‘എന്റെ വേരിൽ രക്തമുണ്ട്; ചില്ലയിൽ പതാകയും’


സുരേന്ദ്രൻ ചീക്കിലോട്
Published on Aug 09, 2026, 03:00 AM | 3 min read
ഇന്ത്യയുടെ 80–-ാം സ്വാതന്ത്ര്യദിനം കടന്നുവരികയാണ്. സ്വാതന്ത്ര്യസമരചരിത്രത്തിൽ ആഗസ്‌ത് 15 പോലെതന്നെ സൗവർണകാന്തിയാൽ കുറിച്ച മറ്റൊരു ദിനമാണ് ആഗസ്‌ത് 28. ബ്രിട്ടീഷ് ഭരണകൂടത്തിന്റെ ക്രൂരമായ പീഡനങ്ങൾക്കും മനുഷ്യത്വമില്ലായ്‌മയ്‌ക്കുമെതിരെ ആൻഡമാനിലെ സെല്ലുലാർ ജയിലിൽ സ്വാതന്ത്ര്യസമരപോരാളികൾ നടത്തിയ 46 ദിവസം നീണ്ട നിരാഹാരം വിജയംകണ്ട ദിവസം.
വിപ്ലവകാരികളുടെ സമരം രാജ്യത്താകമാനം വലിയ ജനരോഷമുയർത്തി. ഗാന്ധിജിയുടെയും രബീന്ദ്രനാഥ ടാഗോറിന്റെയും ഇടപെടലിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്. ഇതോടെ തടവുകാരെ സെല്ലുലാർ ജയിലിൽനിന്ന് മോചിപ്പിച്ച് തിരികെ എത്തിക്കാനുള്ള തീരുമാനമെടുക്കുകയായിരുന്നു. നമ്മുടെ സ്വാതന്ത്ര്യസമരചരിത്രത്തിലെ സ്വയംപ്രകാശിക്കുന്ന ഒരേടാണിത്.
സമരചരിത്രത്തിലെ മറ്റൊരു അധ്യായത്തിനുകൂടി സാക്ഷ്യംവഹിച്ച മണ്ണാണ് സെല്ലുലാർ ജയിൽ.
1947 ആഗസ്‌ത് 15ന് ആദ്യപ്രധാനമന്ത്രി ജവാഹർലാൽ നെഹ്റു ഡൽഹിയിൽ ദേശീയപതാക ഉയർത്തുന്നതിന് നാലുവർഷം മുമ്പുതന്നെ 1943 ഡിസംബർ 30ന് നേതാജി സുഭാഷ് ചന്ദ്രബോസ് ഇന്ത്യൻ ദേശീയപതാക ഉയർത്തിയത് ഇവിടെനിന്ന് വിളിപ്പാടകലെയുള്ള റോസ് ഐലൻഡിലാണ്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ ഭാഗമായിരുന്ന ആൻഡമാൻ നിക്കോബാർ രണ്ടാം ലോകയുദ്ധത്തിൽ ജപ്പാൻ പിടിച്ചടക്കി. ജപ്പാന്റെ പക്ഷംചേർന്ന ഐഎൻഎയുടെ തലവനായ സുഭാഷ് ചന്ദ്രബോസിനെ ആൻഡമാൻ നിക്കോബാറിന്റെ ഭരണമേൽപ്പിച്ചു. സാമ്രാജ്യത്വത്തിൽനിന്ന് ആദ്യം മോചിതമായ ഇന്ത്യൻ ഭൂവിഭാഗം എന്ന നിലയിൽ റോസ് ഐലൻഡിൽ സുഭാഷ് ചന്ദ്രബോസ് ഇന്ത്യൻ പതാക ഉയർത്തിക്കൊണ്ട് ദ്വീപിൽ ആസാദ് ഹിന്ദ് ഗവൺമെന്റ് രൂപീകരിച്ചതായി പ്രഖ്യാപിച്ചു.

