ഗുരുവിനെ ബിജെപി തരംതാഴ്‌ത്തി : വെള്ളാപ്പള്ളി
ഗുരുവിനെ ജാതിതിരിച്ച് അപമാനിച്ച് ബിജെപി ; ദേശീയ നേതാവ് രാജിവച്ചു

തിരുവനന്തപുരം
ശ്രീനാരായണ ഗുരുവിനെ ജാതിതിരിച്ച് അപമാനിച്ച ബിജെപി നടപടിയിൽ പ്രതിഷേധിച്ച് ദേശീയ കൗൺസിൽ അംഗം പാർടിയിൽ നിന്ന് രാജിവച്ചു. എസ്‌എൻഡിപി യോഗം അസി. സെക്രട്ടറി കൂടിയായ കെ എ ബാഹുലേയനാണ് സമൂഹമാധ്യമങ്ങളിലൂടെ രാജി അറിയിച്ചത്. ശ്രീകൃഷ്‌ണ ജയന്തിയും രാമ ജയന്തിയുമെല്ലാം നേരിട്ട് ആഘോഷിക്കുന്ന ബിജെപി ശ്രീനാരായണ ഗുരു ജയന്തി സംഘടിപ്പിക്കാൻ ഒബിസി മോർച്ചയെയാണ് ചുമതലപ്പെടുത്തിയത്. ഗുരു ജയന്തി നേരിട്ട് ആഘോഷിച്ചാൽ ബിജെപിയിലെ വരേണ്യ ചിന്താഗതിക്കാർ അതൃപ്‌തരാകും എന്ന് കണ്ടാണ് ഇത് ചെയ്‌തത്. ഇതിലൂടെ ബിജെപിക്കുള്ളിലെ സങ്കുചിത ജാതി ചിന്ത പുറത്തായെന്ന് ബാഹുലേയൻ പറഞ്ഞു.
ബിജെപിക്ക് ഗുരുവിനെ പിന്നാക്കക്കാരനായി കാണാനാണ് ആഗ്രഹം. സങ്കുചിതമായ അടിത്തറയല്ല ഗുരുദേവനുള്ളത്. ഇൗ വിഷയം എവിടേയും പറയാൻ പറ്റില്ല. ചർച്ചയില്ലാത്ത പാർടിയാണത്. നേതാക്കൾ പ്രസംഗിക്കും, അണികൾ കൈയടിക്കും. അതിനപ്പുറമില്ല. ബിജെപിക്ക് വോട്ടുമാത്രമേ വേണ്ടതുള്ളു – ബാഹുലേയൻ പറഞ്ഞു.
ബിജെപി നേതാവ് ടി പി സെൻകുമാറും ഇതേ വിഷയത്തിൽ നേതൃത്വത്തിനെതിരെ പ്രതികരിച്ചിരുന്നു. നാം ഒരു വർഗത്തിന്റെ മാത്രം ആളല്ലെന്നും നാം ജാതിഭേദംവിട്ടിട്ട് സംവത്സരങ്ങൾ കഴിഞ്ഞിരിക്കുന്നുവെന്നുമാണ് ഗുരുദേവൻ അരുളിയതെന്നും അത് നിങ്ങൾക്ക് ഇപ്പോഴും അറിയില്ലേ എന്നുമായിരുന്നു സെൻകുമാറിന്റെ പരിഹാസം. മതഭേദം വിട്ട ശ്രീ നാരായണ ഗുരുവിനെ കാവിയുടുപ്പിച്ച് ഹിന്ദുസന്യാസിയാക്കാൻ ബിജെപി നിരന്തരം ശ്രമിക്കുന്നതിനിടെയാണ് പാർടിക്കുള്ളിലെ വരേണ്യചിന്ത പുറത്താകുന്നത്.
ഗുരുവിനെ ബിജെപി തരംതാഴ്‌ത്തി : വെള്ളാപ്പള്ളി
ശ്രീനാരായണഗുരുജയന്തി ദിനം ആഘോഷിക്കാൻ ഒബിസി മോർച്ചയെ ചുമതലപ്പെടുത്തിയ ബിജെപിയുടെ നടപടി അപഹാസ്യവും പ്രതിഷേധാർഹവുമാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഗുരു പ്രത്യേകവിഭാഗത്തിന്റെ ആളായിരുന്നില്ല. അങ്ങനെയുള്ള ഗുരുവിനെ ഒരു മോർച്ചയിലേക്ക് തരംതാഴ്ത്തുകയാണ് ചെയ്തത്. ഇങ്ങനെ കാണുകയും ചിന്തിക്കുകയും അതിനായി ചിലരെ ചുമതലപ്പെടുത്തുകയും ചെയ്തത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. ഇതിന് മറുപടി പറയണം. ഇതിലേക്ക് നയിച്ച ബുദ്ധി ആരുടേതാണെന്ന് മനസ്സിലാകുന്നില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.










0 comments