'മലക്കംമറിച്ചിലിനുള്ള' അവാർഡ് മുഖ്യമന്ത്രി വി ഡി സതീശന് നൽകണം: ജോൺ ബ്രിട്ടാസ്

ന്യൂഡൽഹി: ന്യൂസ്‌മേക്കർ അവാർഡ് പോലെ 'മലക്കംമറിച്ചിലിനുള്ള' ഒരു അവാർഡ് മുഖ്യമന്ത്രി വി ഡി സതീശന് നൽകണമെന്ന് സിപിഐ എം രാജ്യസഭാ കക്ഷിനേതാവ് ജോൺ ബ്രിട്ടാസ്. പ്രതിപക്ഷത്തിരുന്നപ്പോൾ പറഞ്ഞതെല്ലാം അദ്ദേഹം ഓരോന്നായി വിഴുങ്ങുകയാണ്. ലോകത്തിലെ ഒരു സർക്കാരും ഇത്ര ദ്രുതഗതിയിൽ മലക്കംമറിഞ്ഞിട്ടുണ്ടാകില്ല. അതും ചുരുങ്ങിയ കാലയളവിനുള്ളിലാണ് സംഭവിച്ചതെന്ന കാര്യം ഓർക്കണം.
എൽഡിഎഫ് സർക്കാർ എന്തെങ്കിലും ചെയ്താൽ 'ധൂർത്ത്, ധൂർത്ത്' എന്ന് ആവർത്തിച്ച് ആക്ഷേപിച്ചിരുന്ന മുൻ പ്രതിപക്ഷ നേതാവ് ഇപ്പോൾ എന്താണ് ചെയ്യുന്നത്? ഗവൺമെന്റ് പ്ലീഡർമാരുടെ നിയമനം മാത്രം കണക്കിലെടുത്താൽ, എൽഡിഎഫ് സർക്കാരിന്റെ കാലത്തേതിനേക്കാൾ വലിയ ധൂർത്താണ് ഇപ്പോൾ യുഡിഎഫ്. സർക്കാർ നടത്തുന്നത്.
പ്ലീഡർമാരുടെ നിയമനം അതിലൊന്നുമാത്രം! ധൂർത്ത് മാത്രമല്ല, സ്വന്തം പാർട്ടിയിലെ പ്രവർത്തകരുടെയും മുന്നണിയിലെ കൂട്ടാളികളുടെയും വിമർശനങ്ങൾ മറികടന്ന് സംഘപരിവാർ അനുകൂലികൾക്ക് വരെ നിയമനം നൽകുകയാണ്. ഇതെങ്ങാനും എൽഡിഎഫ്. സർക്കാരിന്റെ സമയത്താണ് നടന്നിരുന്നതെങ്കിൽ ഇവിടെ എന്തൊക്കെ കോലാഹലങ്ങൾ ഉണ്ടായേനെ! എന്നാൽ ഇപ്പോൾ ചോദ്യങ്ങൾ പോലുമില്ലെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.











0 comments