ഇന്ന് പാലാ, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ, പീരുമേട്, ഉടുന്പൻചോല മണ്ഡലങ്ങളിൽ
print edition ജനമനസ്സറിഞ്ഞ്

ജോസ് കെ മാണി എംപി നയിക്കുന്ന എൽഡിഎഫ് മധ്യ മേഖലാ വികസനമുന്നേറ്റ ജാഥ കോട്ടയം പാമ്പാടിയിൽ എത്തിയപ്പോൾ / ഫോട്ടോ: മനു വിശ്വനാഥ്
മുഹമ്മദ് ഹാഷിം
Published on Feb 09, 2026, 02:45 AM | 2 min read
കോട്ടയം
ഉച്ചവരെയുള്ള ഓട്ടം ഒഴിവാക്കി പാമ്പാടി ടൗണിൽ എൽഡിഎഫ് മധ്യമേഖല ജാഥയെ വരവേൽക്കാനെത്തിയതാണ് ഓട്ടോഡ്രൈവർ സി കെ പീതാംബരൻ. ‘എന്തേ ഇന്നത്തെ വരുമാനം ഒഴിവാക്കിയതെന്ന് ചോദിച്ചപ്പോൾ, ‘‘നമ്മളെ സഹായിക്കുന്ന സർക്കാരല്ലേ, പിന്നെങ്ങനെ വരാതിരിക്കും’’ എന്നായി. പുതുപ്പള്ളി കിഴക്കേക്കുഴിഭാഗത്ത് താമസിക്കുന്ന പീതാംബരന് 68 വയസായി. രണ്ട് പെൺമക്കളുണ്ട്. ക്ഷേമപെൻഷനായി 2000രൂപ തനിക്കും ഭാര്യ രാജമ്മയ്‌ക്കും മുടങ്ങാതെ കിട്ടുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.
പീതാംബരനെപോലുള്ള ആയിരങ്ങളാണ് ജോസ് കെ മാണി നയിക്കുന്ന ജാഥയെ സ്വീകരിക്കാൻ ഒഴുകിയെത്തുന്നത്. വികസനത്തിന്റെ വിസ്‌മയമാതൃകകൾ തീർത്ത സർക്കാരിനുള്ള പിന്തുണയുമായാണ് ജാഥ മുന്നേറുന്നത്.
ഞായറാഴ്‌ച കോട്ടയം ബസേലിയസ് കോളേജ് ഓഡിറ്റോറിയത്തിൽ സംവാദസദസും മാധ്യമസംവാദവും കഴിഞ്ഞ് പുതുപ്പള്ളി മണ്ഡലത്തിൽ പാമ്പാടിയിലായിരുന്നു ആദ്യസ്വീകരണം. ഏറ്റുമാനൂർ പ്രൈവറ്റ് ബസ്‌സ്‌റ്റാൻഡ്, കുറവിലങ്ങാട് പ്രൈവറ്റ് ബസ്‌സ്‌റ്റാൻഡ് എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം വൈക്കം ബോട്ടുജെട്ടി മൈതാനത്ത് സമാപിച്ചു.
സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം കെ കെ ശൈലജ എംഎൽഎ, സംസ്ഥാന സെക്രട്ടറിയറ്റംഗം പി കെ ബിജു, സിപിഐ അസിസ്‌റ്റന്റ് സെക്രട്ടറി പി പി സുനീർ എംപി, ഇന്ത്യൻ സോഷ്യലിസ്‌റ്റ് ജനതാദൾ സംസ്ഥാന സെക്രട്ടറി സാബു ജോർജ്, എൻസിപി സംസ്ഥാന സെക്രട്ടറി സുഭാഷ് പുഞ്ചക്കോട്ടിൽ, ആർജെഡി സെക്രട്ടറി ജനറൽ ഡോ. വർഗീസ് ജോർജ്, കോൺഗ്രസ് എസ് സംസ്ഥാന സെക്രട്ടറി മാത്യൂസ് കോലഞ്ചേരി, കേരള കോൺഗ്രസ് ബി സംസ്ഥാന സെക്രട്ടറി കെ ജി പ്രേംജിത്, ജനാധിപത്യ കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഫ്രാൻസിസ് തോമസ്, ഐഎൻഎൽ സംസ്ഥാന സെക്രട്ടറി എം എ ലത്തീഫ്, കേരള കോൺഗ്രസ് സ്‌കറിയ സംസ്ഥാന പ്രസിഡന്റ് ബിനോയ് ജോസഫ് എന്നിവരാണ് ജാഥാംഗങ്ങൾ. തിങ്കളാഴ്‌ച പാലാ, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ, പീരുമേട്, ഉടുന്പൻചോല മണ്ഡലങ്ങളിൽ പര്യടനം നടത്തും.
യുഡിഎഫ് നേതാക്കൾ എസ്‌ഐടിക്ക് മുന്നിൽ ‘ക്യൂ’വിൽ : ജോസ് കെ മാണി
ശബരിമല സ്വർണമോഷണക്കേസിൽ യുഡിഎഫ് നേതാക്കൾ എസ്‌ഐടിക്ക് മുന്നിൽ ‘ക്യൂ’വിലാണെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എംപി. കോടതിയുടെ മേൽനോട്ടത്തിലുള്ള എസ്‌ഐടിയാണ് അടൂർ പ്രകാശിനെ ചോദ്യംചെയ്‌തത്. ആന്റോ ആന്റണിക്ക് ബന്ധമുണ്ടെങ്കിൽ അന്വേഷിക്കേണ്ടതും അവരാണ്. ആരായാലും കുറ്റവാളികൾ രക്ഷപ്പെടില്ല. സർക്കാരാണ് ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ടത്. ദേവസ്വംബെഞ്ച് അന്വേഷണത്തിൽ പൂർണതൃപ്‌തി പ്രകടിപ്പിച്ചു. എങ്ങോട്ടാണ് അന്വേഷണം പോകുന്നതെന്ന് ഇപ്പോൾ എല്ലാവർക്കും അറിയാം. അതിന് എൽഡിഎഫിനെ കുറ്റപ്പെടുത്തേണ്ട. യുഡിഎഫ് അധികാരത്തിൽ വന്നാൽ അന്വേഷണം അട്ടിമറിക്കുമെന്നും ജോസ് കെ മാണി മാധ്യമപ്രവർത്തകരോട് പറഞ്ഞു.










0 comments