മഴയ്ക്ക് നേരിയ ആശ്വാസം; നാല് ജില്ലകളിൽ മഴ മുന്നറിയിപ്പ്

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതികളിൽ നിന്ന് ആശ്വാസം. കനത്ത മഴ ദുർബലാവസ്ഥയിലേക്ക് കടക്കുന്ന സാഹചര്യത്തിൽ നാല് ജില്ലകളിൽ യെല്ലോ അലേർട്ട് പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കണ്ണൂർ, കോഴിക്കോട്, വയനാട്, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. കേരള, കർണാടകം, ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് കൂടി മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ), കൊല്ലം (ആലപ്പാട്ട് മുതൽ ഇടവ വരെ), ആലപ്പുഴ (ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ), തൃശൂർ (ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെ) ജില്ലകളിലെ തീരങ്ങളിൽ തിങ്കളാഴ്ച വൈകുന്നേരം 05.30 വരെ 1.2 മുതൽ 1.8 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
പൊതുജനങ്ങൾക്കുള്ള ജാഗ്രത നിർദേശം
ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം. നദിക്കരകൾ, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരും അപകടസാധ്യത മുൻകൂട്ടി കണ്ട് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കേണ്ടതാണ്. ദുരന്തസാധ്യത പ്രദേശങ്ങളിൽ താമസിക്കുന്നവർ നിർബന്ധമായും തങ്ങളുടെ പ്രദേശത്ത് ക്യാമ്പുകൾ തുറന്നു എന്നുറപ്പാക്കേണ്ടതും പകൽ സമയത്ത് തന്നെ അങ്ങോട്ട് മാറി താമസിക്കേണ്ടതുമാണ്. ഇതിനായി തദ്ദേശ സ്ഥാപന, റവന്യൂ അധികാരികളുമായി ബന്ധപ്പെടാവുന്നതാണ്.
ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. അപകടാവസ്ഥ മുന്നിൽ കാണുന്നവർ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മാറി താമസിക്കണം. കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച ശക്തമായ കാറ്റിൽ സ്വീകരിക്കേണ്ട മുൻകരുതൽ നടപടികൾ https://sdma.kerala.gov.in/windwarning/ എന്ന ലിങ്കിൽ ലഭ്യമാണ്.
ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല. ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെൽഫി എടുക്കുകയോ ചിത്രങ്ങൾ പകർത്തുകയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യാൻ പാടുള്ളതല്ല. മഴ ശക്തമാകുന്ന അവസരങ്ങളിൽ അത്യാവശ്യമല്ലാത്ത യാത്രകൾ പൂർണമായും ഒഴിവാക്കുക. വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ, മലയോര മേഖലകൾ എന്നിവിടങ്ങളിലേക്കുള്ള വിനോദയാത്രകൾ മഴ മുന്നറിയിപ്പ് മാറുന്നത് വരെ പൂർണമായി ഒഴിവാക്കേണ്ടതാണ്.
ജലാശയങ്ങളോട് ചേർന്ന റോഡുകളിലൂടെയുള്ള യാത്രകളിൽ പ്രത്യേക ജാഗ്രത പാലിക്കുക. അറ്റകുറ്റപ്പണികൾ നടക്കുന്ന റോഡുകളിലും ജാഗ്രത പാലിക്കുക. അതിശക്തമായ മഴയുണ്ടാകുന്ന സാഹചര്യത്തിൽ റോഡപകടങ്ങൾ വർധിക്കാൻ സാധ്യത മുന്നിൽ കാണണം. ജലാശയങ്ങൾ കരകവിഞ്ഞ് ഒഴുകുന്നയിടങ്ങളിൽ വാഹനം ഓടിക്കാൻ ശ്രമിക്കരുത്. സ്വകാര്യ - പൊതു ഇടങ്ങളിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ/പോസ്റ്റുകൾ/ബോർഡുകൾ, മതിലുകൾ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങൾ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്. അപകടാവസ്ഥകൾ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തേണ്ടതാണ്.










0 comments