രാജ്യമാകെ മഴക്കെടുതിയിൽ; ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും പ്രളയം

ന്യൂഡൽഹി: രാജ്യത്താകെ കനത്ത മഴയെത്തുടർന്നുള്ള നാശനഷ്ടങ്ങൾ രൂക്ഷം. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളും പ്രളയഭീതിയിലാണ്. പല സംസ്ഥാനങ്ങളിലും ജനങ്ങൾ ഒറ്റപ്പെട്ട നിലയിലാണ്. ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, ആസാം എന്നീ സംസ്ഥാനങ്ങളിൽ ഇപ്പോഴും മഴ തുടരുകയാണ്. അസമിൽ 98 പേർ മരിച്ചു.
പല ജില്ലകളും ഒറ്റപ്പെട്ട നിലയിലാണ്. ഗതാഗതവും പൂർണമായി തടസ്സപ്പെട്ട നിലയിലാണ്. ഹിമാചലിൽ മണ്ണിടിച്ചിൽ ഭീഷണിയെത്തുടർന്ന് പ്രധാന റോഡുകളെല്ലാം അടച്ചു. ഉത്തരാഖണ്ഡിൽ നാലോളം ജില്ലകൾ പൂർണമായും വെള്ളത്തിനടിയിലാണ്. അങ്ങോട്ടേക്കുള്ള റോഡുകളെല്ലാം അടച്ചിരിക്കുന്നു സാഹചര്യത്തിൽ രക്ഷാപ്രവർത്തനവും ദുഷ്കരമായിരിക്കുകയാണ്.
ഹരിയാന, ചണ്ഡീഗഡ്, ഡൽഹി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അരുണാചൽ പ്രദേശ്, അസം, മേഘാലയ തുടങ്ങിയ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴ പ്രവചിച്ചിട്ടുണ്ട്.
കർണാടക, കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥാവകുപ്പ് അറിയിച്ചു. മണ്ണിടിച്ചിലിലും മിന്നൽ പ്രളയത്തിനും സാധ്യതയുള്ളതിനാൽ ജലാശയങ്ങളുടെ തീരങ്ങളിൽ താമസിക്കുന്നവർ അതീവജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.










0 comments