തിരുവനന്തപുരം വെള്ളറടയിൽ അജ്ഞാതജീവി വളർത്തുനായയെ പിടിച്ചുകൊണ്ടുപോയി; പ്രദേശത്ത് ജാഗ്രതാ നിർദേശം

വെള്ളറട : തെക്കൻ കുരിശുമല അടിവാരത്ത് അജ്ഞാതജീവിയുടെ ആക്രമണം രൂക്ഷമാകുന്നു. വെള്ളി പുലർച്ചെ പ്രദേശവാസിയായ ബാലരാജിന്റെ വീടിനുമുന്നിൽ കെട്ടിയിട്ടിരുന്ന വളർത്തുനായയെ പിടിച്ചുകൊണ്ടുപോയി. നായയുടെ കരച്ചിൽ കേട്ട് വീട്ടുകാർ പുറത്തിറങ്ങി പരിശോധിച്ചെങ്കിലും കണ്ടെത്താനായില്ല.
പ്രദേശത്ത് തുടർച്ചയായുണ്ടാകുന്ന ഇത്തരം സംഭവങ്ങളിൽ നാട്ടുകാർക്ക് കടുത്ത ആശങ്കയുണ്ട്. ദിവസങ്ങൾക്കുമുമ്പ് ഇവിടുത്തെ പല വീടുകളിലെയും വളർത്തുപൂച്ചകളെ കാണാതായിരുന്നു. ഒരാഴ്ചമുമ്പ് വെള്ളറട വിപിഎം ഹൈസ്കൂളിനുസമീപം ഷാലുവിന്റെ 35-ഓളം മുയലുകളെ കടിച്ചുകൊന്നു. വെള്ളാറിൽ രണ്ട് ആടുകളെയും സമാനരീതിയിൽ കൊന്നൊടുക്കി.
ജാഗ്രതാ നിർദേശം
വിവരമറിഞ്ഞ് പരുത്തിപ്പള്ളി റേഞ്ചിൽനിന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. കനത്ത മഴ പെയ്യുന്നതിനാൽ ജീവിയുടെ കാൽപ്പാടുകൾ വ്യക്തമായി ലഭിച്ചില്ല. ഏത് വന്യജീവിയാണ് ആക്രമിച്ചതെന്ന് സ്ഥിരീകരിക്കാനുമായില്ല. പ്രദേശവാസികൾ അതീവജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് നിർദേശിച്ചു. രാത്രിയിൽ പുറത്തിറങ്ങുമ്പോൾ വെളിച്ചം കരുതണം. അനാവശ്യ രാത്രിയാത്രകൾ ഒഴിവാക്കണം. മേഖലയിൽ വനംവകുപ്പിന്റെ നിരീക്ഷണം ശക്തമാക്കണമെന്ന ആവശ്യം നാട്ടുകാർക്കിടയിൽ ശക്തമാണ്.










0 comments