print edition കേരളത്തിന്റെ പ്രതിരോധം രാജ്യത്തിന് ദിശാബോധം : കനിമൊഴി

തിരുവനന്തപുരം
കേന്ദ്രസർക്കാരിന്റെ ഏകാധിപത്യ പ്രവണതകൾക്കും വിഭജന രാഷ്ട്രീയത്തിനുമെതിരെ കേരളം ഉയർത്തുന്ന പ്രതിരോധം രാജ്യത്തിന് ദിശാബോധം നൽകുന്നതാണെന്ന് ഡിഎംകെ നേതാവ് കനിമൊഴി കരുണാനിധി എംപി. ‘വിഷൻ 2031' അന്താരാഷ്ട്ര കോൺഫറൻസ് സമാപനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അവർ.
നാനാത്വത്തിൽ ഏകത്വമെന്ന ഭരണഘടനാതത്വത്തെ അട്ടിമറിച്ച് ഏകീകൃത സ്വത്വത്തിലേക്ക് രാജ്യത്തെ തളച്ചിടാനുള്ള നീക്കങ്ങൾ ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നതിന് തുല്യമാണ്. ഈ പോരാട്ടത്തിൽ കേരളവും തമിഴ്നാടും കാവലാളായി നിലകൊള്ളുന്നു. മതം രാഷ്ട്രീയ ആയുധമാകുന്ന ദൗർഭാഗ്യകരമായ സാഹചര്യമാണ്. രാജ്യത്തിന്റെ വൈവിധ്യത്തെ നശിപ്പിക്കുന്ന സംഘപരിവാർ അജൻഡകളെ ചെറുക്കാൻ ഭരണഘടനാമൂല്യങ്ങളിൽ വിശ്വസിക്കുന്നവർ രാഷ്ട്രീയഭേദമന്യേ ഒന്നിക്കണം.
പാർലമെന്ററി മര്യാദകളെയും ജനാധിപത്യ കീഴ്‌വഴക്കങ്ങളെയും കാറ്റിൽപ്പറത്തുന്ന കേന്ദ്ര സമീപനം ഫെഡറൽ സംവിധാനത്തിന്റെ അടിത്തറയിളക്കുന്നു. ജനകീയപ്രശ്നങ്ങൾ ഉന്നയിക്കേണ്ട ചോദ്യോത്തരവേളപോലും ഭരണാധികാരിയെ സ്തുതിക്കാനുള്ള വേദികളായി മാറി. കൂടിയാലോചനാ സമിതികളെ നോക്കുകുത്തിയാക്കി ഭൂരിപക്ഷത്തിന്റെ ഹുങ്കിൽ ബില്ലുകൾ പാസാക്കുന്നു. സംസ്ഥാനങ്ങളുടെ സാമ്പത്തികവും ഭരണപരവുമായ അവകാശങ്ങളെ കവർന്നെടുക്കുന്ന നയങ്ങൾ എതിർക്കപ്പെടേണ്ടതാണ്. ജനാധിപത്യ ഇന്ത്യയെ വീണ്ടെടുക്കാൻ രാജ്യവ്യാപകമായി പോരാട്ടം നയിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും കനിമൊഴി പറഞ്ഞു.










0 comments