print edition ഷാഫിക്ക് ചുമതല നൽകാൻ വേണുഗോപാലിന്റെ നീക്കം

തിരുവനന്തപുരം
ഷാഫി പറമ്പിലിനെ കെപിസിസി ഏൽപ്പിക്കുക വഴി നിയമസഭ സ്ഥാനാർഥി നിർണയത്തിലും പ്രചാരണരംഗത്തും നിയന്ത്രണം കെ സി വേണുഗോപാൽ ഏറ്റെടുക്കും. സണ്ണി ജോസഫ് മത്സരിക്കുന്ന സാഹചര്യത്തിൽ കെപിസിസി പ്രസിഡന്റിന്റെ ചുമതല ഷാഫി പറമ്പിലിന് നൽകുമെന്ന വാർത്തയാണ് പുറത്തുവന്നത്. സണ്ണിയെ പ്രസിഡന്റായിവച്ചതും വേണുഗോപാലാണെങ്കിലും തന്റെ താൽപ്പര്യങ്ങൾ നടപ്പാക്കാൻ കൂടുതൽ നല്ലത് ഷാഫിയാണെന്നതും പുതിയ നീക്കത്തിന് കാരണമാണ്.
പ്രതിപക്ഷനേതാവ് വി ഡി സതീശന് തടയിടാൻ ഏറ്റവും നല്ല മാർഗമെന്ന നിലയിലാണ് ഷാഫിയെ കൊണ്ടുവരുന്നതെന്ന സൂചനയും ചില കോൺഗ്രസ് നേതാക്കൾ നൽകി. ചുമതല സംബന്ധിച്ച് മറ്റ് അവകാശവാദങ്ങൾ ഉയരുന്നതിന് മുൻപേ പേര് പുറത്തുവിട്ടതിനെ ചൊല്ലി ഭിന്നതയുണ്ട്. കെ സി ജോസഫ്, എം എം ഹസൻ അടക്കം മുതിർന്ന നേതാക്കൾക്ക് ചുമതല നൽകണമെന്ന അഭിപ്രായം ശക്തമാണ്.
രാഹുൽ മാങ്കൂട്ടത്തിലിനെ സംരക്ഷിക്കാൻ മുന്നിൽനിന്നയാളാണ് ഷാഫി. വടകരയിലെത്തിച്ച് രാഹുലിന് ഫ്ലാറ്റ് സൗകര്യം നൽകിയത് ആരാണെന്ന ചോദ്യവും കോൺഗ്രസ് വൃത്തങ്ങളിൽനിന്ന് തന്നെ ഉയരുന്നുണ്ട്. വി ഡി സതീശൻ, മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എന്നിവരോട് വിയോജിപ്പുള്ള യുവനേതാക്കളുടെ മുൻനിരയിലുള്ളയാളായാണ് ഷാഫി പാർടിയിൽ അറിയപ്പെടുന്നത്. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ തുടർച്ചയായി ലൈംഗികപീഡന പരാതികൾ ഉയർന്നതോടെയാണ് ഇൗ സംഘത്തിന് ക്ഷീണമായത്. ഷാഫിയെയും രാഹുലിനേയും പ്രോത്സാഹിപ്പിച്ചത് പ്രതിപക്ഷ നേതാവായിരുന്നു.
ചില എംപിമാർക്ക് നിയമസഭ സീറ്റ് നൽകുന്ന കാര്യത്തെകുറിച്ചും തർക്കം രൂക്ഷമാണ്. ശശി തരൂർ എഐസിസി നിർദേശപ്രകാരം മത്സരിക്കുകയാണെങ്കിൽ കെ സുധാകരനുൾപ്പെടെ ചിലർക്ക് സീറ്റ് ലഭിച്ചേക്കും.










0 comments