സിയാലിന് റെക്കോഡ് ലാഭം; അറ്റാദായം 502 കോടി

നെടുമ്പാശേരി : കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനി (സിയാൽ) ചരിത്രത്തിലാദ്യമായി 500 കോടി രൂപയുടെ അറ്റാദായം മറികടന്നു. 2025–26 സാമ്പത്തികവർഷം 502 കോടിയാണ് സിയാലിന്റെ അറ്റാദായം. മുൻ സാമ്പത്തികവർഷത്തെ 499 കോടിയിൽനിന്ന് 502 കോടിയിലേക്കാണ് ലാഭം ഉയർന്നത്. നിക്ഷേപകർക്ക് 55 ശതമാനം ലാഭവിഹിതത്തിന് ഡയറക്ടർ ബോർഡ് ശുപാർശ ചെയ്തു. സെപ്‌തംബറിൽ ചേരുന്ന വാർഷിക പൊതുയോഗത്തിന്റെ അംഗീകാരത്തിന് വിധേയമായി വിതരണം ചെയ്യും.
2025–26 സാമ്പത്തികവർഷം സിയാലിന്റെ മൊത്തവരുമാനം1220 കോടി രൂപയായി. മുൻവർഷത്തെ അപേക്ഷിച്ച് 6.6 ശതമാനം വർധിച്ചു. ഒരു വർഷത്തിനിടെ 1,14,42,583 യാത്രക്കാരാണ് സിയാൽ വഴി യാത്ര ചെയ്തത്. 73,134 സർവീസുകൾ കൈകാര്യം ചെയ്തു. തുടർച്ചയായ നാലാം സാമ്പത്തികവർഷവും ഒരു കോടിയിലധികം യാത്രക്കാരെ കൈകാര്യം ചെയ്ത നേട്ടം നിലനിർത്തി.
വിമാനത്താവള വികസനരംഗത്തെ അനുഭവസമ്പത്ത് മറ്റ് വിമാനത്താവളങ്ങൾക്ക് പ്രയോജനപ്പെടുത്താൻ കൺസൾട്ടൻസി സേവനങ്ങൾ ആരംഭിക്കാനും ഡയറക്ടർ ബോർഡ് തീരുമാനിച്ചു. രാജ്യത്തെ വ്യോമയാനമേഖലയിൽ അടുത്ത പത്ത് വർഷത്തിനുള്ളിൽ 50,000 കോടി രൂപയിലേറെ അടിസ്ഥാനസൗകര്യ നിക്ഷേപം പ്രതീക്ഷിക്കുന്ന സാഹചര്യത്തിലാണ് സിയാൽ പുതിയ മേഖലയിലേക്ക് ചുവടുവയ്ക്കുന്നത്. വിമാനത്താവളങ്ങളുടെ മാസ്റ്റർ പ്ലാൻ തയ്യാറാക്കൽ, റൺവേ വികസനം, കാർഗോ സംവിധാനങ്ങൾ, ഗ്രൗണ്ട് ഹാൻഡ്‌ലിങ്, ഡ്യൂട്ടി ഫ്രീ, വാണിജ്യ വികസനം, റിയൽ എസ്റ്റേറ്റ് മാനേജ്മെന്റ് തുടങ്ങിയ മേഖലകളിൽ കൺസൾട്ടൻസി സേവനങ്ങൾക്കാണ് ലക്ഷ്യമിടുന്നത്. പ്രവർത്തനപരിചയവും സാങ്കേതിക വൈദഗ്ധ്യവും പുതിയ വരുമാനമേഖലയാക്കി മാറ്റുന്നതിനാണ് സിയാൽ ലക്ഷ്യമിടുന്നത്.
സിയാൽ ചെയർമാൻ കൂടിയായ മുഖ്യമന്ത്രി വി ഡി സതീശൻ അധ്യക്ഷനായി. ബോർഡ് അംഗങ്ങളായി മന്ത്രിമാരായ പി കെ കുഞ്ഞാലിക്കുട്ടി, റോജി എം ജോൺ എന്നിവർ ചുമതലയേറ്റു. ഡയറക്ടർമാരായ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, ഭരത് ഭൂഷൺ, അരുണാ സുന്ദരരാജൻ, എം എ യൂസഫലി, എൻ വി ജോർജ്, വർഗീസ് ജേക്കബ്, മാനേജിങ് ഡയറക്ടർ എസ് സുഹാസ് എന്നിവരും പങ്കെടുത്തു.










0 comments