പാരിപ്പള്ളി ഗവ. മെഡിക്കൽ കോളേജ് വികസനം; ആരോഗ്യമന്ത്രി പ്രഖ്യാപിച്ചതെല്ലാം എൽഡിഎഫ് ആരംഭിച്ച പദ്ധതികൾ


സ്വന്തം ലേഖകൻ
Published on Aug 09, 2026, 08:13 AM | 1 min read
കൊല്ലം : കൊല്ലം ജില്ലയിലെ ആശുപത്രികൾതോറും കയറിയിറങ്ങി മന്ത്രി കെ മുരളീധരൻ നടത്തിയ പ്രഖ്യാപനങ്ങളെല്ലാം എൽഡിഎഫ് സർക്കാരിന്റെ തുടർച്ചമാത്രമാണെന്ന് അടിവരയിട്ട് വിവരാവകാശരേഖ. പാരിപ്പള്ളി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ നൂറുദിന കർമപദ്ധതിയിൽ പ്രഖ്യാപിച്ച വികസനപ്രവർത്തനങ്ങളിൽ ഭൂരിഭാഗവും എൽഡിഎഫ് തുടങ്ങിവച്ചതാണെന്ന് ശൂരനാട് സ്വദേശി എ ആദർശിന്റെ വിവരാവകാശ ചോദ്യത്തിന് മുഖ്യവിവരാവകാശ ഓഫീസർ ജൂനിയർ സൂപ്രണ്ട് ജെ പ്രസീദ മറുപടി നൽകി.
എംആർഐ മെഷീൻ പ്രവർത്തനസജ്ജമാക്കുമെന്നായിരുന്നു മന്ത്രിയുടെ പ്രധാനപ്രഖ്യാപനം. എന്നാൽ, പദ്ധതിക്കായി 15.11 കോടി രൂപ അനുവദിച്ചത് എൽഡിഎഫ് സർക്കാരിന്റെ കാലത്താണ്. 2021 ആഗസ്ത് 12ന് അനുമതിയായി. 2022 ഒക്ടോബർ, 2025 ഫെബ്രുവരി എന്നിങ്ങനെ വിവിധഘട്ടങ്ങളിൽ തുക അനുവദിച്ചു. കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ ലിമിറ്റഡ് (കെഎംഎസ്‌സിഎൽ) മുഖേന മെഷീൻ വാങ്ങി. മെഷീൻ റൂം, ശീതീകരണ സംവിധാനങ്ങൾ തുടങ്ങിയവ മാത്രമാണ് പൂർത്തിയാകാനുള്ളത്. മറ്റൊന്ന് സാംക്രമികരോഗ പരിചരണത്തിനുള്ള കെട്ടിടനിർമാണമാണ്. 2021ൽ എൽഡിഎഫ് സർക്കാരാണ് അഞ്ചുകോടി രൂപ പദ്ധതിക്ക് അനുവദിച്ചത്. എന്നാല്‍, ആവശ്യമായ സ്ഥലം ക്യാമ്പസിനകത്ത് ലഭിക്കുന്നതിൽ പരിമിതിനേരിട്ടു. ഇതോടെ രൂപരേഖ മാറ്റി എട്ടുനിലയുള്ള സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് നിർമിക്കാൻ തീരുമാനിച്ചു. തുടർനടപടികൾക്കായി മെഡിക്കൽ സൂപ്രണ്ടിനെയും ബയോമെഡിക്കൽ എൻജിനിയറെയും ചുമതലപ്പെടുത്തി.
മന്ത്രി അവകാശപ്പെട്ട മറ്റൊരുപദ്ധതി അത്യാഹിതവിഭാഗത്തിന്റെ നിർമാണമാണ്. എന്നാൽ, കേന്ദ്രവിഹിതം 23.75 കോടി രൂപ ചെലവഴിച്ചാണ് ഇതിന്റെ നിർമാണം പുരാഗമിക്കുന്നത്. മെഡിക്കൽ കോളേജ് ആശുപത്രി വികസനത്തിനുള്ള സ്ഥലമേറ്റെടുപ്പ്, കളിസ്ഥലം വിപുലപ്പെടുത്തൽ തുടങ്ങിയവയാണ് മന്ത്രി മുന്നോട്ടുവച്ച മറ്റൊരു പദ്ധതി. സ്ഥലമേറ്റെടുപ്പ് എൽഡിഎഫ് സർക്കാർ 2019ൽ ആരംഭിച്ചതാണ്. 2019 ജൂണിൽ പാരിപ്പള്ളി വില്ലേജിൽ 2.47 സെന്റിന് ശരാശരി ഏഴുലക്ഷം രൂപ കണക്കാക്കി 20 ഏക്കർ ഏറ്റെടുക്കാൻ തീരുമാനിച്ചു. ഏകദേശവിലയായി 56.65 കോടിയാകുമെന്ന് ചൂണ്ടിക്കാട്ടി ഡിഎംഇയ്ക്ക് കത്തും നൽകി. കോവിഡ് ഉൾപ്പെടെയുള്ള പ്രതിസന്ധികളും സ്ഥലവിലയിൽ വന്ന മാറ്റവുംമൂലം പദ്ധതി നീണ്ടു. ഒടുവിൽ വീണ്ടും സ്ഥലം അളന്ന് തിട്ടപ്പെടുത്തുന്നതിനും വില നിശ്ചയിക്കുന്നതുമടക്കമുള്ള നടപടികൾ പുരോഗിക്കുന്നതിനിടെയാണ് ഭരണമാറ്റമുണ്ടാകുന്നത്. ഇതോടെ ഇൗ പദ്ധതിയും യുഡിഎഫ് സർക്കാർ തങ്ങളുടെ കർമപദ്ധതിയിൽ ഉൾപ്പെടുത്തുകയായിരുന്നു.










0 comments