print edition കെ എം ബഷീർ കേസ്: ശ്രീറാം വെങ്കിട്ടരാമൻ അമിതവേഗത്തിൽ കാറോടിച്ചെന്ന് സാക്ഷി

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ എം ബഷീർ കാറിടിച്ച് കൊല്ലപ്പെട്ട കേസിലെ പ്രതി ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെതിരെ നിര്‍ണായക സാക്ഷി മൊഴി. ശ്രീറാം അമിത വേഗത്തില്‍ കാറോടിച്ചാണ് അപകടമുണ്ടാക്കിയതെന്നും മദ്യപിച്ചിരുന്നുവെന്നും അഞ്ചാം സാക്ഷി ഓട്ടോ ഡ്രൈവര്‍ മണികണ്ഠൻ മൊഴി നൽകി. താന്‍ ഓട്ടോ ഓടിച്ച് രാത്രി ഒന്നിന് വെള്ളയമ്പലം കെല്‍ട്രോണ്‍ ജങ്‌ഷന് സമീപത്തെത്തിയപ്പോള്‍ കാര്‍ വലിയ ശബ്ദത്തോടെ വെള്ളയമ്പലം റൗണ്ട് അമിത വേഗത്തില്‍ തിരിയുന്നത് കണ്ടു. ഓട്ടോ ഒതുക്കിയതോടെ കാര്‍ മറികടന്നുപോയി.
പിന്നാലെ വാഹനം പബ്ലിക് ഓഫീസിന്റെ സമീപം അപകടത്തില്‍പ്പെട്ടതായി കണ്ടു. കാർ ഓടിച്ചത് ശ്രീറാമാണെന്നും മൊഴിയിലുണ്ട്. അപകട ശേഷം ശ്രീറാം പുറത്തിറങ്ങിയപ്പോഴാണ് മദ്യപിച്ചിരുന്നതായി മനസ്സിലായതെന്നും പറയുന്നു. രണ്ടും മൂന്നും നാലും സാക്ഷികള്‍ വിദേശത്തായതിനാല്‍ സമന്‍സ് നല്‍കാന്‍ സാധിച്ചില്ലെന്ന് പൊലീസ് അറിയിച്ചു. വിചാരണ ചൊവ്വാഴ്ചയും തുടരും.
പ്രതിക്കായി മുതിര്‍ന്ന അഭിഭാഷകന്‍ രാമന്‍പിള്ള ഒന്നാം സാക്ഷിയായ എ സൈഫുദ്ദീന്‍ ഹാജിയെ ഓണ്‍ലൈനായാണ് വിസ്തരിച്ചത്. അഞ്ചാം സാക്ഷി മണികണ്ഠനെ ജൂനിയര്‍ അഭിഭാഷകനാണ് വിസ്തരിച്ചത്.
വിചാരണക്കോടതി മാറ്റിയതിനെതിരെ ഹർജി
കേസിൽ വിചാരണക്കോടതി മാറ്റിയ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബഷീറിന്റെ ഭാര്യ സി ജസീല ഹൈക്കോടതിയിൽ. തിരുവനന്തപുരം സെഷൻസ് കോടതി ഉത്തരവ് റദ്ദാക്കണമെന്ന ഹർജിയിൽ പ്രതി ശ്രീറാം വെങ്കിട്ടരാമനടക്കം എതിർകക്ഷികളാണ്.
തിരുവനന്തപുരം അഡീഷണൽ ജില്ലാ സെഷൻസ് കോടതി (ഒന്ന്)യിൽ വിചാരണ നിശ്ചയിച്ചിരുന്ന കേസ്, പ്രതിഭാഗം അഭിഭാഷകന്റെ ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി നാലാം കോടതിയിലേക്ക് മാറ്റിയിരുന്നു.
നൂറിലധികം സാക്ഷികളുള്ള ഗൗരവമേറിയ കേസ് കൈകാര്യം ചെയ്യാൻ പ്രോസിക്യൂട്ടർക്ക് മതിയായ പരിചയസമ്പത്തില്ലെന്നും സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കാൻ സർക്കാരിനോട് നിർദേശിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു. 2019 ആഗസ്‌ത് മൂന്നിനാണ് ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച വാഹനമിടിച്ച് കെ എം ബഷീർ മരിച്ചത്.








0 comments