140 ഉന്നതികളിൽ വൈഫൈ കണക്ഷൻ നൽകി , കെ ഫോൺ 50 അങ്കണവാടികളിലും എത്തിച്ചു
ഇന്ന് ലോക വൈഫൈ ദിനം ; സമ്പൂർണ ഡിജിറ്റലാകാൻ അട്ടപ്പാടിയിലെ ഉന്നതികൾ

പുതൂർ പഞ്ചായത്തിൽ ആദിവാസി കുടുംബങ്ങൾക്ക് കെ–ഫോൺ മോഡം വിതരണം ചെയ്യുന്നു

വേണു കെ ആലത്തൂർ
Published on Jun 20, 2025, 12:36 AM | 1 min read
പാലക്കാട്
കേരളത്തിന്റെ ഡിജിറ്റലൈസേഷൻ പ്രവർത്തനങ്ങളിൽ നാഴികക്കല്ലായി അട്ടപ്പാടിയിലെ ഭൂരിഭാഗം ഉന്നതികളിലും സൗജന്യ ഇന്റർനെറ്റ് കണക്ഷൻ നൽകി കെ ഫോൺ.
ആദിവാസി മേഖലകളെ മുഴുവൻ ഡിജിറ്റലൈസ് ചെയ്യാൻ ലക്ഷ്യമിട്ട് കെ ഫോൺ നടത്തുന്ന ‘കണക്ടിങ് ദി അൺ കണക്റ്റഡ് പദ്ധതി’യുടെ ഭാഗമായാണ് അട്ടപ്പാടിയിലെ 140 ആദിവാസി ഉന്നതികളിൽ 600 വീടുകളിൽ കെ ഫോൺ കണക്ഷൻ നൽകിയത്. ആകെ 190 ഉന്നതികളാണുള്ളത്. പുതൂർ പഞ്ചായത്തിലെ 50 അങ്കണവാടികളിലും കണക്ഷൻ നൽകി. അട്ടപ്പാടിയിലെ ആകെയുള്ള നാലായിരത്തോളം ആദിവാസി വീടുകളിൽ ഇന്റർനെറ്റ് കണക്ഷൻ നൽകാനുള്ള കേബിളുകളും സജ്ജമായി. മാസം 1000 ജി ബി സൗജന്യ ഇന്റനെറ്റ് സേവനം ഉറപ്പാക്കി. നേരത്തേ ദിവസം ഒന്നര ജി ബി യായിരുന്നു സൗജന്യം. റീച്ചാർജ്ജും സൗജന്യം.
ഈ മേഖലയിൽ മറ്റ് സർവീസ് പ്രൊവൈഡർമാർക്കും കെ -ഫോൺ ഫൈബറുകൾ വാടകക്കെടുത്ത് ഇന്റർനെറ്റ് സേവനം നൽകാൻ സംവിധാനമൊരുക്കും. അട്ടപ്പാടിക്ക് പുറമേ തിരുവനന്തപുരം കോട്ടൂർ, വയനാട് ജില്ലയിലെ പന്തലാടിക്കുന്ന്, ഇടുക്കി ജില്ലയിലെ മലയോരമേഖല ഉൾപ്പെടെയുള്ളവയിലും കെ–ഫോൺ സേവനം ഉറപ്പുവരുത്തി. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ‘ഡിജി കേരളം’ പദ്ധതി പ്രകാരം നവംബർ ഒന്നോടെ കേരളത്തിലെ കുടുംബങ്ങളെ സമ്പൂർണ ഡിജിറ്റൽ സാക്ഷരരാക്കുക എന്ന ലക്ഷ്യവും കെ -ഫോണിനുണ്ട്. ആകെ 66,378 റീട്ടെയിൽ എഫ്ടിടിഎച്ച് കണക്ഷനുകളാണ് നിലവിൽ കെ -ഫോൺ സംസ്ഥാനത്താകെ നൽകിയിരിക്കുന്നത്. മറ്റ് സേവനദാതാക്കളുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിലെ ഏറ്റവും വലിയ നെറ്റുവർക്കാണ് കെ ഫോണിന്റേത്. 31,153 കിലോ മീറ്റർ ഫൈബർ ഒപ്റ്റിക് കേബിൾ പൂർത്തീകരിച്ച് കെ ഫോൺ നിലവിൽ പൂർണസജ്ജമാണ്.
0 comments