ad
Deshabhimani

print edition തദ്ദേശ ഫണ്ട് തടഞ്ഞതിന്‌ ന്യായീകരണമില്ല: കെ എൻ ബാലഗോപാൽ

K N Balagopal Press Meet
വെബ് ഡെസ്ക്

Published on Jul 30, 2026, 12:00 AM | 1 min read

കൊല്ലം: നിരവധി സാമ്പത്തിക സ്രോതസുകൾ ലഭ്യമായിട്ടും തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട് തടഞ്ഞുവയ്ക്കുന്ന സംസ്ഥാന സർക്കാരിന്റെ നടപടി ന്യായീകരിക്കാനാകില്ലെന്ന്‌ സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം കെ എൻ ബാലഗോപാൽ എംഎൽഎ പറഞ്ഞു.


16–-ാം ധനകാര്യ കമീഷൻ നികുതി വിഹിതം വർധിപ്പിച്ചതുവഴി 10,000 കോടി രൂപ, ജിഎസ്ടി, കേന്ദ്ര നികുതി വിഹിതം വർധനവിലൂടെ 6,600 കോടി, നടപ്പുസാമ്പത്തിക വർഷത്തെ ആദ്യ നാലുമാസത്തിൽ സർക്കാരെടുത്ത റെക്കോഡ് കടം 17,800 കോടി രൂപ എന്നിങ്ങനെ ലഭിച്ചിട്ടും തദ്ദേശ സ്ഥാപനങ്ങൾക്കുള്ള ഫണ്ട്‌ നൽകാത്തതിനാൽ ദൈനംദിന പ്രവർത്തനങ്ങളും ജനക്ഷേമ പദ്ധതികളും സ്തംഭനാവസ്ഥയിലാണ്‌–കെ എൻ ബാലഗോപാൽ പറഞ്ഞു.


2026 ജനുവരിയിൽ അവതരിപ്പിച്ച ബജറ്റിൽ തദ്ദേശ സ്ഥാപനങ്ങൾക്കായി 10,189 കോടി രൂപയാണ് എൽഡിഎഫ്‌ സർക്കാർ വകയിരുത്തിയത്. എന്നാൽ, പുതുക്കിയ ബജറ്റിൽ 1,533.55 കോടി രൂപ വെട്ടിക്കുറച്ചു. ബജറ്റ് പ്രസംഗത്തിൽ ഈ കുറവ് പരിഹരിക്കുമെന്ന് വി ഡി സതീശൻ പറഞ്ഞെങ്കിലും ധനവിനിയോഗ ബില്ലിൽ തുക ഉൾപ്പെടുത്തിയില്ല.


കഴിഞ്ഞ സാമ്പത്തിക വർഷാവസാനം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടംമൂലം തദ്ദേശസ്ഥാപനങ്ങൾക്ക് മൂന്നാം ഗഡു വിനിയോഗിക്കാനായില്ല. ഈ തുക സ്പിൽ ഓവറായി നൽകാൻ സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല. പുതുക്കിയ ബജറ്റിലെ കണക്കുകൾ ഐകെഎം സോഫ്റ്റ്‌വെയറിൽ അപ്‌ഡേറ്റ് ചെയ്തിട്ടില്ല. അതിനാൽ നടപ്പു സാമ്പത്തിക വർഷത്തെ വികസന ഫണ്ടിന്റെയും മെയിന്റനൻസ് ഫണ്ടിന്റെയും ഒന്നാം ഗഡുപോലും തദ്ദേശ സ്ഥാപനങ്ങൾക്ക് അനുവദിക്കാനായിട്ടില്ല.


ഫണ്ടുകളുടെ അഭാവം കാരണം ഭിന്നശേഷിക്കാർ, വയോജനങ്ങൾ, കിടപ്പുരോഗികൾ, അതിദരിദ്രർ എന്നിവർക്കുള്ള സേവനങ്ങൾ മുടങ്ങി. പാലിയേറ്റീവ് കെയർ, ഡയാലിസിസ് സഹായം, കോക്ലിയർ ഇംപ്ലാന്റേഷൻ, ജനകീയ ഹോട്ടലുകൾ, വയോമിത്രം, ബഡ്സ് സ്കൂളുകൾ എന്നിവയുടെ പ്രവർത്തനങ്ങളും പ്രതിസന്ധിയിലാണ്. റവന്യൂ കമ്മി ഗ്രാൻഡ് ലഭിക്കാത്തതാണ് പ്ലാൻ ഫണ്ട് വെട്ടിക്കുറക്കാൻ കാരണമെന്ന സർക്കാർവാദം അടിസ്ഥാനരഹിതമാണ്.


ഗ്രാൻഡ് ഇല്ലാതിരുന്ന മുൻവർഷങ്ങളിലും പ്ലാൻ സൈസ് വർധിപ്പിച്ചുനൽകിയിട്ടുണ്ട്‌. വെട്ടിക്കുറച്ച ഫണ്ട് ഉടൻ പുനഃസ്ഥാപിക്കണം. വിനിയോഗിക്കാൻ കഴിയാതെപോയ തുക സ്പിൽ ഓവറായി ഉടൻ അനുവദിക്കണം. ഐകെഎം സോഫ്റ്റ്‌വെയറിലെ പ്രശ്നങ്ങൾ പരിഹരിച്ച് നടപ്പുസാമ്പത്തിക വർഷത്തെ ഫണ്ടുകളുടെ ആദ്യ ഗഡു വിതരണം ചെയ്യണം– കെ എൻ ബാലഗോപാൽ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home