കന്നേറ്റി ജലമേള
പുണ്യാളൻ നിരണം ചുണ്ടൻ ജേതാവ്

86-–ാമത് ശ്രീനാരായണ ട്രോഫി വള്ളംകളി മത്സരത്തിൽ സൗഹൃദം 87 ബോട്ട് ക്ലബ്ബിന്റെ പുണ്യാളൻ നിരണം ഒന്നാമതെത്തുന്നു
സ്വന്തം ലേഖകന്‍........................
Published on Aug 29, 2026, 12:54 AM | 1 min read
കരുനാഗപ്പള്ളി
ഓളപ്പരപ്പിൽ ആവേശത്തിരമാല തീർത്ത 86–-ാമത് കന്നേറ്റി ശ്രീനാരായണട്രോഫി ജലോത്സവത്തിൽ സൗഹൃദം 87 ബോട്ട് ക്ലബ് തുഴഞ്ഞ പുണ്യാളൻ നിരണം ചുണ്ടൻ ജലരാജാവ്. ഒന്നരലക്ഷം രൂപയും ശ്രീനാരായണ ട്രോഫിയുമാണ് സമ്മാനം. സംഘം കന്നേറ്റിയുടെ നടുവിലാപറമ്പനാണ് രണ്ടാം സ്ഥാനം. ഇരുവർ ബോട്ട് ക്ലബ്ബിന്റെ സെന്റ് പയസ് ടെൻത് ചുണ്ടനാണ് മൂന്നാം സ്ഥാനത്തെത്തിയത്. തെക്കനോടി വള്ളങ്ങളുടെ മത്സരത്തിൽ ഒഎൻസിസി ബോട്ട് ക്ലബ്ബിന്റെ പടിഞ്ഞാറെ പറമ്പൻ ഒന്നാം സ്ഥാനത്തെത്തി. ഐക്യം ബോട്ട് ക്ലബ്ബിന്റെ ചെല്ലിക്കാടൻ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. വെപ്പ് വള്ളങ്ങളുടെ എ ഗ്രേഡ് മത്സരത്തിൽ ന്യൂടൗൺ ബോട്ട് ക്ലബ്ബിന്റെ മണലി ഒന്നാം സ്ഥാനവും ഐക്യം ബോട്ട് ക്ലബ്ബിന്റെ നവജ്യോതി രണ്ടാം സ്ഥാനവും സ്വന്തമാക്കി. വിജയികൾക്ക് കലക്ടർ ആനി ജൂലാ തോമസും സിറ്റി പൊലീസ് കമീഷണർ എം ഹേമലതയും ചേർന്ന് സമ്മാനങ്ങൾ വിതരണംചെയ്തു. വിദ്യാഭ്യാസ, കലാകായിക പ്രതിഭകളെയും സ്പോൺസർമാരെയും ചടങ്ങിൽ ആദരിച്ചു. വെള്ളി രാവിലെ എട്ടിന് കരുനാഗപ്പള്ളി എസ്എൻഡിപി യൂണിയൻ പ്രസിഡന്റ് കെ സുശീലൻ പതാക ഉയർത്തിയ പരിപാടിയില്‍ മന്ത്രി എം ലിജു മുഖ്യാതിഥിയായി. പകല്‍ രണ്ടിന് നടന്ന സമ്മേളനം മന്ത്രി പി സി വിഷ്ണുനാഥ് ഉദ്ഘാടനംചെയ്തു. സി ആർ മഹേഷ് എംഎൽഎ അധ്യക്ഷനായി. മുനിസിപ്പല്‍ ചെയർമാൻ പി സോമരാജൻ ആമുഖ പ്രഭാഷണം നടത്തി. എൻ കെ പ്രേമചന്ദ്രൻ എംപി മാസ്ഡ്രിൽ സല്യൂട്ട് സ്വീകരിച്ചു. ജലോത്സവ കമ്മിറ്റി ജനറൽ ക്യാപ്റ്റൻ എസ് പ്രവീൺ കുമാറിന്റെ നേതൃത്വത്തിൽ വർണാഭമായ ജലഘോഷയാത്രയും നടന്നു. ഫ്ലോട്ടുകൾ ഉൾപ്പെടെ ഘോഷയാത്രയ്ക്ക് മിഴിവേകി.








0 comments