കേരളജനത മുട്ടുമടക്കില്ല : ധനമന്ത്രി കെ എൻ ബാലഗോപാൽ
print edition കടമെടുപ്പ് പരിധി വെട്ടിക്കുറച്ചത് പിൻവലിക്കണം , അർഹമായ 22,360 കോടി രൂപ വിട്ടുനൽകണം ; കേന്ദ്രത്തോട് കേരളം

ന്യൂഡൽഹി
സാമ്പത്തികവർഷത്തിന്റെ അവസാനപാദത്തിൽ കേരളത്തിന്റെ അർഹമായ കടമെടുപ്പ് പരിധിയിൽനിന്ന് 6000 കോടിയോളം രൂപ വെട്ടിക്കുറച്ചത് അടക്കം സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കുന്ന നടപടികളിൽനിന്ന് പിന്തിരിയണമെന്ന് സംസ്ഥാന ധനമന്ത്രി കെ എൻ ബാലഗോപാൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനെ കണ്ട് ആവശ്യപ്പെട്ടു. ഇതടക്കം വിവിധയിനങ്ങളിൽ 22360 കോടി രൂപ നടപ്പുവർഷം കേരളത്തിന് കിട്ടേണ്ടതുണ്ടെന്നും അതിനാവശ്യമായ തീരുമാനമെടുക്കണമെന്നും നിവേദനത്തിൽ ബാലഗോപാൽ പറഞ്ഞു.
കടമെടുപ്പ് പരിധി അന്യായമായി വെട്ടിക്കുറയ്‌ക്കുന്നത് അടക്കം കേന്ദ്രം സ്വീകരിക്കുന്ന നടപടികൾ കേരളത്തെ വലിയ സാമ്പത്തികപ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്. മുഖ്യമന്ത്രി രണ്ടുവട്ടം ധനമന്ത്രിയെ കണ്ട് സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ ഉന്നയിരിച്ചിരുന്നു. എന്നാൽ അനുഭാവപൂർവമായ തീരുമാനമുണ്ടായില്ല. നിലവിലെ ജിഎസ്‌ടി പരിഷ്‌കാരം നടപ്പുവർഷം 8000 കോടി രൂപയുടെ നഷ്‌ടം കേരളത്തിന് സൃഷ്‌ടിക്കും. അമേരിക്ക ചുമത്തിയ 50 ശതമാനം പ്രതികാരത്തീരുവ കയറ്റുമതി മേഖലയിൽ നിന്നുള്ള കേരളത്തിന്റെ 2500 കോടി രൂപയുടെ വരുമാനം ഇല്ലാതാക്കും. ഇൗ സാഹചര്യങ്ങൾകൂടി പരിഗണിച്ച് കടമെടുപ്പ് പരിധി അടക്കം താഴെ പറയുന്ന ആറ് കാര്യങ്ങളിൽ അനുഭാവപൂർവമായ തീരുമാനമുണ്ടാകണം.
• ഐജിഎസ്‌ടി ഇനത്തിൽ വെട്ടിക്കുറച്ച 965.16 കോടി രൂപ പുനഃസ്ഥാപിക്കണം. • ഗ്യാരണ്ടി റിഡംപ്‌ഷൻ ഫണ്ടിന് രൂപം നൽകിയില്ലെന്ന കാരണത്താൽ കടമെടുപ്പ് പരിധിയിൽനിന്ന് 3323 കോടി രൂപ കുറച്ചിരുന്നു. 250 കോടി രൂപ മുതൽമുടക്കിൽ നിലവിൽ ഫണ്ടിന് രൂപം നൽകിയിട്ടുള്ള സാഹചര്യത്തിൽ വെട്ടിക്കുറച്ച 3323 കോടി രൂപ പുനഃസ്ഥാപിക്കണം.
• ബജറ്റിന് പുറമെയുള്ള കടമെടുപ്പ് എന്ന പേരിൽ നിലവിലെ കടമെടുപ്പ് പരിധിയിൽനിന്ന് വെട്ടിക്കുറച്ച 5944 കോടി രൂപ പുനഃസ്ഥാപിക്കണം.
• നടപ്പുവർഷത്തെ സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉൽപ്പാദനവും കടമെടുപ്പ് പരിധിയും ധനകമീഷൻ ശുപാർശകൾ പ്രകാരം പുനഃനിർണയിച്ചുകൊണ്ട് അർഹമായ 4250 കോടി രൂപയുടെ കൂടി കടമെടുപ്പിന് അനുവദിക്കുക.
• സംസ്ഥാനത്തിന്റെ അന്തിമമായ ആഭ്യന്തര ഉൽപ്പാദന കണക്ക് പുറത്തുവരുംവരെ കഴിഞ്ഞ സാമ്പത്തികവർഷം വെട്ടിക്കുറച്ച 1877.58 കോടി രൂപ പുനഃസ്ഥാപിക്കുക.
• ദേശീയപാത വികസനത്തിന് ഭൂമി ഏറ്റെടുക്കാൻ മുതൽമുടക്കിയ 6000 കോടി രൂപ അധിക മൂലധന ചെലവായി പരിഗണിച്ച് അത്രയുംതന്നെ തുക കടമെടുക്കാൻ അനുവദിക്കുക.
കേരളജനത മുട്ടുമടക്കില്ല : ധനമന്ത്രി കെ എൻ ബാലഗോപാൽ
രാഷ്ട്രീയകാരണങ്ങളാൽ കേന്ദ്രസർക്കാർ എത്രതന്നെ സാമ്പത്തികമായി ഞെരുക്കാൻ ശ്രമിച്ചാലും കേരള ജനത മുട്ടുമടക്കില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. പ്രതിപക്ഷ സംസ്ഥാനങ്ങളോട് കേന്ദ്രസർക്കാർ തുടരുന്ന പ്രതികാര സമീപനം അവസാനിപ്പിക്കണം. ഓരോ പാർടികളുടെയും രാഷ്ട്രീയം വ്യത്യസ്‌തമായിരിക്കും. എന്നാൽ ജനങ്ങൾക്കായി ഭരണഘടനയ്‌ക്കുള്ളിൽ നിന്നുകൊണ്ട് അടിസ്ഥാനപരമായി ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. അത് മറക്കരുത്. പ്രതികാര രാഷ്ട്രീയവുമായി മുന്നോട്ടുപോയാൽ അതിനെ ആ നിലയിൽ കേരളം നേരിടും.
ഇന്ത്യയെന്നാൽ സംസ്ഥാനങ്ങളുടെ യൂണിയൻ ആണ്. കേന്ദ്രവും സംസ്ഥാനങ്ങളും യോജിച്ചുനീങ്ങുന്ന അന്തരീക്ഷമാണ് വേണ്ടത്. കഴിഞ്ഞ 10 വർഷകാലയളവിൽ വലിയ സാമ്പത്തികുതിപ്പാണ് കേരളം കൈവരിച്ചതെന്ന് ആർബിഐ കണക്കുകൾ പറയുന്നുണ്ട്. ആഭ്യന്തര ഉൽപ്പാദനത്തിലും പ്രതിശീർഷ വരുമാനത്തിലുമെല്ലാം ഇരട്ടിയിലേറെ വർധനവുണ്ടായി. ഇൗ കുതിപ്പിന് തടയിടാനാണ് കേന്ദ്രത്തിന്റെ ശ്രമം. കോൺഗ്രസിനും ബിജെപിക്കും ഇക്കാര്യത്തിൽ മിണ്ടാട്ടമില്ല– ബാലഗോപാൽ പറഞ്ഞു.









0 comments