കെ കെ രാഗേഷിനെ അഭിനന്ദിച്ച ദിവ്യ എസ് അയ്യരെ അധിക്ഷേപിച്ച് കെ മുരളീധരൻ

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥ ദിവ്യ എസ് അയ്യരെ അധിക്ഷേപിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ. സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറിയായി കെ കെ രാഗേഷിനെ തെരഞ്ഞെടുത്തതിനെ തുടർന്ന്, അദ്ദേഹത്തെ അഭിനന്ദിച്ച് ദിവ്യ ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ടിരുന്നു. ഇതിന് പിന്നാലെയാണ് മുരളീധരന്റെ ആക്ഷേപം.
‘പിണറായിയുടെ പാദസേവ ചെയ്യുന്ന ചില സിവിൽ സർവീസ് ഉദ്യോഗസ്ഥൻമാരുണ്ട്. ആ കൂട്ടത്തിലുള്ള ഒരു മഹതിയാണ് ഈ പോസ്റ്റിട്ടത്, അതിന് ഞങ്ങൾ അത്രയേ വില കൽപ്പിക്കുന്നുള്ളൂ. സോപ്പിടുമ്പോൾ വല്ലാതെ പതപ്പിച്ചാൽ ഭാവിയിൽ ദോഷം ചെയ്യും’– മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി കെ മുരളീധരൻ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറിയായ കെ കെ രാഗേഷിനെ കഴിഞ്ഞ ദിവസമാണ് സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. ഇതിന് പിന്നാലെയായിരുന്നു രാഗേഷിനെ അഭിനന്ദിച്ചുകൊണ്ടുള്ള ദിവ്യയുടെ പോസ്റ്റ്. ‘കർണ്ണന് പോലും അസൂയ തോന്നും വിധം ഈ KKR കവചം!’ എന്ന് തുടങ്ങുന്ന ക്യാപ്‌ഷനോടെ മുഖ്യമന്ത്രിയോടൊപ്പമുള്ള രാഗേഷിന്റെ ചിത്രങ്ങൾ പങ്കുവെച്ചായിരുന്നു ദിവ്യ ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ടത്.
പോസ്റ്റിന് പിന്നാലെ ദിവ്യയെ ആക്ഷേപിച്ച് കൊണ്ട് പല കോൺഗ്രസ് നേതാക്കളും പ്രവർത്തകരും രംഗത്തെത്തി. തന്നെ ആക്ഷേപിച്ച യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ ഘടകത്തിന് ദിവ്യ മറുപടി നൽകുകയും ചെയ്തു. താൻ പറഞ്ഞത് സ്വന്തം അനുഭവത്തിൽ നിന്നുള്ള കാര്യമാണെന്നും ഒരാളെ കുറിച്ച് നല്ലത് പറയാൻ എന്തിനാണ് മടിക്കുന്നത് എന്നുമായിരുന്നു ദിവ്യ എസ് അയ്യരുടെ പ്രതികരണം.
ദിവ്യ പറഞ്ഞത് സദുദ്ദേശപരമെങ്കിലും വീഴ്‌ച സംഭവിച്ചു എന്നാണ് ഭർത്താവും കോൺഗ്രസ് നേതാവുമായ ശബരീനാഥന്റെ പ്രതികരണം.









0 comments