ചേരാനല്ലൂർ വാഹനക്കുരുതി; ജഡ്ജിയുടെ അറസ്റ്റ് തടഞ്ഞു

കൊച്ചി : ചേരാനല്ലൂരിൽ 17കാരൻ ഓടിച്ച കാറിടിച്ച് തട്ടുകടയുടമ മരിച്ച സംഭവത്തിൽ കാറിന്റെ ഉടമയായ അഡീഷണൽ ജഡ്ജിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. നിലവിൽ അന്വേഷണത്തോട് സഹകരിക്കുന്നുണ്ടല്ലോ എന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഇരിങ്ങാലക്കുട അഡീഷണൽ ജില്ലാ ജഡ്‌ജി ടി റിനോ ഫ്രാൻസിസ് സേവ്യറിന്റെ അറസ്റ്റ് തടഞ്ഞത്. കേസിൽ ഇന്നലെ ജഡ്‌ജിയെ ജില്ലാ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. പിന്നാലെയാണ് ഹൈക്കോടതിയിൽ ജഡ്‌ജി മുൻകൂർ ജാമ്യം തേടിയത്.
നടപടിക്രമങ്ങളുമായി സഹകരിക്കണമെന്നും അന്വേഷണ ഉദ്യോഗസ്ഥനുമുന്നിൽ ഹാജരാകണമെന്നും കോടതി നിർദേശിച്ചു. ജഡ്ജിയെ അറസ്റ്റ് ചെയ്യാതെ ചോദ്യം ചെയ്യാമെന്നും കോടതി ക്രൈംബ്രാഞ്ചിനോട് പറഞ്ഞു. അപകടത്തിനിടയാക്കിയ ബെൻസ് റിനോ ഫ്രാൻസിസിന്റെ പേരിലാണ്. കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് റിനോയെ ചോദ്യം ചെയ്തിരുന്നു. ഇന്നും ചോദ്യം ചെയ്യൽ തുടരും.
കഴിഞ്ഞ ഞായറാഴ്ചയായിരുന്നു അപകടം. 17കാരൻ ഓടിച്ച ബെൻസ് ഇടിച്ച് തട്ടുകടയുടമ ജയബാലകൃഷ്‌ണനാണ് മരിച്ചത്. ചെരാനല്ലൂർ മാരാത്ത് ബസ് സ്‌റ്റോപ്പിനുസമീപം പുലർച്ചെ 2.20നായിരുന്നു അപകടം. റിനോയുടെ ഉടമസ്ഥതയിലുള്ളതാണ് വാഹനം. അമിതവേഗത്തിൽ ഓടിച്ച കാർ നിയന്ത്രണംവിട്ടതാണ് അപകടകാരണമെന്നാണ് മോട്ടോർ വാഹനവകുപ്പിന്റെ പരിശോധനയിലെ കണ്ടെത്തൽ. വാഹനത്തിന് സാങ്കേതിക തകരാറുകൾ കണ്ടെത്തിയിട്ടില്ല. കഴിഞ്ഞ ദിവസം ജഡ്ജിയുടെ ഫ്ലാറ്റിൽ നടത്തിയ പരിശോധനയിൽ 17കാരൻ ഉപയോഗിച്ചിരുന്നതെന്ന് കരുതുന്ന ആഡംബര ബൈക്കും കണ്ടെത്തിയിരുന്നു.









0 comments