ദേവ്ദത്ത് പടിക്കലിന് സെഞ്ചുറി; സന്നാഹ മത്സരത്തിൽ ഇന്ത്യ ശക്തമായ നിലയിൽ

ദേവ്ദത്ത് പടിക്കൽ |Photo:Getty Images
കൊളംബോ : ശ്രീലങ്ക ഇലവനെതിരായ സന്നാഹ മത്സരത്തിൽ ദേവ്ദത്ത് പടിക്കലിന് സെഞ്ചുറി. രണ്ടാം ദിവസം കളി അവസാനിക്കുമ്പോൾ, ലങ്കയുടെ ആദ്യ ഇന്നിങ്സ് സ്കോറിനൊപ്പമെത്താൻ ഇന്ത്യയ്ക്ക് 6 റൺസ് കൂടി വേണം. ആറ് വിക്കറ്റ് നഷ്ടത്തിൽ 357 റൺസെന്ന നിലയിലാണ് ഇന്ത്യ. 164 പന്തിൽ 142 റൺസുമായി ദേവ്ദത്ത് പടിക്കലും 18 പന്തിൽ 36 റൺസുമായി ഗുർനൂർ ബ്രാറുമാണ് ക്രീസിൽ.
ഇന്ത്യയുടെ നാല് ബാറ്റർമാർ രണ്ടക്കം കാണാതെ പുറത്തായി, പടിക്കലിന്റെ തകർപ്പൻ സെഞ്ചുറിയും ഗുർനൂറിന്റെ വെടിക്കെട്ട് ബാറ്റിങ്ങുമാണ് ശ്രദ്ധേയമായത്. അവസാന ഓവറിൽ തിലകരത്‌നക്കെതിരെ ഗുർനൂർ ഒരോവറിൽ ആറു സിക്‌സുകൾ നേടിയത് ആവേശമുണർത്തി.
18 ഫോറുകളോടെ 164 പന്തിൽ 142 റൺസ് നേടിയ പടിക്കൽ മികച്ച ബാറ്റിങ് പ്രകടനം കാഴ്ചവെച്ചു. ക്യാപ്റ്റൻ കെഎൽ രാഹുൽ 40 റൺസും രവീന്ദ്ര ജഡേജ 63 റൺസും മാനസ് സുതർ 41 റൺസും നേടി. യശസ്വി ജയ്‌സ്വാൾ, ഋഷഭ് പന്ത്, ധ്രുവ് ജുറെൽ, മുഹമ്മദ് സിറാജ് എന്നിവർ നിരാശപ്പെടുത്തി. ജഡേജ (63), കുൽദീപ് യാദവ് (1), സാരാംശ് ജെയ്ൻ (22) എന്നിവർ റിട്ടയേർഡ് ഹർട്ട് ആയി.
ശ്രീലങ്കയ്ക്ക് വേണ്ടി മെൻഡിസ്, മനോജ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ലങ്ക ആദ്യ ഇന്നിങ്‌സ് എട്ട് വിക്കറ്റിന് 363 റൺസിൽ ഡിക്ലയർ ചെയ്തു. ഫെർണാണ്ടോ, രസന്ത, സോണൽ ദിനൂഷ എന്നിവർ അർധ സെഞ്ചുറി നേടി. ഇന്ത്യയ്ക്കായി ജഡേജ, കുൽദീപ് യാദവ്, മാനസ് സുതർ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.









0 comments