റെയിൽവേ ട്രാക്കിന്റെ സുരക്ഷ പരിശോധനയ്ക്കിടെ ഡ്രോണിൽ പക്ഷിയിടിച്ചു; ഡ്രോൺ വൃക്ഷത്തിൽ കുടുങ്ങി

കൊല്ലം : റെയിൽവേ ട്രാക്കിന്റെ സുരക്ഷ ഉറപ്പാക്കാൻ നടത്തിയ പരീക്ഷണ പരിശോധനയ്‌ക്കിടെ ഡ്രോണിൽ പക്ഷിയിടിച്ചു. റെയിൽവേ ട്രാക്കിനു മുകളിലൂടെ സഞ്ചരിച്ച ഡ്രോൺ ഗതിമാറി കൊല്ലം എസ്‌എൻ കോളേജ് പരിസരത്തെ വൃക്ഷത്തിൽ കുടുങ്ങി. ഒടുവിൽ ഫയർഫോഴ്‌സെത്തി ഡ്രോൺ തിരിച്ചെടുത്തു. ശനി വൈകിട്ട് അഞ്ചരയോടെയാണ് സംഭവം.
ട്രെയിനുകളിലേക്ക് കല്ലേറ്, ട്രാക്കുകളിൽ കല്ലും മരത്തടിയും വയ്‌ക്കൽ, മദ്യപന്മാരുടെ ശല്യം എന്നിവ വർധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ഡ്രോൺ പരിശോധന ഫലപ്രദമാകുമോ എന്ന് വിലയിരുത്താനാണ് റെയിൽവേ പ്രൊട്ടക്‌ഷൻ ഫോഴ്‌സിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. കൊല്ലം മുതൽ വടക്കോട്ട് കായംകുളംവരെയും തിരികെ തെക്കോട്ട് പരവൂർവരെയും പരിശോധന നടത്താനായിരുന്നു ലക്ഷ്യം. പരവൂരിലേക്കുള്ള പരിശോധനക്കിടയാണ് പക്ഷിയിടിച്ചത്. ഇതോടെ ദിശ തെറ്റിയ ഡ്രോൺ കോളേജ് പരിസരത്തെ മഹാഗണിയിൽ കുടുങ്ങുകയായിരുന്നു.









0 comments