സെല്ലുലാർ ജയിലിന്റെ ചരിത്രം
1857ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തവരെ നാടുകടത്തി തടവറകളിലാക്കാനാണ് ബ്രിട്ടീഷുകാർ ആൻഡമാനിൽ പീനൽ സെറ്റിൽമെന്റ് രൂപീകരിച്ചത്. 1789ൽ ഇംഗ്ലീഷ് ഇൗസ്റ്റ് ഇന്ത്യ കമ്പനി കോളനി സ്ഥാപിക്കാൻ ശ്രമിച്ചെങ്കിലും ഗോത്രവർഗക്കാരുടെ ചെറുത്തുനിൽപ്പും സാംക്രമികരോഗങ്ങളും പ്രതികൂലാവസ്ഥയുംമൂലം വിഘാതമായി. റോസ് ഐലൻഡായിരുന്നു ബ്രിട്ടീഷുകാർ പീനൽ സെറ്റിൽമെന്റിനായി തെരഞ്ഞെടുത്തത്. തടവുകാരെക്കൊണ്ട് അവർ പുതിയ നഗരം പണിതു. പള്ളിയും ബസാറും ക്ലബ്ബുകളും തടങ്കൽപ്പാളയങ്ങളുമൊക്കെയായി ബ്രിട്ടീഷ് ആസ്ഥാനം. പിന്നീട് തടവുകാരുടെ എണ്ണം ക്രമാതീതമായി ജയിലിന്റെ സുരക്ഷിതത്വംതന്നെ ഭീഷണിയിലായപ്പോഴാണ് 1893ൽ പോർട്ട് ബ്ലെയറിൽ സെല്ലുലാർ ജയിൽ പണി ആരംഭിച്ചത്. പൂർത്തിയായത് 1906ലാണ്. അവസാനത്തെ തടവുകാരൻ പടിയിറങ്ങുംവരെ ഇവിടം മനുഷ്യമനസ്സാക്ഷിയെ മരവിപ്പിക്കുന്ന കൊടുംക്രൂരതകളുടെ പര്യായമായി. 80,000ത്തിലധികം തടവുകാരിൽ വളരെ കുറച്ചുപേർമാത്രമേ ജീവനോടെ പുറത്തുവന്നിട്ടുള്ളൂ.
നരക കവാടത്തിൽ
കടലിലേക്ക് തള്ളിനിൽക്കുന്ന തുരുത്തിൽ തടവുകാരെ കൊല്ലാക്കൊല ചെയ്യാനായി ബ്രിട്ടീഷുകാർ പണിത, കൊടുംക്രൂരതകളുടെ പര്യായമായ സെല്ലുലാർ ജയിൽ. കടലിലെ കറുത്ത വെള്ളത്തിന്റെ നടുവിൽ പണിത നരകത്തിന്റെ മറ്റൊരു പേര് കാലാപാനി. ചെറിയ വാതിലിലൂടെ അകത്തുകടക്കുമ്പോൾത്തന്നെ സന്ദർശകരുടെ നെഞ്ചിടിപ്പുയരും. മൂന്നുനിലകളുള്ള ഏഴ് കെട്ടിടങ്ങൾ (ഇവയിൽ നാലെണ്ണം 1941ലെ ഭൂകമ്പത്തിൽ തകർന്നു). ഒരാൾക്കുമാത്രം കഴിയാവുന്ന 13.5 അടി നീളവും 7.5 അടി ഉയരവുമുള്ള ഏകാന്തമായ 696 മുറികൾ (അവശേഷിക്കുന്നത് 293 മുറികൾ). മറ്റൊരാളെ കാണാനോ സംസാരിക്കാനോ കഴിയാത്തവിധം സംവിധാനംചെയ്‌ത സെല്ലുകൾ.

ഓരോ മുറിക്കും ഇടനാഴികളിലേക്ക് തുറക്കുന്ന മൂന്നുമീറ്റർ ഉയരമുള്ള ഇരുമ്പഴിവാതിൽ. അതിലൂടെ കാണുന്ന ആകാശത്തിന്റെ ചെറിയ ചതുരംമാത്രമായിരുന്നു തടവുകാരുടെ ലോകം. സെല്ലിന്റെ ഭിത്തിയിൽ പരിമിതമായിമാത്രം കാറ്റും വെളിച്ചവും കടക്കുന്ന ജനാല. ഏകാന്തതടവായിരുന്നു ഏറ്റവും വലിയശിക്ഷ. മാസങ്ങളോളം, വർഷങ്ങളോളം ഒറ്റയ്ക്ക്. ശബ്ദമുണ്ടാക്കിയാൽ ശിക്ഷ. പലരും ഭ്രാന്തന്മാരായി. ചിലർ ചുവരിൽ തലയടിച്ചുമരിച്ചു. അധികൃതർക്ക് എല്ലാ സെല്ലുകളെയും നിരീക്ഷിക്കാനാകും.
കാളകൾക്കുപകരം മനുഷ്യനെ കെട്ടി കൊപ്ര ആട്ടി വെളിച്ചെണ്ണയെടുക്കുന്ന കൊലു. ഒരുദിവസം 13.6 കിലോ വെളിച്ചെണ്ണ ആട്ടിയെടുക്കണമെന്ന് നിബന്ധന. വെളിച്ചെണ്ണയുടെ അളവ് കുറയുന്ന ക്രമത്തിൽ ചാട്ടവാറടി. തൊട്ടടുത്ത് നൂൽ നൂൽപ്പുകേന്ദ്രത്തിൽ രണ്ട് കൈയിലെയും തൊലി പൊളിഞ്ഞുപോകുന്നതുവരെ നിർബന്ധിച്ച് നൂൽ പിരിപ്പിക്കൽ. ഒരുദിവസം ഒരുകിലോ എന്ന കണക്കിന് നൂൽ പിരിക്കാത്തവർക്ക് പ്രഹരം! പട്ടിണിക്കിടൽ മറ്റൊരു ശിക്ഷ. ദിവസം ആറ് ഔൺസ് അരിയും ആറ് ഔൺസ് പരിപ്പും മാത്രം. നിരാഹാരം ഇരിക്കുന്നവരെ പിടിച്ചുകെട്ടി മൂക്കിലൂടെ റബർ ട്യൂബ് കടത്തി വയറ്റിലേക്ക് പാലൊഴിപ്പിക്കൽ. ഒപ്പം ചാട്ടവാറടി.
