യൂത്ത് കോൺഗ്രസ്, കെപിസിസി പുനഃസംഘടനയോടെ പാർടിയിൽ പിടിമുറുക്കി
print edition സതീശന് റെഡ് അലർട്ട് ; ഗ്രൂപ്പുകളിൽ ന്യൂനമർദം


സി കെ ദിനേശ്
Published on Oct 23, 2025, 03:15 AM | 2 min read
തിരുവനന്തപുരം
കേരളത്തിൽ സജീവമാകുമെന്ന് സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ സ്ഥിരീകരിച്ചതോടെ ബദൽ നീക്കം ശക്തമാക്കി കോൺഗ്രസ് നേതാക്കൾ. കോഴിക്കോട്ട് കോൺഗ്രസ് നേതൃ ക്യാന്പിനെത്തിയ വേണുഗോപാൽ സംസ്ഥാനത്ത് സജീവമാകുമെന്ന് മാധ്യമങ്ങളിലൂടെയാണ് പ്രഖ്യാപിച്ചത്. ഇതെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ‘ റെഡ് അലർട്ട് ആണ്’ എന്ന മറുപടിയിലൂടെ രൂക്ഷമായാണ് പ്രതികരിച്ചത്. അമർഷം വെട്ടിത്തുറന്നു പറയാനൊരുങ്ങുകയാണ് മുൻ പ്രസിഡന്റ് കെ സുധാകരൻ.
രമേശ് ചെന്നിത്തല അടക്കം മുതിർന്ന നേതാക്കൾ പുനഃസംഘടനയിലുള്ള അതൃപ്തി ഹൈക്കമാൻഡിനെ അറിയിച്ചു. അർഹമായ സ്ഥാനം കിട്ടിയില്ലെങ്കിൽ ഇപ്പോൾ നൽകിയ സ്ഥാനങ്ങൾ ഏറ്റെടുക്കില്ലെന്ന് ഗ്രൂപ്പുകൾ അറിയിച്ചതോടെ വ്യാഴാഴ്‌ചത്തെ ഭാരവാഹി യോഗം ഉപേക്ഷിച്ചു. ഓർത്തഡോക്‌സ് സഭ രംഗത്തുവന്നതോടെ ചാണ്ടി ഉമ്മന് പേരിന് ചുമതല നൽകി.
സതീശൻ യുഡിഎഫിന്റെ ഉള്ള സാധ്യതകളെ ഇല്ലാതാക്കിയെന്ന വിമർശനം ശക്തമാക്കിയാണ് വേണുഗോപാൽ കളം പിടിക്കുന്നത്. ഹൈക്കമാൻഡിനെ ഇത് ബോധ്യപ്പെടുത്തിയതിന്റെ വിജയമാണ് പുനഃസംഘടനാ പട്ടിക. ഒന്നും യാദൃശ്ചികമല്ലെന്ന് തെളിയിക്കുന്നതാണ് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ പ്രതികരണം. കരുണാകരനും ആന്റണിയും ഉമ്മൻചാണ്ടിയും എഐസിസിയിൽ ഉന്നത സ്ഥാനം വഹിക്കുന്പോഴാണ് കേരളത്തിൽ സജീവമായതെന്നായിരുന്നു സണ്ണിയുടെ പ്രതികരണം. പരന്പരാഗത ഗ്രൂപ്പുകൾ പൊളിച്ച് ചേരിതിരിവുണ്ടാക്കിയാണ് വേണുഗോപാൽ വന്നത്.
സണ്ണി ജോസഫിനൊപ്പം കെ മുരളീധരനും വേണുഗോപാലിനെ സ്വാഗതം ചെയ്യുന്പോൾ എ, ഐ ഗ്രൂപ്പുകൾ മറുഭാഗത്ത് ആയുധങ്ങൾക്ക് മൂർഛകൂട്ടുകയാണ്.
കെപിസിസി പ്രസിഡന്റായിരുന്നപ്പോൾ സുധാകരനൊപ്പമാണെന്ന് പറഞ്ഞ് വേണുഗോപാലിനോട് കൂറ് കാണിച്ചവരാണ് കെ ജയന്തും എം ലിജുവും അടക്കമുള്ളവർ. ഇവരെ വീണ്ടും പരിഗണിച്ചപ്പോൾ സുധാകരനാണ് കബളിപ്പിക്കപ്പെട്ടത്. ആദ്യം 33 പേരുടെ പട്ടികയും പിന്നീട് ഉറപ്പായും എടുക്കേണ്ട 11 പേരും നൽകിയിരുന്നു. വേണുഗോപാലിനോട് കൂറ് കാണിച്ചവരെയാണ് ആദ്യപട്ടികയിൽനിന്ന് ഭാരവാഹികളാക്കിയത്. എന്നാൽ, സുധാകരന്റെ ആളുകളാണെന്ന് പ്രചരിപ്പിക്കുകയും സുധാകരന് ഒപ്പമുള്ളവരെ തഴയുകയും ചെയ്‌തു.

