print edition കസ്റ്റഡി മർദനത്തിൽ മരണം; കുറ്റവാളികൾക്ക് മുഖ്യമന്ത്രി ക്ലീൻചിറ്റ് നൽകുന്നു

എ ഐ നിർമിത ചിത്രം
കൊല്ലം: പൊലീസിന്റെ ക്രൂരമർദനത്തിന് ഇരയായി കുണ്ടറയിലെ സിയാദ് മരിച്ച കേസ് അന്വേഷിക്കും മുമ്പ് തന്നെ മുഖ്യമന്ത്രി കുറ്റവാളികൾക്ക് ക്ലീൻ ചിറ്റ് നൽകുകയാണെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം കെ എൻ ബാലഗോപാൽ പറഞ്ഞു. കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടാണിത്. ഇതിൽ ഗൂഢാലോചന സംശയിക്കുന്നു. കേസ് മറ്റ് ഏജൻസികൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെടേണ്ട സാഹചര്യമാണ്– ബാലഗോപാൽ പറഞ്ഞു.
ബുധനാഴ്‌ച മന്ത്രിസഭാ സമ്മേളനത്തിനുശേഷം മുഖ്യമന്ത്രി നടത്തിയ വാർത്താസമ്മേളനത്തിൽ സിയാദ് മരിച്ചത് മഞ്ഞപ്പിത്തം ബാധിച്ചാണെന്നാണ് പറഞ്ഞത്. മരണത്തെക്കുറിച്ച് ആദ്യം തന്നെ നിഗമനത്തിലെത്തിയാൽ പിന്നെ അന്വേഷണത്തിന് എന്താണ് പ്രസക്തി. കേസ് അന്വേഷിക്കുന്നതിനുമുമ്പ് തന്നെ കുറ്റവാളികൾക്ക് ക്ലീൻ ചിറ്റ് നൽകുകയാണ് മുഖ്യമന്ത്രി. ഇങ്ങനെയൊരു മുഖ്യമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും കീഴിലുള്ള പൊലീസ് അന്വേഷിച്ചാൽ കേസിലെ വസ്‍തുതകൾ പുറത്തുവരില്ല.
സിയാദിനെ നിയമവിരുദ്ധമായി പിടിച്ചുകൊണ്ടുപോയി പൊലീസ് കസ്റ്റഡിയിൽ മർദിച്ചു എന്നതിൽ ആർക്കും തർക്കമില്ല. സ്വകാര്യ ബസ് ഡ്രൈവറായി ജോലി ചെയ്‌തിരുന്ന സിയാദിനെ പൊലീസ് പിടിച്ചുകൊണ്ടുപോയശേഷമാണ് ഏഴുന്നേറ്റ് നടക്കാൻ വയ്യാത്ത അവസ്ഥയിലായത്. ആശുപത്രിയിലെത്തിക്കുമ്പോൾ വാരിയല്ല് തകർന്ന നിലയിലായിരുന്നു. എന്നാൽ, പൊലീസിന് ഒരു കുഴപ്പം പറ്റിയിട്ടില്ലെന്നും വേറെ ആരോ മർദിച്ചെന്നുമാണ് മുഖ്യമന്ത്രിയുടെ വാദമെന്നും കെ എൻ ബാലഗോപാൽ പറഞ്ഞു.










0 comments