ബിജെപി വിട്ട കെ എ ബാഹുലേയൻ സിപിഐ എമ്മിനൊപ്പം പ്രവർത്തിക്കും

തിരുവനന്തപുരം: ബിജെപി മുന്‍ ദേശീയ കൗൺസിൽ അംഗം കെ എ ബാഹുലേയൻ സിപിഐ എമ്മുമായി സഹകരിച്ച് പ്രവർത്തിക്കും. എ കെ ജി സെന്ററിലെത്തി ബാഹുലേയൻ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ കണ്ടു. ശ്രീനാരായണ ഗുരുവിനെ ജാതിതിരിച്ച് അപമാനിച്ച ബിജെപി നടപടിയിൽ പ്രതിഷേധിച്ചാണ് ബാഹുലേയന്‍ പാർടിയിൽ നിന്നും രാജിവെച്ചത്. നിരവധി കാരണങ്ങൾ കൊണ്ടാണ് താൻ സിപിഐ എമ്മിനൊപ്പം ചേരുന്നത്. പുറത്തിറങ്ങി ബിജെപിക്കാരനാണെന്ന് പറയാൻ നാണക്കേടാണ്. സഹിക്കാൻ പറ്റില്ല, അനുഭവിച്ചാലെ നിങ്ങൾക്ക് മനസിലാകൂ എന്നും കെ എൻ ബാഹുലേയൻ മാധ്യമങ്ങളോട് പറഞ്ഞു.
എസ്‌എൻഡിപി യോഗം അസി. സെക്രട്ടറി കൂടിയായ കെ എ ബാഹുലേയൻ സമൂഹമാധ്യമങ്ങളിലൂടെയാണ് രാജി അറിയിച്ചത്. ശ്രീകൃഷ്‌ണ ജയന്തിയും രാമ ജയന്തിയുമെല്ലാം നേരിട്ട് ആഘോഷിക്കുന്ന ബിജെപി ശ്രീനാരായണ ഗുരു ജയന്തി സംഘടിപ്പിക്കാൻ ഒബിസി മോർച്ചയെയാണ് ചുമതലപ്പെടുത്തിയത്. ഗുരു ജയന്തി നേരിട്ട് ആഘോഷിച്ചാൽ ബിജെപിയിലെ വരേണ്യ ചിന്താഗതിക്കാർ അതൃപ്‌തരാകും എന്ന് കണ്ടാണ് ഇത് ചെയ്‌തത്. ഇതിലൂടെ ബിജെപിക്കുള്ളിലെ സങ്കുചിത ജാതി ചിന്ത പുറത്തായെന്ന് ബാഹുലേയൻ പറഞ്ഞു.
ബിജെപിക്ക് ഗുരുവിനെ പിന്നാക്കക്കാരനായി കാണാനാണ് ആഗ്രഹം. സങ്കുചിതമായ അടിത്തറയല്ല ഗുരുദേവനുള്ളത്. ഇൗ വിഷയം എവിടേയും പറയാൻ പറ്റില്ല. ചർച്ചയില്ലാത്ത പാർടിയാണത്. നേതാക്കൾ പ്രസംഗിക്കും, അണികൾ കൈയടിക്കും. അതിനപ്പുറമില്ല. ബിജെപിക്ക് വോട്ടുമാത്രമേ വേണ്ടതുള്ളു – ബാഹുലേയൻ പറഞ്ഞു.
ബിജെപി നേതാവ് ടി പി സെൻകുമാറും ഇതേ വിഷയത്തിൽ നേതൃത്വത്തിനെതിരെ പ്രതികരിച്ചിരുന്നു. നാം ഒരു വർഗത്തിന്റെ മാത്രം ആളല്ലെന്നും നാം ജാതിഭേദംവിട്ടിട്ട് സംവത്സരങ്ങൾ കഴിഞ്ഞിരിക്കുന്നുവെന്നുമാണ് ഗുരുദേവൻ അരുളിയതെന്നും അത് നിങ്ങൾക്ക് ഇപ്പോഴും അറിയില്ലേ എന്നുമായിരുന്നു സെൻകുമാറിന്റെ പരിഹാസം. മതഭേദം വിട്ട ശ്രീ നാരായണ ഗുരുവിനെ കാവിയുടുപ്പിച്ച് ഹിന്ദുസന്യാസിയാക്കാൻ ബിജെപി നിരന്തരം ശ്രമിക്കുന്നതിനിടെയാണ് പാർടിക്കുള്ളിലെ വരേണ്യചിന്ത പുറത്താകുന്നത്.










0 comments