നേരത്തെ തുടങ്ങിയ കരുനീക്കം
ഗ്രൂപ്പ് സമവാക്യങ്ങൾ തകർത്ത് കേരളരാഷ്‌ട്രീയത്തിലേക്ക് കെ സി വേണുഗോപാൽ ചുവടുപ്പിക്കുന്നത് കൃത്യമായ കരുനീക്കത്തിലൂടെ. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സജീവമായി, നിയമസഭാ തെരഞ്ഞെടുപ്പോടെ കളം ഉറപ്പാക്കുക എന്ന ലക്ഷ്യത്തിലാണ് നീക്കം. യൂത്ത് കോൺഗ്രസ്, കെപിസിസി പുനഃസംഘടനയോടെ പാർടിയിൽ പിടിമുറുക്കി. വിശ്വസ്‌തനായ ബിനു ചുള്ളിയിലിനെ വർക്കിങ് പ്രസിഡന്റാക്കി യൂത്തിനെ വേണുഗോപാൽ കൈപ്പിടിയിലാക്കി. ഷാഫി പറന്പിൽ, എ പി അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലൊരു വിഭാഗം നേരത്തെ വേണുഗോപാൽ പക്ഷത്ത് ചുവടുറപ്പിച്ചതാണ്. യൂത്ത് കോൺഗ്രസിൽ അബിൻ വർക്കിയെ തഴഞ്ഞ് ഒ ജെ ജനീഷിനെ പ്രസിഡന്റാക്കിയത് ഇൗ സഖ്യമാണ്. കെപിസിസി പുനഃസംഘടനയിൽ ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റുമാരായി നല്ലൊരു ശതമാനത്തെ സ്വന്തംപക്ഷത്തുനിന്ന് നിയോഗിച്ചു.
സംഘടനാ ജനറൽ സെക്രട്ടറിപദത്തിലടക്കം വിശ്വസ്‌തരാണിനി വരാൻപോകുന്നതും. മഹിളാ കോൺഗ്രസ് അടക്കമുള്ള സംഘടനകളിൽ നേരത്തെ സ്വാധീനം ഉറപ്പാക്കിയതാണ്.
കെ സുധാകരന്റെ നോമിനി എന്ന അക്കൗണ്ടിലാണ് സണ്ണി ജോസഫ് കെപിസിസി പ്രസിഡന്റായത്. എന്നാൽ, സാഹചര്യം തിരിച്ചറിഞ്ഞ് സണ്ണി അതിവേഗം വേണുഗോപാലിനൊപ്പമായി. സംഘടനയുടെ എല്ലാതലത്തിലും സ്വന്തക്കാരെ പ്രതിഷ്‌ഠിച്ച് നിലമൊരുക്കിയുള്ള വരവോടെ എ, ഐ ഗ്രൂപ്പുകൾ അരികുവൽക്കരിക്കപ്പെടുന്ന സ്ഥിതിയാണ്. ഹൈക്കമാൻഡിൽ പ്രബലനായ സംഘടനാ ജനറൽ സെക്രട്ടറിയാണ് വേണുഗോപാൽ. അതിനാൽ എ, ഐ ഗ്രൂപ്പുകളിൽനിന്നെല്ലാം നേതാക്കളുടെ അതിവേഗ കൂടുമാറ്റം വേണുഗോപാൽ പക്ഷത്തേക്കുണ്ടാകും. കെപിസിസി പ്രിസിഡന്റ് സണ്ണി ജോസഫും കെ മുരളീധരനും വേണുഗോപാലിനെ സ്വാഗതംചെയ്‌തത് ഇതിന്റെ സൂചനയാണ്.
ഐ ഗ്രൂപ്പ് നേതാവായിരുന്ന വേണുഗോപാൽ ഡൽഹിയിലേക്ക് കളംമാറ്റിയതോടെ ഗ്രൂപ്പ് നേതൃത്വവുമായി അകന്നിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം ചെന്നിത്തലയെ വെട്ടി സതീശൻ പ്രതിപക്ഷ നേതാവായതോടെ അകൽച്ച പരസ്യമായി. സതീശനെ നേതൃസ്ഥാനത്തിരുത്തി റിമോട്ട് നിയന്ത്രണമായിരുന്നു ഇതേവരെ അരങ്ങേറിയത്. കെ സുധാകരനടക്കം ഒതുങ്ങിയ സാഹചര്യത്തിൽ സമയം അനുകൂലമെന്ന് മനസ്സിലാക്കിയാണ് താനിവിടെയാണെന്ന പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഇടയാനിടയുള്ള കെ മുരളീധരന്റെയടക്കം പിന്തുണ ഉറപ്പാക്കി തന്ത്രപരമായാണ് നീക്കങ്ങൾ.









0 comments