽ കേസുകൾ ചുമത്തിയിട്ടുണ്ട്. പൊലീസ് മേധാവിയുമായി ബന്ധപ്പെട്ട് സ്ഥലത്ത് പൊലീസ് പിക്കറ്റ് ആരംഭിക്കാൻ മന്ത്രി നിർദേശം നൽകി. പരുന്തുംപാറയിലെ ഭൂമിയുമായി ബന്ധപ്പെട്ട വെരിഫിക്കേഷൻ ഒരാഴ്ചക്കകം പൂർത്തീകരിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിനും മന്ത്രി നിർദേശം നൽകി. ഇടുക്കി ജില്ലയിലെ സമാനമായ എല്ലാ കേസുകളിലും ഈ നടപടി വ്യാപിപ്പിക്കുവാനും യോഗം തീരുമാനിച്ചതായി റവന്യൂ മന്ത്രി കെ രാജൻ അറിയിച്ചു.
യോഗത്തിൽ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, ലാൻഡ് റവന്യൂ കമ്മീഷണർ എ കൗശികൻ, ജോയിന്റ് കമ്മീഷണർ എ ഗീത, ജില്ലാ കലക്ടർ വിഘ്‌നേശ്വരി, സർവേ, റവന്യൂ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.









0 comments