ചേറ്റൂർ ഗാന്ധിയനല്ലെന്ന്‌ കെ മുരളീധരൻ ; വെട്ടിലായി കോൺഗ്രസ്‌

k muraleedharan on Chettoor Sankaran Nair
വെബ് ഡെസ്ക്

Published on Apr 25, 2025, 12:46 AM | 1 min read


തിരുവനന്തപുരം : ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അധ്യക്ഷനായിരുന്ന, മലയാളിയായ ചേറ്റൂർ ശങ്കരൻനായരെ തട്ടിയെടുക്കാൻ ബിജെപി നടത്തുന്ന ശ്രമങ്ങൾക്ക്‌ ഊർജംപകർന്ന്‌ കോൺഗ്രസ്‌. ചേറ്റൂർ ഗാന്ധിയൻ അല്ലായിരുന്നുവെന്നും അതുകൊണ്ടാണ്‌ അവഗണന നേരിട്ടതെന്നുമുള്ള കെ മുരളീധരന്റെ പ്രസ്താവന വിവാദമായി.


തങ്ങളെ കോൺഗ്രസ്‌ നേതാക്കൾ തിരിഞ്ഞുനോക്കിയിട്ടില്ലെന്ന്‌ ചേറ്റൂരിന്റെ കുടുംബം പരാതിപ്പെട്ടപ്പോൾ ഇടപെടാനോ പ്രശ്നങ്ങൾക്ക്‌ പരിഹാരം കാണാനോ കോൺഗ്രസ്‌ നേതാക്കൾ ശ്രമിച്ചില്ല. ചരമദിനമായ വ്യാഴാഴ്‌ച ജന്മസ്ഥലമായ പാലക്കാട്‌ മങ്കരയിലെ സ്മൃതികുടീരത്തിൽ കോൺഗ്രസുകാർ എത്തിയില്ല. ബിജെപിക്കാർ പരിപാടി സംഘടിപ്പിച്ചുവെന്നറിഞ്ഞ്‌ ചിലർ ഓടിയെത്തുകയായിരുന്നു.


കേരളത്തിൽ പച്ചതൊടാൻ ബുദ്ധിമുട്ടാണെന്ന്‌ തിരിച്ചറിഞ്ഞാണ്‌ ബിജെപി കോൺഗ്രസ്‌ കുടുംബങ്ങളെ ചാക്കിട്ട്‌ പിടിക്കുന്നത്‌. ഈ നീക്കങ്ങളെപ്പോലും തടയാൻ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശനോ കെപിസിസി പ്രസിഡന്റ്‌ കെ സുധാകരനോ കഴിയാത്തതിൽ കോൺഗ്രസ്‌ നേതാക്കളിൽത്തന്നെ അമർഷമുണ്ട്‌.


അതിനിടയിലാണ്‌, ചേറ്റൂർ അവഗണിക്കപ്പെടേണ്ടയാളാണെന്ന്‌ തിരുവനന്തപുരത്ത്‌ കെപിസിസി സംഘടിപ്പിച്ച അനുസ്മരണപരിപാടിയിൽ കെ മുരളീധരൻ സൂചിപ്പിച്ചത്‌. ചേറ്റൂർ ഗാന്ധിയൻ നയങ്ങളെ പൂർണമായും തള്ളിയ ആളാണെന്നും അതുകൊണ്ടാണ്‌ ചേറ്റൂരിനെ അനുസ്മരിക്കാതിരുന്നത്‌ എന്നും അദ്ദേഹം പറഞ്ഞു. നിസ്സഹകരണ സമരത്തെ ചേറ്റൂർ എതിർത്തു. എന്നാൽ, ചേറ്റൂരിനെ ബിജെപിക്ക് വിട്ടുകൊടുക്കില്ലെന്നും പറഞ്ഞു.

ബിജെപിയിലേക്കുള്ള റിക്രൂട്ടിങ്‌ ഏജൻസിയായി കോൺഗ്രസ്‌ മാറുന്നതാണ്‌ ഗൗരവമേറിയ പ്രശ്നമെന്ന്‌ ഒരുവിഭാഗം നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. അവഗണിക്കുന്നുവെന്ന്‌ പരാതിപ്പെട്ടാലും പരിഗണിക്കാൻ തയ്യാറാകുന്നില്ല. എ കെ ആന്റണിയുടെ മകൻ അനിൽ ആന്റണി, പത്മജ വേണുഗോപാൽ, കെ കെ നാരായണൻ, പന്തളം സുധാകരന്റെ അനുജൻ പ്രതാപൻ, രാമൻനായർ, ജെ പ്രമീളാദേവി തുടങ്ങി നിരവധിപേർ ബിജെപി പാളയത്തിലെത്തി. ഇനി ചേറ്റൂർ കുടുംബത്തിന്റെ പേരുപറഞ്ഞ്‌ ആരെയും കോൺഗ്രസിൽനിന്ന്‌ പറഞ്ഞയക്കരുതെന്നും നേതാക്കൾ ഓർമിപ്പിക്കുന്നു.





deshabhimani section

Related News

View More
0 comments
Sort by

Home