ഭരണഘടന വെറും പേപ്പറും മഷിയുമല്ല; രക്തസാക്ഷികളുടെ ചോരയിൽ മുക്കി എഴുതിയത്: ജസ്റ്റിസ് ജെ ചെലമേശ്വർ

justice J chelameswar with p rajeev

പ്രഭാഷണ പരമ്പരയുടെ ഉദ്ഘാടന വേദിയിൽ മന്ത്രി പി രാജീവ്‌ ജസ്റ്റിസ് ജെ ചെലമേശ്വറുമായി സൗഹൃദ സംഭാഷണത്തിൽ.

avatar
സ്വന്തം ലേഖിക

Published on Aug 10, 2025, 01:04 PM | 1 min read

കൊച്ചി: മതനിരപേക്ഷത, സോഷ്യലിസം എന്നീ പദങ്ങൾ ഭരണഘടനയുടെ ആമുഖത്തിൽനിന്ന് ഒഴിവാക്കണമെന്ന മുറവിളി ഏത് സാമൂഹിക സാഹചര്യത്തിലാണ് ഉയർന്നുവരുന്നതെന്ന്​​ ശ്രദ്ധിക്കണമെന്ന് സുപ്രീംകോടതി മുൻ ജഡ്‌ജി ജസ്റ്റിസ് ജെ ചെലമേശ്വർ. സ്വന്തം വിശ്വാസങ്ങൾക്കൊപ്പം സ്വാതന്ത്ര്യത്തോടെ ചിന്തിക്കാനും സംസാരിക്കാനും കഴിയാത്ത രാജ്യത്ത് എങ്ങനെ നാം ജീവിക്കുമെന്ന്‌ ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു. നിയമവിദ്യാഭ്യാസത്തിന്റെ 150–ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി എറണാകുളം ഗവ. ലോ കോളേജിൽ സംഘടിപ്പിച്ച നിയമ പ്രഭാഷണപരമ്പര ഉദ്ഘാടനം ചെയ്യുകയായിരുന്നു ജസ്റ്റിസ് ചെലമേശ്വർ.


ഇന്ത്യൻ ഭരണഘടനയ്ക്ക് നൂറ്റാണ്ടുകളുടെ അനുഭവവും വിപുലമായ സാമൂഹ്യ -സാംസ്കാരിക പശ്ചാത്തലവുമുണ്ട്. സമത്വം, മതസ്വാതന്ത്ര്യം, സാമൂഹികനീതി എന്നിവ ഭരണഘടനയുടെ ആത്മാവാണ്. ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങൾ കവരാനാണ് ശ്രമം. ഭരണഘടന വെറും പേപ്പറും മഷിയുമല്ല; സ്വാതന്ത്ര്യസമരത്തിൽ രക്തസാക്ഷിത്വം വരിച്ചവരുടെ ചോരയിൽ മുക്കി എഴുതിയതാണെന്നുകൂടി ഓർമിച്ചാൽ പൂർണതവരുമെന്നും അദ്ദേഹം പറഞ്ഞു.


ഭരണഘടനയും മതനിരപേക്ഷതയും സംരക്ഷിക്കേണ്ടത് ഇപ്പോൾ ജനങ്ങളുടെ കടമയാണെന്ന് ചടങ്ങിൽ മുഖ്യാതിഥിയായ നിയമമന്ത്രി പി രാജീവ് പറഞ്ഞു. ഭരണഘടനാസ്ഥാപനങ്ങൾ ഭരണകൂടത്തിന്റെ അനുബന്ധങ്ങളായി മാറുകയാണ്. ജനങ്ങൾ ഒന്നിച്ചുനിന്നാൽമാത്രമേ ഭരണഘടനയെ സംരക്ഷിക്കാൻ സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു.


ഭരണഘടനയിൽനിന്ന് മതനിരപേക്ഷത എന്ന വാക്ക് ഒഴിവാക്കാൻ ശ്രമിക്കുന്നത് ദുരുദ്ദേശ്യത്തോടെയാണെന്ന് ലോ ലക്ചർ സീരിസ് ചെയർമാൻ ജസ്റ്റിസ് കെ എം ജോസഫ് പറഞ്ഞു. പൂർവവിദ്യാർഥി അസോസിയേഷൻ സെക്രട്ടറി അഡ്വ. പി സഞ്ജയ്‌, ഗവ. ലോ കോളേജ് പ്രിൻസിപ്പൽ ഡോ. മിനി പോൾ, നിയമജ്ഞർ, മുൻ അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Home