സീനിയർ നേതാക്കളിരുന്ന കസേരയാണ് കെപിസിസി പ്രസിഡന്റിന്റേത്, പുതിയവർ പോരെന്ന് തോന്നാം: കെ മുരളീധരൻ

തിരുവനന്തപുരം: സീനിയർ നേതാക്കൾ ഇരുന്ന കസേരയാണ് കെപിസിസി പ്രസിഡന്റിന്റേതെന്നും അവരുമായി താരതമ്യം ചെയ്യുമ്പോൾ പുതിയ ആളുകൾ പോരെന്ന് തോന്നാമെന്നും -മുൻ കെപിസിസി പ്രസിഡന്റ് കെ മുരളീധരൻ. ഓൺലൈൻ ചാനൽ അഭിമുഖത്തിലാണ് മുതിർന്ന കോൺഗ്രസ് നേതാവ് കൂടിയായ മുരളീധരന്റെ പ്രതികരണം.
അഭിമുഖത്തിൽ ജനപ്രതിനിധികളെ കെപിസിസി ഭാരവാഹികളാക്കിയ നടപടി ശരിയായില്ലെന്നും കെ മുരളീധരൻ പറഞ്ഞു. ‘എംഎൽഎ, എംപി എന്നീ നിലകളിൽ ഒട്ടേറെ ജോലികൾ ജനപ്രതിനിധികൾക്ക് ചെയ്യാനുണ്ട്. അത് മുടങ്ങുന്നത് കോൺഗ്രസിന് ക്ഷീണമാകും. പുതിയ ടീം എത്ര നല്ലതാണെന്ന് പറഞ്ഞാലും ഇത്തരം ന്യൂനതകൾ കാണാതിരിക്കാനാകില്ല. സീനിയർ നേതാക്കൾ ഇരുന്ന കസേരയാണ് കെപിസിസി പ്രസിഡന്റിന്റേത്. അവരുമായി താരതമ്യം ചെയ്യുമ്പോൾ പുതിയ ആളുകൾ പോരെന്ന് തോന്നാം.’– മുരളീധരൻ പറഞ്ഞു.
ഹൈക്കമാൻഡിനെയും ബഹിഷ്‌കരിച്ചു
കെപിസിസി പുനഃസംഘടനയിലെ പ്രതിഷേധം ഹൈക്കമാൻഡിനെയും ബഹിഷ്‌കരിക്കുന്നതിലേക്ക് വളർന്നത് നേതൃത്വത്തെ ഞെട്ടിച്ചു. കോൺഗ്രസ് ഹൈക്കമാൻഡ് ഡൽഹിയിൽ വിളിച്ച നേതൃയോഗം കെ സുധാകരൻ ഉൾപ്പെടെ നാല് മുൻ കെപിസിസി പ്രസിഡന്റുമാർ ബഹിഷ്‌കരിച്ചു. കെ മുരളീധരൻ, വി എം സുധീരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരാണ് വിട്ടുനിന്ന മറ്റുള്ളവർ. കെപിസിസിയുടെ പുതിയ ഭാരവാഹികൾ ചുമതലയേറ്റ ചടങ്ങിൽനിന്ന് ഏഴ് എംപിമാർ വിട്ടുനിന്നതിന് പിന്നാലെയാണിത്.
വിവാദങ്ങൾക്കും നാടകീയതയ്‌ക്കുമൊടുവിൽ കെപിസിസിക്ക് പുതിയ പ്രസിഡന്റായെങ്കിലും കോൺഗ്രസിൽ കലഹം രൂക്ഷമാകുകയാണ്. ഭാരവാഹികളെ പ്രഖ്യാപിച്ചതിലെ അതൃപ്‌തി നേതാക്കൾ പരസ്യമാക്കി. ചുമതലയേൽക്കൽ ചടങ്ങിൽ പങ്കെടുത്ത നേതാക്കൾ തിരുവനന്തപുരത്തുനിന്ന് ഡൽഹിക്ക് തിരിച്ചപ്പോൾ കെ സുധാകരൻ കണ്ണൂരിലേക്ക് മടങ്ങി. പദവിയിൽനിന്ന് മാറ്റിയതിൽ ഹൈക്കമാൻഡിനോടുള്ള അതൃപ്തി സുധാകരന് മാറിയിട്ടില്ല. പുനഃസംഘടന ആലോചിച്ചില്ലെന്ന പരാതി എംപിമാരടക്കം മറ്റ് നേതാക്കൾക്കുണ്ട്.
കെപിസിസി സഹഭാരവാഹികളെ നിയമിക്കൽ, ഡിസിസി പുനഃസംഘടന എന്നിവകൂടിയായിരുന്നു ഡൽഹി യോഗത്തിന്റെ അജൻഡ. അർഹമായ പ്രാതിനിധ്യം കിട്ടിയില്ലെങ്കിൽ മിണ്ടാതിരിക്കില്ലെന്ന് ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കൾ പറയുന്നു. കെ സി വേണുഗോപാൽ ഏകപക്ഷീയമായി തീരുമാനമെടുക്കുകയാണെന്ന ആക്ഷേപവും ശക്തം.
ശശി തരൂർ, ഡീൻ കുര്യാക്കോസ്, ആന്റോ ആന്റണി, രാജ്‌മോഹൻ ഉണ്ണിത്താൻ, എം കെ രാഘവൻ, വി കെ ശ്രീകണ്ഠൻ, ബെന്നി ബെഹ്നാൻ എന്നീ എംപിമാരാണ് സ്ഥാനമേൽക്കൽ ചടങ്ങ് ബഹിഷ്‌കരിച്ചത്. തന്നെ വീഴ്‌ത്തിയ ഉപജാപകസംഘം സണ്ണി ജോസഫിനെയും വീഴ്‌ത്താൻ ശ്രമിക്കുന്നുവെന്ന ആരോപണം ആന്റോ ആന്റണി ആവർത്തിച്ചു.
കൊടിക്കുന്നിലിനെതിരെ കൂട്ട ആക്രമണം
ദളിതരുൾപ്പെടെ പാർശ്വവൽക്കരിക്കപ്പെട്ടവരെ സുപ്രധാന സ്ഥാനങ്ങളിലേക്ക് പരിഗണിക്കാത്തിൽ പ്രതിഷേധം പരസ്യമായി പ്രകടിപ്പിച്ച കൊടിക്കുന്നിൽ സുരേഷിനെതിരെ നേതാക്കളുടെ കൂട്ട ആക്രമണം. കൊടിക്കുന്നിലിന്റെ വിമർശത്തിൽ കഴമ്പില്ലെന്നും ഒരു സഹഭാരവാഹി ദളിതനാണെന്നും എം എം ഹസ്സൻ പറഞ്ഞു. കൊടിക്കുന്നിലിന് എന്തെങ്കിലും പറയാനുണ്ടെങ്കിൽ എഐസിസിയിൽ പറഞ്ഞാൽ മതിയെന്നായിരുന്നു യുഡിഎഫിന്റെ പുതിയ കൺവീനർ അടൂർ പ്രകാശിന്റെ പ്രതികരണം.









0 comments