ജ്യോതി ചാരപ്പണി ചെയ്‌തതിന് കേരളമെന്ത് പിഴച്ചു ; ടൂറിസത്തെ തകര്‍ക്കാൻ ഗൂഢശ്രമം

തിരുവനന്തപുരം
ചാരവൃത്തികേസിൽ അറസ്റ്റിലായ വ്ലോഗർ ജ്യോതി മൽഹോത്ര കേരളം സന്ദർശിച്ചത് വിവാദമാക്കി കേരള ടൂറിസത്തെ തകർക്കാൻ ഗൂഢ ശ്രമം. ഹരിയാന സ്വദേശിയായ ജ്യോതി മുമ്പ് കേരളത്തിൽ വന്നതിനെ വക്രീകരിച്ചാണ് ബിജെപിയും കോൺഗ്രസും കഥ മെനയുന്നത്. അന്ന് ഇവർക്ക് കേരള ടൂറിസം വകുപ്പ് ക്ഷണംനൽകിയത് അപരാധമാണെന്നാണ് പ്രചരിപ്പിക്കുന്നത്. 2025 ജനുവരി 15നാണ് ജ്യോതി മൽഹോത്ര കേരളത്തിലേക്ക് വന്നത്. ജനുവരി 21 ന് മടങ്ങി. ചാരവൃത്തിക്ക് അറസ്റ്റ് ചെയ്യുന്നത് 2025 മെയ് 17ന്.
ചാരവൃത്തി നടത്തുന്നുണ്ടോ എന്ന് കണ്ടെത്തേണ്ട കേന്ദ്ര അന്വേഷണ ഏജൻസികൾ ഒരു മുന്നറിയിപ്പും അന്ന് നൽകിയിരുന്നില്ല. നിരവധി സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർമാരെ കേരള ടൂറിസത്തിന്റെ പ്രചാരണത്തിനായി എത്തിച്ചിരുന്നു. 15 വർഷത്തിനുള്ളിൽ അഞ്ഞൂറിലധികംപേർ വന്നു. അതിൽ ഒരാൾമാത്രമാണ് ജ്യോതി. വ്ലോഗർമാരുടെ പട്ടിക ടൂറിസം മന്ത്രിയുടെ ഓഫീസല്ല തയ്യാറാക്കുന്നത്. എം പാനൽ ചെയ്ത മാർക്കറ്റിങ് ഏജൻസിയാണ്. അവരാണ് യൂട്യൂബിൽ 3.92 ലക്ഷം സബ്സ്ക്രൈബർമാരുള്ള ജ്യോതിയെ തെരഞ്ഞെടുത്തത്. സമൂഹമാധ്യമത്തിലെ സ്വീകാര്യത കേരള ടൂറിസത്തിന്റെ വളർച്ചയ്‌ക്ക് ഉപയോഗിക്കുകയായിരുന്നു ലക്ഷ്യം.










0 comments