നേപ്പാൾ പ്രളയം
print edition ഒന്നും ശേഷിക്കുന്നില്ല

നേപ്പാൾ സുവാക്കോട്ടിലെ ദെവിഘാട്ടിൽ പ്രളയത്തിൽ തകർന്ന വീടിനുമുന്നിൽ സാധനങ്ങൾ തിരയുന്ന സ്ത്രീ
കാഠ്മണ്ഡു: നേപ്പാളില്‍ ബുധനാഴ്ചയുണ്ടായ വിനാശകരമായ മിന്നൽ പ്രളയത്തിൽ ഭാര്യയെയും നാല് മക്കളെയുമാണ് 38-കാരനായ ഗിരി ലാലിന് നഷ്ടമായത്. പ്രളയം നാശംവിതച്ച തിമുരെയിൽ നിന്നും 160 കിലോമീറ്റർ അകലെ കാഠ്മണ്ഡുവിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ് ഇപ്പോള്‍ ഗിരി ലാല്‍. ഗിരിലാലിനെ പോലെ ആയിരങ്ങള്‍ ഉറ്റവരെ നഷ്ടപ്പെട്ടും വിവരങ്ങള്‍ അറിയാതെയും തീരാ സങ്കടത്തില്‍ കഴിയുന്നു.
പ്രാദേശിക മാലിന്യ നിർമാർജന ഓഫീസിലെ വാഹനം ഓടിച്ച് കുടുംബം പോറ്റിയിരുന്ന ഗിരി ലാൽ, ജീവിതത്തിലെ വലിയ നഷ്ടവുമായി പൊരുത്തപ്പെടാൻ പാടുപെടുന്ന അതിജീവിതരില്‍ ഒരാള്‍മാത്രം. ഭരത്പൂർ ആശുപത്രിയിൽ, മറ്റൊരു കുടുംബം ഉറ്റവര്‍ക്കായ് തീവ്രമായ തിരച്ചിലിലാണ്. കാണാതായ സഹോദരൻ സാബിയുടെ ചിത്രവുമായി ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിന് പുറത്തുനിന്ന് ലിപ സപ്കോട്ട, ആളുകളോട് തിരക്കുകയാണ് "അദ്ദേഹത്തെ കണ്ടിട്ടുണ്ടോ' എന്ന്. "അവിടെ ചില മൃതദേഹങ്ങൾ ഉണ്ടായിരുന്നു, അവയുടെ അവസ്ഥ മോശമായതിനാൽ തിരിച്ചറിയാൻ കഴിയുന്നില്ല,' ലിപ പറഞ്ഞു.
നുവാകോട്ട് ജില്ലയിലെ ത്രിശൂലിയിൽ, ഉത്കണ്ഠാകുലരായ ആയിരക്കണക്കിനാളുകള്‍ സൈനിക് മൈതാനത്ത് തടിച്ചുകൂടി. കാണാതായ ബന്ധുക്കളുടെ വിവരങ്ങൾ അവര്‍ രക്ഷാപ്രവർത്തകർക്കും അധികാരികൾക്കും കൈമാറുന്നു. "എന്റെ പിതാവ് അവിടെയുണ്ട്. ദുരന്തം ബാധിച്ച പ്രദേശത്തെ ജലവൈദ്യുത പദ്ധതിയിലാണ് ജോലി ചെയ്തിരുന്നത്. അന്ന് രാവിലെ അദ്ദേഹം ഡ്യൂട്ടിയിലായിരുന്നു, അതിനുശേഷം ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ല,' ഒരു പ്രദേശവാസി പറഞ്ഞു. ദുരന്ത ഭൂമിയില്‍ നിന്ന് സ്വന്തം ജീവന്‍ ഒഴികെ ബാക്കിയെല്ലാം നഷ്ടപ്പെട്ട യുവാവ് പറഞ്ഞു. "അവിടെ ഒന്നും അവശേഷിക്കുന്നില്ല. എനിക്ക് എല്ലാം നഷ്ടപ്പെട്ടു, അച്ഛനെയും അമ്മയെയും അടക്കം.'
"ഇതുപോലൊരു ദുരന്തം മുമ്പ് കണ്ടിട്ടില്ല. ഞങ്ങൾ വീടുകൾ ഉപേക്ഷിച്ച് ഉയർന്ന പ്രദേശത്തേക്ക് കയറി. ഇത്രയും ഭയാനകമായ മിന്നൽ പ്രളയം മുമ്പ് കണ്ടിട്ടില്ല, വീടുകളും സർക്കാർ ഓഫീസുകളും മാർക്കറ്റുകളും കൃഷിയിടങ്ങളും ഒലിച്ചുപോയി' ദുരന്തം ബാധിച്ച ത്രിശൂലിയിലെ പ്രായമായ സ്ത്രീ പിടിഐയോട് പറഞ്ഞു. റസുവ, ധാഡിങ്, നുവാകോട്ട്, ചിത്വാൻ എന്നിവയുൾപ്പെടെയുള്ള പ്രളയബാധിത ജില്ലകളിൽ നേപ്പാൾ സൈന്യവും മറ്റ് സുരക്ഷാ ഏജൻസികളും തിരച്ചില്‍ തുടരുകയാണ്.
മരണസംഖ്യ കുത്തനെ ഉയരുന്നതിനൊപ്പം ആശുപത്രികളിലെ താല്‍ക്കാലിക മോര്‍ച്ചറികളില്‍ മൃതദേഹങ്ങള്‍ നിറയുന്നു. രക്ഷാപ്രവര്‍ത്തകര്‍ക്ക് മൃതദേഹങ്ങളാണ് കിട്ടികൊണ്ടിരിക്കുന്നത്.









0 comments