ശിവഗിരിയിൽ അതിക്രമം നടത്തിയത് സംഘപരിവാറിനുവേണ്ടി ; ആന്റണിയുടെ ഖേദപ്രകടനം കള്ളക്കണ്ണീർ : കെ എ ബാഹുലേയൻ

തിരുവനന്തപുരം
എ കെ ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോൾ 1995ൽ ശിവഗിരിയിൽ നടന്ന നിഷ്ഠുരമായ പൊലീസ് അതിക്രമം സംഘപരിവാറിനെ സഹായിക്കാനായിരുന്നുവെന്ന് അന്ന് സമാധാന ശ്രമങ്ങൾക്ക് മുൻകയ്യെടുത്ത കെ എ ബാഹുലേയൻ. സംഘർഷമില്ലാതെ പരിഹരിക്കാൻ വിവിധ മാർഗം നിർദേശിച്ചിട്ടും കേൾക്കാൻ ആന്റണി കൂട്ടാക്കിയില്ല.
അന്ന് എസ്‌എൻഡിപി യോഗം കൗൺസിലർ ആയിരുന്ന താനും ഒരു മാധ്യമ പ്രവർത്തകനും ചേർന്നാണ് വിധിയുടെ പശ്ചാത്തലത്തിൽ ആന്റണിയെ കണ്ടത്. പൊലീസിനെ വിട്ടാൽ വലിയ പ്രശ്നമുണ്ടാകുമെന്ന് അറിയിച്ചു. വിധിയിൽ ചില അവ്യക്തതകളുണ്ടായിരുന്നു. ഇതിൽ ഹൈക്കോടതിയിൽ ക്ലാരിഫിക്കേഷൻ ചോദിക്കണമെന്നും പറഞ്ഞു. അതിന് തയ്യാറായിരുന്നെങ്കിൽ നടപടി വേണ്ടിവരില്ലായിരുന്നു. ശിവഗിരി നിയമാവലി പ്രകാരം 11 അംഗ ട്രസ്‌റ്റിൽ ചുരുങ്ങിയത് ഏഴ് പേരുണ്ടെങ്കിലേ സാധുതയുള്ളു. അന്ന് പ്രശ്നം നടക്കുന്പോൾ അഞ്ച് പേർ രാജിവച്ചിരുന്നു. ആറംഗ ട്രസ്‌റ്റ് നിയമപരമല്ല.
മറ്റൊരു അഭിപ്രായം പറഞ്ഞത് ഇരുഭാഗത്തുമുള്ള സ്വാമിമാരെ വിളിച്ചിരുത്തി സംസാരിക്കാനാണ്. കാരണം, സ്വാമിമാരല്ല പിന്നിലുള്ള സംഘപരിവാറുകാരായിരുന്നു പ്രശ്‌നക്കാർ. നിയമപരമല്ലാത്ത ആറംഗ ട്രസ്‌റ്റിനു വേണ്ടി വാദിച്ചതും അവരാണ്. ഇക്കാര്യങ്ങളൊക്കെ പറഞ്ഞിട്ടും വഴങ്ങാതിരുന്ന ആന്റണി പറഞ്ഞു: ‘ബാഹുലേയന് കാര്യങ്ങൾ അറിഞ്ഞുകൂടാത്തതുകൊണ്ടാണ്, കോടതിയലക്ഷ്യത്തിന് ബംഗളൂരുവിൽ ഐഎഎസ് ഉദ്യോഗസ്ഥൻ ജയിലിൽ കിടക്കുകയാണ്. തനിക്ക് ജയിലിൽ പോകാൻ കഴിയില്ല’.
ആരെ സഹായിക്കാനാണ് ഇതെന്ന് അപ്പോൾതന്നെ വ്യക്തമായി. മാത്രമല്ല, നടപടിക്ക് ഒരു മാസം മുൻപേ തന്നെ സർക്കാർ റാപിഡ് ആക്ഷൻ ഫോഴ്‌സ് അടക്കം രൂപീകരിച്ച് തയ്യാറെടുപ്പും നടത്തിയിരുന്നു.
മന്ത്രിയായിരുന്ന സി വി പത്മരാജനെയും കണ്ടിരുന്നു. ‘പൊലീസിനെ വച്ച് അതൊക്കെ നടത്തിയെടുക്കാൻ ഞങ്ങൾക്കറിയാം’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ‘ആന്റണി കാര്യങ്ങളൊക്കെ തീരുമാനിച്ചിട്ടുണ്ട്, സി വി യും അതിനൊപ്പമാണ്. ഞാൻ നിസഹായനാണ് ’’ എന്നായിരുന്നു വക്കം പുരുഷോത്തന്റെ ന്യായം. ഇതാണ് വസ്തുതയെന്നിരിക്കെ, ആന്റണിയുടെ ഇപ്പോഴത്തെ ഖേദപ്രകടനം കള്ളക്കണ്ണീരാണെന്നും ബാഹുലേയൻ പറഞ്ഞു.










0 comments