print edition നവകേരളക്കുതിപ്പിന് പുത്തനധ്യായം

ജോസ് കെ മാണി എംപി നയിക്കുന്ന എൽഡിഎഫ് മധ്യമേഖലാ വികസന മുന്നേറ്റ ജാഥയ്ക്ക് പത്തനംതിട്ട ജില്ലയിലെ റാന്നിയിൽ നൽകിയ സ്വീകരണം / ഫോട്ടോ: ഷിബിൻ ചെറുകര
ആർ രാജേഷ്
Published on Feb 07, 2026, 02:45 AM | 2 min read
പത്തനംതിട്ട
നവകേരള കാഹളം മുഴക്കിയ മധ്യമേഖലാ വികസനമുന്നേറ്റ ജാഥയെ നെഞ്ചേറ്റി മലയോരജനത. 2018ൽ പ്രളയം തകർത്ത ജില്ലയെ നെഞ്ചോടുചേർത്താണ് എൽഡിഎഫ് സർക്കാർ കൈപിടിച്ചുയർത്തിയത്. മലയോരത്തിന്റെ വികസനപന്ഥാവിൽ പുത്തനധ്യായം രചിച്ച ഭരണത്തിന്റെ തുടർച്ചയ്ക്ക് ജാഥയുടെ സ്വീകരണകേന്ദ്രങ്ങളിലാകെയും കൈയൊപ്പ് ചാർത്തി.
ജാഥയാരംഭിച്ച പത്തനംതിട്ട പഴയ പ്രൈവറ്റ് ബസ് സ്റ്റാൻഡ് മൈതാനിയിൽ മുഖ്യമന്ത്രിയും ജാഥാ ക്യാപ്റ്റൻ ജോസ് കെ മാണിയും അംഗങ്ങളും എത്തുന്പോൾ മുദ്രാവാക്യവുമായി ജനാരവമുയർന്നു. റാന്നിയിലായിരുന്നു അടുത്ത സ്വീകരണം. ടൂറിസം ഗ്രാമമായ കോന്നിയിൽ രാത്രി വൈകി എത്തുന്പോഴേക്കും കരിമരുന്ന് കണ്ണഞ്ചിപ്പിച്ച പ്രകാശത്തിൽ ജനസഞ്ചയത്തിന്റെ ആവേശം വാനോളമുയർന്നു. ശനി രാവിലെ ഒന്പതിന് പത്തനംതിട്ട ഗസ്റ്റ്‌ഹൗസിൽ ക്ഷണിക്കപ്പെട്ടവരുമായി ജാഥാംഗങ്ങൾ സംവദിക്കും. ശനിയാഴ്ച അടൂരിൽനിന്നാണ് ജാഥ തുടങ്ങുക. വൈകിട്ട് മൂന്നിന് തിരുവല്ലയിലെ സ്വീകരണം ഏറ്റുവാങ്ങി കോട്ടയം ജില്ലയിൽ പ്രവേശിക്കും.
സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി കെ ബിജു (മാനേജർ), കേന്ദ്രകമ്മിറ്റിയംഗം കെ കെ ശൈലജ, സിപിഐ അസിസ്റ്റന്റ് സെക്രട്ടറി പി പി സുനീർ, ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ സംസ്ഥാന സെക്രട്ടറി സാബു ജോർജ്, എൻസിപി സംസ്ഥാന സെക്രട്ടറി സുഭാഷ് പുഞ്ചക്കോട്ടിൽ, ആർജെഡി സെക്രട്ടറി ജനറൽ വർഗീസ് ജോർജ്, കോൺഗ്രസ് എസ് സംസ്ഥാന സെക്രട്ടറി മാത്യൂസ് കോലഞ്ചേരി, കേരള കോൺഗ്രസ് ബി സംസ്ഥാന സെക്രട്ടറി കെ ജി പ്രേംജിത്, ജനാധിപത്യ കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഫ്രാൻസിസ് തോമസ്, ഐഎൻഎൽ സംസ്ഥാന സെക്രട്ടറി എം എ ലത്തീഫ്, കേരള കോൺഗ്രസ് സ്കറിയ പ്രസിഡന്റ് ബിനോയ് ജോസഫ് എന്നിവരാണ് ജാഥാംഗങ്ങൾ.
കാണുക എൽഡിഎഫ് വിസ്‌മയം : ജോസ് കെ മാണി
കേരളം കാണാൻപോകുന്നത് എൽഡിഎഫ് സർക്കാർ മൂന്നാമതും അധികാരത്തിലെത്തുന്ന വിസ്‌മയമാണെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എംപി. നവകേരളശിൽപ്പി ആരെന്ന ചോദ്യത്തിന് പിണറായി വിജയൻ എന്നാണ് ഉത്തരമെന്നും അദ്ദേഹം പറഞ്ഞു. പത്തനംതിട്ട ജില്ലയിൽ എൽഡിഎഫ് മധ്യമേഖലാ വികസനമുന്നേറ്റ ജാഥയുടെ വിവിധ സ്വീകരണകേന്ദ്രങ്ങളിൽ സംസാരിക്കുകയായിരുന്നു ജാഥാക്യാപ്‌റ്റനായ ജോസ് കെ മാണി.
പത്തുവർഷത്തിനിടെ വൈദ്യുതിവിച്ഛേദം എന്താണെന്ന് കേരളം മറന്നു. കോവിഡ് കാലം സൃഷ്‌ടിച്ച വർക്ക് ഫ്രം ഹോമിൽ ആർക്കും വൈദ്യുതി ഇല്ലാത്തതിനാൽ ജോലി മുടങ്ങിയില്ല. പവർകട്ടില്ലാത്ത നാടായി കേരളം മാറിയപ്പോൾ ഗുണം ആസ്വദിച്ചത് തൊഴിലാളികൾ കൂടിയാണ്. ദേശീയപാത യാഥാർഥ്യമാക്കാനും എൽഡിഎഫ് സർക്കാർ ശക്തമായ ഇടപെടൽ നടത്തി. ഓഫീസ് പൂട്ടി സ്ഥലംവിട്ട ദേശീയപാത അധികൃതരെ തിരികെയെത്തിച്ചതും സ്ഥലമേറ്റെടുക്കാൻ പണം ചെലവഴിച്ചതും ആ നടപടികളുടെ ഭാഗമായിരുന്നു– ജോസ് കെ മാണി പറഞ്ഞു.










0 comments