കടത്തിന്റെ വളർച്ചാനിരക്ക് കുറഞ്ഞു; 9.8 ശതമാനം മാത്രം
കേരളം രാജ്യത്ത് ഏറ്റവും കടംകുറച്ച സംസ്ഥാനം

തിരുവനന്തപുരം
കേരളം രാജ്യത്ത് ഏറ്റവും കടം കുറച്ച സംസ്ഥാനങ്ങളിലൊന്നാണെന്നും, കടക്കെണിയിലെന്നത് യാഥാർഥ്യവുമായി ബന്ധമില്ലാത്ത ആക്ഷേപമാണെന്നും മന്ത്രി കെ എൻ ബാലഗോപാൽ. കേരളത്തിന്റെ ആകെ കടം ഈ വർഷം 4,22,000 കോടിയാണ്.
ഇത് സംസ്ഥാനത്തിന്റെ മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ (ജിഎസ്‌ഡിപി) 33.9 ശതമാനമാണ്. ഇതു കുറഞ്ഞുകൊണ്ടിരിക്കുകയാണ്. മുൻപ് ഒരോ അഞ്ച് വർഷം കൂടുന്തോറും ആകെ കടബാധ്യത ഇരട്ടിയാകുകയായിരുന്നു പതിവ്. 2010 – 11ൽ ആകെ ബാധ്യത 78,673 കോടിയായിരുന്നു. 2015 –16ൽ ഇത് 1,57,370 കോടിയായി. 2020–21ൽ 2,96,901 കോടി രൂപയായി വർധിച്ചു. ഈ പ്രവണത അനുസരിച്ച് 2025 –26ൽ ബാധ്യത ഏകദേശം ആറുലക്ഷം കോടി രൂപയാകണം. ഫലത്തിൽ 4.65 ലക്ഷം കോടിയിൽ ആകെ ബാധ്യത നിൽക്കുമെന്ന് ഉറപ്പാണ്. സംസ്ഥാനത്തിന് ഇക്കാലയളവിൽ അർഹതപ്പെട്ട വായ്‌പകൾ എടുക്കുന്നതിന് അനുമതി നൽകിയിരുന്നുവെങ്കിൽ, വികസന – ക്ഷേമ മേഖലകളിൽ കൂടുതൽ കാര്യങ്ങൾ ഏറ്റെടുക്കാനാകുമായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയുടെ ആരോഗ്യം പരിശോധിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണ് കടം – ജിഎസ്‌ഡിപി അനുപാതം. ഈ അനുപാതം നോക്കിയാൽ യുഡിഎഫ് സർക്കാരുകളുടെ കാലത്താണ് ആരോഗ്യകരമല്ലാത്ത കടം എടുത്തിട്ടുള്ളത്. 2001–06 കാലത്ത് യുഡിഎഫ് സർക്കാരിന്റെ കാലത്ത് ജിഎസ്‌ഡിപി വളർച്ച 13.1 ശതമാനമായിരുന്നു. കടത്തിന്റെ വളർച്ചാ നിരക്ക് 14.3 ശതമാനവും. 2006–11ൽ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ജിഎസ്‌ഡിപി വളർച്ച 13.7 ശതമാനമായപ്പോൾ കടത്തിന്റെ വളർച്ച 11.4 ശതമാനമായി താഴ്‌ന്നു. വീണ്ടും 2011–16ൽ യുഡിഎഫ് കാലത്ത് ജിഎസ്‌ഡിപി വളർച്ച 11.6 ശതമാനമായി കുറഞ്ഞപ്പോൾ കടത്തിന്റെ വളർച്ച 14.9 ശതമാനമായി കുതിച്ചു. 2016–21 കാലത്ത് പ്രളയം, കോവിഡ് തുടങ്ങി ദുരന്തങ്ങളുടെ സാഹചര്യത്തിൽ വളർച്ച നിരക്ക് 6.8 ശതമാനമായി കുറഞ്ഞു.
കടത്തിന്റെ വളർച്ചാ നിരക്ക് 13.5 ശതമാനമായി. രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് 2021–25 കാലഘട്ടത്തിൽ ജിഎസ്‌ഡിപി വളർച്ചാ നിരക്ക് ശരാശരി 13.5 ശതമാനമായി ഉയർന്നപ്പോൾ കടത്തിന്റെ വളർച്ചാ നിരക്ക് ശരാശരി 9.8 ശതമാനം മാത്രമാണ്. അതേ സമയം കേന്ദ്രത്തിന്റെ ആകെ കടം 155 ലക്ഷം കോടി രൂപയാണെന്നും മന്ത്രി പറഞ്ഞു.








0 comments