ജൂൺ 25 അടിയന്തരാവസ്ഥ വിരുദ്ധ ദിനമായി ആചരിക്കും: എം വി ഗോവിന്ദൻ

തിരുവനന്തപുരം: രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന്റെ 50-ാം വാർഷികദിനമായ ജൂൺ 25ന് സിപിഐ എം അടിയന്തരാവസ്ഥാ വിരുദ്ധ ദിനമായി ആചരിക്കുമെന്ന് പാർടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഇന്ത്യൻ ജനാധിപത്യത്തിന്റെ സംരക്ഷണ ദിനമായി 50-ാം വാർഷിക ദിനാചരണം മാറുമെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പഠനഗവേഷണ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് പാർടിയുടെ ആഭിമുഖ്യത്തിൽ പരിപാടികൾ ആസൂത്രണം ചെയ്യാനും അടിയന്തരാവസ്ഥാ കാലഘട്ടങ്ങളിൽ മർദ്ദനങ്ങൾ അനുഭവിക്കുകയും തുറങ്കിൽ അടയ്ക്കപ്പെടുകയും ചെയ്തിട്ടുള്ളവരെ ആദരിക്കുകയും ചെയ്യുന്ന പരിപാടി ജില്ലാ തലത്തിൽ സംഘടിപ്പിക്കും.
രണ്ടാം ലോകമഹായുദ്ധം അവസാനിപ്പിച്ചതിന്റെ വാർഷികദിനമായ മെയ് ഒമ്പതിന് പാർടി പഠന ഗവേഷണ കേന്ദ്രങ്ങളുടെ ആഭിമുഖ്യത്തിൽ പരിപാടികൾ സംഘടിപ്പിക്കുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു. മെയ് ഒമ്പത് ലോകചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ്. ഇന്ന് ലോകത്ത് ജനാധിപത്യ സംവിധനങ്ങൾ നിലനിൽക്കുന്നതിന് കടപ്പെട്ടിരിക്കുന്നത് അന്നത്തെ വിജയം നേടുന്നതിന് നേതൃത്വപരമായ പങ്കുവഹിച്ച സോവിയറ്റ് ചെമ്പടയോടാണ്. രണ്ട് കോടിയോളം വരുന്ന ജനതിയുടെ ജീവിതം സമർപ്പിച്ചാണ് ഫാസിസം തകർത്തെരിഞ്ഞ് ജനാതിപത്യം സംരക്ഷിക്കാൻ കഴിഞ്ഞത്. നവഫാസിസ്റ്റ് പ്രവണത പ്രതിരോധിക്കുന്നതിന്റെ ഭാഗമായി പരിപാടി സംഘടിപ്പിക്കാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.









0 comments