print edition ജാതി അധിക്ഷേപത്തെ കേരളം ഒറ്റക്കെട്ടായി പ്രതിരോധിക്കണം: എം വി ഗോവിന്ദൻ

ഉഴമലയ്ക്കൽ കുന്നുനടയിൽ നിധിൻരാജിന്റെ കുടുംബത്തിന് സിപിഐ എം നിർമിച്ചു നൽകുന്ന വീടിന്റെ കല്ലിടൽ ചടങ്ങിനോടനുബന്ധിച്ച് സംഘടിപ്പിച്ച പൊതുയോഗത്തിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ സംസാരിക്കുന്നു

സ്വന്തം ലേഖകൻ
Published on May 01, 2026, 01:58 AM | 1 min read
തിരുവനന്തപുരം: ജാതി അധിക്ഷേപത്തെ കേരളം ഒറ്റക്കെട്ടായി പ്രതിരോധിക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. അധ്യാപകരുടെ മാനസിക പീഡനത്താൽ ജീവനൊടുക്കിയ കണ്ണൂർ അഞ്ചരക്കണ്ടി സ്വകാര്യ ഡെന്റൽ കോളേജിലെ ബിഡിഎസ് വിദ്യാർഥി തിരുവനന്തപുരം ഉഴമലയ്ക്കൽ സ്വദേശി ആർ എൽ നിധിൻരാജിന്റെ കുടുംബത്തിന് സിപിഐ എം നൽകുന്ന വീടിന്റെ നിർമാണോദ്‌ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
വീടിനും നാടിനും വലിയ പ്രതീക്ഷയായിരുന്ന നിധിൻരാജിന് ജാതി അധിക്ഷേപം അടക്കമുള്ള പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നുവെന്നത് സമൂഹ മനഃസാക്ഷിയെ ഞെട്ടിപ്പിച്ചതാണ്. ഇപ്പോഴും ജാതി അതിശക്തമായി നിലനിൽക്കുന്നു എന്നതിന്റെ തെളിവാണ് ഡോ. റാമിനെപ്പോലുള്ളവർ. സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ജാതി അധിക്ഷേപം ഉൾപ്പെടെയുള്ള മുഴുവൻ കാര്യങ്ങളും അന്വേഷിച്ച് പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണം. ജാതികൊണ്ട് അധിക്ഷേപിക്കുന്നവരെ തിരുത്താനായില്ലെങ്കിൽ കേരളസമൂഹത്തിന് നിലനിൽപ്പില്ല. മനുസ്‌മൃതി അടിസ്ഥാനമാക്കിയുള്ള ഭരണഘടന വേണമെന്ന് വാദിക്കുന്നവരാണ് ഇപ്പോഴും ഒരു വിഭാഗം. ജനങ്ങളുടെ ഐക്യം തകർക്കാനുള്ള ഇത്തരക്കാരുടെ ശ്രമങ്ങളെ തിരിച്ചറിയണമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
ചടങ്ങിൽ സിപിഐ എം വിളപ്പിൽ ഏരിയ സെക്രട്ടറി ജയചന്ദ്രൻ അധ്യക്ഷനായി. സിപിഐ എം ജില്ലാ ആക്‌ടിങ് സെക്രട്ടറി എ എ റഹിം, സംസ്ഥാന കമ്മിറ്റി അംഗം എം വിജയകുമാർ, ജി സ്റ്റീഫൻ എംഎൽഎ, സിഐടിയു സംസ്ഥാന സെക്രട്ടറി കെ എസ് സുനിൽകുമാർ, വി കെ മധു, ആർ പി ശിവജി, എസ് പി ദീപക്, പി എസ് മധു, വി എസ് ജയചന്ദ്രൻ, ഡി സുരേഷ്‌കുമാർ, ഉഴമലയ്‌ക്കൽ വേണുഗോപാൽ, വെള്ളനാട് ശശി, എം എ കാസിം തുടങ്ങിയവർ സംസാരിച്ചു.










0 comments