നിയമസഭാ തെരഞ്ഞെടുപ്പിനില്ലെന്ന് കെ മുരളീധരൻ

കോഴിക്കോട് > ഇക്കുറി നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. ‘‘എനിക്കിപ്പം തെരഞ്ഞെടുപ്പിൽ നിക്കാനുള്ള മൂഡൊക്കെ പോയി. നാലുതവണ തുടർച്ചയായിനിന്ന് ഏതാണ്ട് കുത്തുപാളയെടുത്തിട്ടുണ്ട്. പാർലമെന്റ് തെരഞ്ഞെടുപ്പ് വരുമ്പോൾ സീനിയോറിറ്റിയുണ്ടല്ലോ അപ്പോ നോക്കാം’’–- ലീഡേഴ്‌സ് സ്‌റ്റഡി സെന്റർ ജില്ലാ കമ്മിറ്റി കോഴിക്കോട്ട് സംഘടിപ്പിച്ച കെ കരുണാകരൻ അനുസ്‌മരണം ഉദ്‌ഘാടനം ചെയ്യവേ അദ്ദേഹം പറഞ്ഞു.
ജയിച്ചുകഴിഞ്ഞാൽ മുഖ്യമന്ത്രിയാരെന്ന് നിശ്‌ചയിക്കാൻ എംഎൽഎമാരുടെ അഭിപ്രായം ചോദിക്കും. പിന്നെ ഹൈക്കമാൻഡാണ് തീരുമാനമെടുക്കുക. അതെല്ലൊവരും അംഗീകരിക്കും. സനാതനധർമം എന്നുപറഞ്ഞാൽ ആർഎസ്‌എസാണെന്ന് പറയുന്നത് തെറ്റാണ്. സനാതന ധർമത്തിന് കുഴപ്പമൊന്നുമില്ല. അതിനെയൊക്ക പിന്നീട് ചില സവർണ പ്രഭുക്കന്മാർ ദുർവ്യാഖ്യാനം ചെയ്യുകയായിരുന്നു.
വേദങ്ങളിൽ പറഞ്ഞത് വേദങ്ങളും മന്ത്രങ്ങളും ഹൃദിസ്ഥമാക്കുകയും മത്സ്യമാംസാദികൾ വർജിക്കുകയുംചെയ്യുന്ന ഏതൊരാൾക്കും ബ്രാഹ്മണ്യം ലഭിക്കുമെന്നാണ്. ബ്രാഹ്മണനായി ജനിച്ചിട്ട് കള്ളും കുടിച്ച് നടന്നാൽ ഒരു ബ്രാഹ്മണ്യവും കിട്ടില്ല. വേദങ്ങൾക്കും ഇതിഹാസങ്ങൾക്കും അന്നും ഇന്നും കേവലം സോഷ്യലിസ്‌റ്റ് കാഴ്‌ചപ്പാടാണുള്ളതെന്നും മുരളീധരൻ പറഞ്ഞു.









0 comments