കേരളം ഉയർന്ന പ്രതിശീർഷ വരുമാനമുള്ള സംസ്ഥാനം

നികുതിവരുമാനത്തിൽ 15.85%, 
നികുതിയേതര വരുമാനത്തിൽ 17.4% വർധന : ധനമന്ത്രി

k n balagopal
വെബ് ഡെസ്ക്

Published on Mar 19, 2025, 01:48 AM | 2 min read

തിരുവനന്തപുരം : സംസ്ഥാനത്തിന്റെ നികുതിവരുമാനം 15.8 ശതമാനവും നികുതിയേതര വരുമാനം 17.4 ശതമാനവും വർധിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ. റവന്യൂ സമാഹരണത്തിലെ കേരളത്തിന്റെ നേട്ടങ്ങളെ നിതി ആയോഗിന്റെ സാമ്പത്തിക ആരോഗ്യ സൂചികയിൽ പ്രകീർത്തിച്ചിട്ടുണ്ടെന്നും ധനമന്ത്രി നിയമസഭയിൽ പറഞ്ഞു.


വരുമാനം ഉയർത്തുന്നതിനൊപ്പം ചെലവുകളുടെ കാര്യക്ഷമതയും ഗുണവും ഉൽപാദനക്ഷമതയും വർധിപ്പിക്കുകയും അനാവശ്യ ചെലവ്‌ തടഞ്ഞ് ധനദൃഢീകരണം സാധ്യമാക്കുകയുമാണ്‌ സർക്കാർ നയം.


ആവർത്തന സ്വഭാവമുള്ള ഭരണച്ചെലവുകൾ നിയന്ത്രിച്ചു. വിദേശയാത്ര, വിമാനയാത്ര, ടെലിഫോൺ ചാർജ്‌, ഉദ്യോഗസ്ഥ പുനർവിന്യാസം, വാഹനം വാങ്ങൽ, കെട്ടിടം മോടിപിടിപ്പിക്കൽ എന്നിവയ്‌ക്കും നിയന്ത്രണമുണ്ട്‌.


വികസനത്തിനൊപ്പം ക്ഷേമപ്രവർത്തനവും മുന്നോട്ടുകൊണ്ടുപോകാനാണ്‌ പണഞെരുക്കത്തിനിടയിലും ശ്രമം. സർക്കാർ അഞ്ചുവർഷം പൂർത്തിയാക്കുമ്പോൾ ചുരുങ്ങിയത് 50,000 കോടിയിലധികം രൂപ ക്ഷേമപെൻഷനായി വിതരണംചെയ്‌തുകഴിയും.


പ്രകൃതിദുരന്തം, നോട്ടുനിരോധനം, കേന്ദ്ര നികുതിവിഹിതത്തിലെ കുറവ്, കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ഭേദഗതി, കടമെടുപ്പ് പരിധി വെട്ടിക്കുറച്ചത്‌ എന്നിവ പണഞെരുക്കമുണ്ടാക്കി. 2020–-21 മുതൽ 2023–-24വരെ മാത്രം സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽ 28,848 കോടി രൂപ കുറവുവരുത്തിയെന്നും- മന്ത്രി പറഞ്ഞു.


കേരളം ഉയർന്ന പ്രതിശീർഷ വരുമാനമുള്ള സംസ്ഥാനം

ഉയർന്ന പ്രതിശീർഷ വരുമാനമുള്ള ഇന്ത്യയിലെ ആദ്യ ഏഴ് സംസ്ഥാനങ്ങളിലൊന്ന്‌ കേരളം. 2023-–-24ൽ സംസ്ഥാനത്തിന്റെ പ്രതിശീർഷ ജിഎസ്ഡിപി സ്ഥിരവില 5.5 ശതമാനം വർധിച്ച് 1,76,072 രൂപയായെന്ന്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ പറഞ്ഞു. ദേശീയശരാശരി 1,24,600 രൂപയാണ്‌.


പ്രതീശീർഷ ശരാശരി വരുമാനം ദേശീയ ശരാശരിയേക്കാൾ 1.4 മടങ്ങ്‌ അധികമാണ്‌. സാക്ഷരത, ആയുർദൈർഘ്യം, ആരോഗ്യപരിപാലനം, വിദ്യാഭ്യാസം, കുറഞ്ഞ ശിശുമരണ നിരക്ക് മുതലായ മാനവിക വികസന സൂചകങ്ങളിൽ രണ്ട് ദശകമായി കേരളം ഒന്നാമതാണ്. കേരളത്തിന്റെ ധനകാര്യ മേഖലയെക്കുറിച്ച് നിതി ആയോഗിന്റെ 2023-ലെ മൾട്ടി ഡൈമെൻഷണൽ പോവർട്ടി ഇൻഡക്‌സ്‌ പ്രകാരം ദാരിദ്ര്യം ഏറ്റവും കുറഞ്ഞ സംസ്ഥാനമായി (സ്‌കോർ 0.002) തുടർച്ചയായി രണ്ടാമതും കേരളം തെരഞ്ഞെടുക്കപ്പെട്ടു. ‘സുസ്ഥിര വികസന ലക്ഷ്യങ്ങൾ: ഇന്ത്യ ഇൻഡക്സ് 2023-–-24' റിപ്പോർട്ടിൽ തുടർച്ചയായ നാലാംവർഷവും ഒന്നാമതാണ്‌.


കേന്ദ്ര സർക്കാർ അംഗീകരിച്ച സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ ഏറിയപങ്കും കേരളം ഇതിനോടകം സാക്ഷാത്‌കരിച്ചു. ഇന്ത്യ സ്‌കിൽസ് റിപ്പോർട്ട് 2024 പ്രകാരം ജോലിക്ക്‌ കൂടുതലാളുകളും ഇഷ്ടപ്പെടുന്ന സംസ്ഥാനവും കേരളമാണ്‌. ‘സ്റ്റേറ്റ് ബിസിനസ്സ് റിഫോംസ് ആക്‌ഷൻ പ്ലാൻ 2022 ’അനുസരിച്ച് മുപ്പതിൽ ഒമ്പത് പരിഷ്‌കരണ രംഗങ്ങളിൽ കേരളം ഏറ്റവും മികച്ച പ്രകടനം കാഴ്‌ചവച്ചതായും മന്ത്രി പറഞ്ഞു.





deshabhimani section

Related News

View More
0 comments
Sort by

Home