print edition കുർബാന കാണാനും അനുമതി വേണ്ടി വരുമോ? ബിജെപിയുടെ നിലപാട് വ്യക്തമാക്കണമെന്ന് ജോസ് കെ മാണി

ജോസ് കെ മാണി
കോട്ടയം: കേന്ദ്രസർക്കാരിന്റെ വിദേശ സംഭാവന നിയന്ത്രണ നിയമ ഭേദഗതി ( എഫ്‌സിആർഎ) യെക്കുറിച്ച് കേരളത്തിലെ ബിജെപിയുടെ നിലപാട് എന്താണെന്ന് വ്യക്തമാക്കണമെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
പ്രധാനമായും ക്രൈസ്തവ സ്ഥാപനങ്ങളെ ഉന്നംവച്ചാണ് നിയമഭേദഗതിയുമായി കേന്ദ്രസർക്കാർ മുന്നോട്ട് പോകുന്നത്. ഇനി കുർബ്ബാന കാണാനും കേന്ദ്രസർക്കാരിന്റെ അനുമതി വാങ്ങേണ്ടി വരുമോ. പള്ളി കണ്ടുകെട്ടി മറിച്ചുവിൽക്കാൻ സാധിക്കുന്ന വിധത്തിലാണ് ഭേദഗതി എന്നാണ് മനസ്സിലാക്കുന്നത്.
മിഷനറിമാർ വിദേശത്ത് ജോലിചെയ്ത് നാട്ടിലെത്തിക്കുന്ന പണം ഉപയോഗിച്ചാണ് ഇന്ത്യയിൽ വിദ്യാഭ്യാസമേഖലയിലും ആരോഗ്യമേഖലയിലും നിരവധി സ്ഥാപനങ്ങൾ ഉയർന്നത്. ഇത്തരം സ്ഥാപനങ്ങൾ പടുത്തുയർത്താൻ സർക്കാരിന് മാത്രമായി പണം വിനിയോഗിക്കാൻ കഴിയുന്ന സാഹചര്യമായിരുന്നില്ല. സർക്കാരിന്റെ സഹായമില്ലാതെയാണ് മിഷനറിമാർ ഇത്തരം സ്ഥാപനങ്ങൾ സ്ഥാപിച്ചത്. ഈ സ്ഥാപനങ്ങൾ വിദ്യാഭ്യാസം നൽകുകയും ചികിത്സ ലഭ്യമാക്കുകയും ചെയ്തത് സമൂഹത്തിലെ ഏറ്റവും പാവപ്പെട്ട ജനവിഭാഗങ്ങൾക്കാണ്. ക്രൈസ്തവ മിഷനറിമാരാണ് ഇതിൽ ഭൂരിഭാഗം സ്ഥാപനങ്ങളും നടത്തുന്നത്.
ഇവയുടെ നിലനിൽപ്പ് ഇല്ലാതാക്കിയെങ്കിൽ മാത്രമേ ഈ മേഖലകൾ സമ്പൂർണമായും കോർപറേറ്റുകൾക്ക് ലഭ്യമാകുകയുള്ളൂ. അവർ വിദ്യാഭ്യാസ, ആരോഗ്യമേഖലകളിൽ വലിയ മുതൽമുടക്കുള്ള സ്ഥാപനങ്ങളുമായി കടന്നുവരുന്നു. ഇതിന് കേന്ദ്രസർക്കാർ എല്ലാ ഒത്താശകളും ചെയ്യുന്നു. മതന്യൂനപക്ഷ സമുദായങ്ങളുടെ ആരാധനാലയങ്ങളെയും സ്ഥാപനങ്ങളെയും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ തെരഞ്ഞുപിടിച്ച് ആക്രമിക്കുകയാണ്. ഇതിന്റെ തുടർച്ചയാണ് വിദേശ സംഭാവന നിയന്ത്രണ നിയമഭേദഗതി. എൻജിനിയറിങ് പ്രവേശന പരീക്ഷ പെസഹാ വ്യാഴത്തിനുതന്നെ വയ്‌ക്കണമായിരുന്നോ എന്നും ജോസ് കെ മാണി ചോദിച്ചു.










0 comments