കാലിൽ ഇരുമ്പുചങ്ങലയും കഴുത്തിൽ ഇരുമ്പുവളയവും. ജയിലിന്റെ നടുമുറ്റം ഇന്ന് പൂന്തോട്ടമാണ്. ഒരേസമയം മൂന്നുപേരെവരെ തൂക്കിലേറ്റാൻ സൗകര്യമുള്ള തൂക്കുമരങ്ങൾ സജ്ജീകരിച്ചത് ഇവിടെയായിരുന്നു. ചുവരുകളിൽ ഫസൽ ഇ ഹക്ക് ഖൈറാബാദി എന്ന 80 വയസ്സുള്ള ഉറുദു കവിമുതൽ 17 വയസ്സുള്ള ഇന്ദുഭൂഷൺ റോയ് വരെയുള്ള 201 തടവുകാരുടെ പേരുകൾ കൊത്തിവച്ചിരിക്കുന്നു.
ചരിത്രത്തിന്റെ പുനർജനി
സന്ധ്യ മയങ്ങുന്നതോടെ കൽത്തുറുങ്കുകൾ വികാരനിർഭരമായ ചരിത്രവേദിയാകും. ദിവസവും വൈകിട്ട് ആറിനും 7.15നും ഹിന്ദിയിലും ഇംഗ്ലീഷിലും ലൈറ്റ് ആൻഡ് സൗണ്ട് പ്രോഗ്രാം അരങ്ങേറുന്നു. ഈ അനുഭവം സന്ദർശകരെ ഒന്നരനൂറ്റാണ്ട് പിന്നിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു. ശ്വാസം അടക്കിപ്പിടിച്ചല്ലാതെ അതിൽ പങ്കെടുക്കാനാകില്ല. സെല്ലുലാർ സ്വന്തം കഥ പറയുകയാണ്. ‘‘എല്ലാത്തിനും സാക്ഷ്യംവഹിച്ചുകൊണ്ട് ഞാൻ 200 വർഷമായി ഈ മണ്ണിൽ നിൽക്കുന്നു. എന്റെ ചില്ലകൾക്കിടയിലൂടെ വീശുന്ന കാറ്റിനുപോലും കണ്ണീരിന്റെ ഉപ്പുരസം... ഞാൻ കാലാപാനിയുടെ സാക്ഷി... ഈ ഇഷ്ടികകൾക്ക് പറയാൻ ഒരു സ്വാതന്ത്ര്യസമരചരിത്രത്തിന്റെ കഥയുണ്ട്. അത് നിങ്ങൾ കേട്ടോളൂ...’’ എന്ന പിപ്പിലിമരത്തിന്റെ ആമുഖത്തോടെയാണ് ഷോ.
1857ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിൽനിന്നാണ് തുടക്കം. പശ്ചാത്തലത്തിൽ പട്ടാളബൂട്ടുകളുടെ ശബ്ദം, വെടിയൊച്ചകൾ, വിപ്ലവകാരികളെ വരിഞ്ഞുമുറുക്കി ബന്ധിച്ച് കപ്പലിൽ കയറ്റുന്ന ദൃശ്യങ്ങൾ എന്നിവ തെളിയുന്നു. ചരിതദൃശ്യങ്ങളുടെ തുടർച്ച. 1947 ആഗസ്ത് 15. ജയിലിന്റെ ഇരുമ്പുഗേറ്റുകൾ തുറക്കപ്പെടുന്നതും തടവുകാർ സ്വതന്ത്രരായി പുറത്തേക്ക് ഓടുന്നതുമായ ദൃശ്യങ്ങളാണ് അവസാനത്തേത്. സമാപനപശ്ചാത്തലത്തിൽ പിപ്പിലിമരത്തിന്റെ ശബ്ദം: ‘‘ഞാൻ ഇന്നും ഇവിടെ നിൽക്കുന്നു. എന്റെ വേരിൽ രക്തമുണ്ട്. ചില്ലയിൽ ഒരു പതാകയുണ്ട്. സ്വാതന്ത്ര്യത്തിന്റെ പതാക. ഈ ജയിൽ ബ്രിട്ടീഷുകാരുടെ ക്രൂരതയുടെ സ്മാരകമല്ല. ഇന്ത്യയുടെ തോൽക്കാത്ത മനസ്സിന്റെ സ്മാരകമാണ്.’’ രക്തസാക്ഷിമണ്ഡപത്തിൽ ദീപം തെളിയുമ്പോൾ ഷോ പര്യവസാനിക്കും.










0 comments