തിമിംഗില സ്രാവ് ദിനം നാളെ
മത്സ്യത്തൊഴിലാളികൾ രക്ഷിച്ചത് 54 തിമിംഗില സ്രാവുകളെ

തിമിംഗലസ്രാവ് സംരക്ഷണ ക്യാമ്പയിനിൽനിന്ന്
കൊല്ലം
സംസ്ഥാനത്ത് ഒന്പതു വർഷത്തിനിടെ മത്സ്യത്തൊഴിലാളികൾ തിരികെവിട്ടത് വലയിൽ അകപ്പെട്ട 54 തിമിംഗില സ്രാവുകളെ. രക്ഷാപ്രവർത്തനത്തിലൂടെ എറ്റവും കൂടുതൽ തിമിംഗില സ്രാവുകളെ വലപൊട്ടിച്ച് കടലിലേക്ക് വിട്ടത് തിരുവനന്തപുരത്താണ്, 48എണ്ണം. ശേഷിച്ചവയെ കൊല്ലം മുതൽ കണ്ണൂർ വരെയുള്ള തീരത്തുനിന്നാണ് തൊഴിലാളികൾ കടലിലേക്ക് വിട്ടത്. 2017ൽ എൽഡിഎഫ് സർക്കാർ വനം വകുപ്പിന്റ നേതൃത്വത്തിൽ നടപ്പാക്കിയ ‘സേവ് ദ വെയിൽ ഷാർക് ക്യാമ്പയിൻ’പദ്ധതിയാണ് തീരത്ത് കാതലായ മാറ്റത്തിന് ഇടയാക്കിയത്. വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ, ഫിഷറീസ് വകുപ്പ്, തുറമുഖ വകുപ്പ്, മൃഗസംരക്ഷണ വകുപ്പ് എന്നിവയുടെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയിലൂടെയുള്ള ബോധവല്‍ക്കരണ പരിപാടികളാണ് മത്സ്യത്തൊഴിലാളികളെ ലോകത്തിലെ ഏറ്റവും വലിയ മത്സ്യത്തിന്റെ ചങ്ങാതികളാക്കിയത്. കുടുങ്ങുന്ന തിമിംഗില സ്രാവുകളെ വലകീറി തിരികെ വിടുമ്പോൾ മത്സ്യത്തൊഴിലാളികൾ നേരിടുന്ന നഷ്ടത്തിനു പരിഹാരമായി വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ പ്രവർത്തന ഫണ്ടിൽനിന്ന് ഇതിനകം നൽകിയത് 12ലക്ഷം രൂപ. 47മത്സ്യത്തൊഴിലാളികൾക്കാണ് ഇതിന്റെ പ്രയോജനം ലഭിച്ചത്. ഐയുസിഎൻ (ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചർ)റെഡ് ലിസ്റ്റിൽ ഉൾപ്പെട്ട തിമിംഗില സ്രാവ് സാധാരണ മറ്റു മത്സ്യങ്ങൾക്കുവേണ്ടി വിരിക്കുന്ന വലയിൽ കുടുങ്ങിയാണ് കൂടുതലും ചാകുന്നത്. വെള്ളുടുമ്പൻ സ്രാവ്, പുള്ളി സ്രാവ് എന്നീ പേരിൽ അറിയുന്ന തരുണാസ്ഥിയുള്ള മീനായ ഇവയുടെ വേട്ടയും വ്യാപകമായിരുന്നു. ഇതിന് അറുതിവരുത്താനും വലകീറി കടലിൽ തിരികെ വിടാനും തൊഴിലാളികൾക്ക് പ്രേരണയായത് ഇൗ പദ്ധതിയാണ്.








0 comments