സർക്കാർ ഞങ്ങളുടെ ആവശ്യങ്ങളൊന്നും കേൾക്കുന്നില്ല... മുതലപ്പൊഴിക്കാർ പറയുന്നു

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിന്റെ ഭാര്യ സ്റ്റിജിയുടെ സഹോദരി സ്റ്റെഫി തിരച്ചിൽ നടക്കുന്നസ്ഥലത്ത് മഴയത്ത് ഇരിക്കുന്നു

സ്വന്തം ലേഖകൻ
Published on Aug 09, 2026, 06:45 AM | 1 min read
ചിറയിൻകീഴ് : ‘കല്ലിന്റെ ഇടയ്ക്ക് തപ്പണമെന്ന് ഞങ്ങൾ തുടക്കംമുതൽ പറയുകയാണ്. മന്ത്രി സി പി ജോൺ എത്തിയപ്പോഴും ഞങ്ങൾ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. പുറംകടലിൽ ഞങ്ങളുടെ ബോട്ടുകളുണ്ട്. സർക്കാർ ഞങ്ങളുടെ ആവശ്യങ്ങളൊന്നും കേൾക്കുന്നില്ല. -മന്ത്രി വന്ന് ഉറപ്പ് നൽകിയിട്ടും മുതലപ്പൊഴിയിൽ ഇതുവരെയും തിരച്ചിൽ കാര്യക്ഷമമാകുന്നില്ല’– മുതലപ്പൊഴിയിലെ മത്സ്യത്തൊഴിലാളികളുടെ വാക്കുകൾ ഇങ്ങനെ.
മുതലപ്പൊഴിയിൽ കാണാതായ ഷിജിന്റെ ഭാര്യ സ്റ്റിജി കൈക്കുഞ്ഞുങ്ങളുമായി പെരുമഴയത്ത് നടത്തിയ പ്രതിഷേധത്തിനൊടുവിൽ മന്ത്രി സി പി ജോൺ സ്ഥലത്തെത്തിയിരുന്നു. തിരച്ചിൽ ഊർജിതമാക്കാമെന്ന് അറിയിക്കുകയും ചെയ്തു. ശനി 5.45 മുതൽ തിരച്ചിൽ ആരംഭിക്കും എന്നായിരുന്നു മന്ത്രിയുടെ ഉറപ്പ്. ഇതനുസരിച്ച് കുടുംബാംഗങ്ങളും നാട്ടുകാരും എത്തിയെങ്കിലും സർക്കാർതലത്തിൽനിന്ന് ആരും ഉണ്ടായിരുന്നില്ല.
സ്‌കൂബ അംഗങ്ങൾക്കൊപ്പം മത്സ്യത്തൊഴിലാളികളും തിരച്ചിലിന് സജ്ജരായിരുന്നു. ഫിഷറീസ് വകുപ്പ് അസിസ്റ്റന്റ് എൻജിനിയറും ഉദ്യോഗസ്ഥരും എത്തിയിട്ടും മുങ്ങൽ വിദഗ്ധർ എത്തിയില്ല. 12.30 ഓടെയാണ് വിഴിഞ്ഞത്തുനിന്ന് സ്വകാര്യ സ്‌കൂബ ടീം എത്തിയത്. കാലാവസ്ഥ പ്രതികൂലമായതോടെ 45 മിനിറ്റുമാത്രം തിരച്ചിൽ നടത്തി ഇവർ തിരിച്ചുകയറി.
രാവിലെ കടൽ ശാന്തമായിരുന്ന സമയത്ത് എത്തിയിരുന്നെങ്കിൽ തിരച്ചിൽ നടത്താമായിരുന്നെന്ന് നാട്ടുകാർ പറയുന്നു. ഷിജിനെ കണ്ടെത്തുംവരെ തിരച്ചിൽ തുടരുമെന്നുപറഞ്ഞ മന്ത്രിയുടെ വാക്ക് പാഴ്‌വാക്കായി. 31ന് രാത്രി മത്സ്യബന്ധനത്തിനിടെയാണ് ഷിജിനെയും ഫ്രീമോനെയും കടലിൽവീണ് കാണാതായത്. ഫ്രീമോന്റെ മൃതദേഹം കിട്ടി. ഷിജിൻ തീരത്തേക്കു നീന്തുന്നത് കണ്ടിരുന്നുവെന്നും പിന്നീട് കാണാതായെന്നും ഒപ്പമുണ്ടായിരുന്നവർ പറഞ്ഞു.









0 comments