ad
Deshabhimani

print edition കെ ഫോണും വിൽക്കുന്നു; സ്വകാര്യവൽക്കരിക്കാൻ നീക്കം

kfon
avatar
മിൽജിത്‌ രവീന്ദ്രൻ

Published on Jun 08, 2026, 10:57 PM | 1 min read

തിരുവനന്തപുരം: ബിപിഎൽ കുടുംബങ്ങൾക്ക്‌ സ‍ൗജന്യമായും മറ്റുള്ളവർക്ക്‌ കുറഞ്ഞ നിരക്കിലും ഇന്റർനെറ്റ്‌ എത്തിക്കാൻ എൽഡിഎഫ്‌ സർക്കാർ നടപ്പാക്കിയ കെ ഫോൺ പദ്ധതി സ്വകാര്യവൽക്കരിക്കാൻ നീക്കം. പദ്ധതി സർക്കാർ നടപ്പാക്കേണ്ടെന്നും ഏതെങ്കിലും കമ്പനിക്ക്‌ കൈമാറി മുടക്കിയ പണം തിരിച്ചുപിടിക്കാൻ സാധ്യത തേടാമെന്നുമാണ്‌ യുഡിഎഫ്‌ അനുകൂലികളായ സാമ്പത്തിക വിദഗ്‌ധർ മുഖ്യമന്ത്രിക്ക്‌ നൽകിയ ഉപദേശം. രാജ്യത്തെ വൻകിട കമ്പനികൾ കെ ഫോണിനെ ലക്ഷ്യമിടുന്ന അവസരത്തിലാണ്‌ കൈയൊഴിയാനുള്ള ഗൂഢനീക്കം.


സംസ്ഥാനത്ത്‌ 32,000 കിലോമീറ്റർ ഫൈബർ ശൃംഖലയാണ്‌ കെ ഫോണിനുള്ളത്‌. മറ്റ്‌ ഇന്റർനെറ്റ്‌ സേവനദാതാക്കളെക്കാൾ അധികമാണിത്‌. നിലവിൽ നൽകിയത്‌ 1,76,000 കണക്ഷനുകൾ. ഇതിൽ 15,000 ബിപിഎൽ കുടുംബങ്ങൾക്ക്‌ സ‍ൗജന്യ കണക്ഷൻ, 7799 വ്യവസായ കണക്ഷൻ എന്നിവയുൾപ്പെടും. അട്ടപ്പാടിയും കോട്ടൂരും അടക്കമുള്ള വിദൂര ആദിവാസ ഉ‍ൗരുകളിലടക്കം വിതരണശൃംഖലയുണ്ട്‌. അയ്യായിരത്തോളം കണക്ഷൻ നൽകിയ ഒടിടി പ്ലാറ്റ്‌ ഫോമിനും മികച്ച പ്രതികരണമാണ്‌. സെക്രട്ടറിയറ്റ്‌, നിയമസഭ ഉൾപ്പെടെ സർക്കാർ ഓഫീസുകളിലും സ്‌കൂളുകളിലും ഐടി പാർക്കുകളിലും കെ ഫോൺ ഉപയോഗിക്കുന്നു. ദേശീയതലത്തിൽ ഇന്റർനെറ്റ്‌ സേവനം നൽകാനുള്ള ഇന്റർനെറ്റ്‌ സർവീസ്‌ പ്രൊവൈഡർ കാറ്റഗറി ഒന്ന്‌, നാഷണൽ ലോങ്‌ ഡിസ്‌റ്റൻസ്‌ എന്നീ ലൈസൻസുകൾ ലഭിച്ചിട്ടുണ്ട്‌.


സ്വകാര്യകമ്പനികൾ ഏറ്റെടുത്താൽ ബിപിഎൽ കുടുംബങ്ങൾക്കുള്ള സ‍ൗജന്യ കണക്ഷനടക്കം ഇല്ലാതായേക്കും. കുറഞ്ഞനിരക്കിൽ സേവനം ലഭിക്കുന്നതും നിലയ്‌ക്കും. ഡിജിറ്റൽ അന്തരം കുറയ്‌ക്കുക എന്ന കെ ഫോണിന്റെ പ്രഖ്യാപിതലക്ഷ്യംതന്നെ ഇല്ലാതാകും.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home