സംസ്ഥാനത്തെ ഏക ലോക്കോ ഷെഡ് പൂട്ടാനുള്ള നീക്കംഅവസാനിപ്പിച്ച് റെയിൽവേ; തീരുമാനം ജോൺ ബ്രിട്ടാസ് എംപിയുടെ ഇടപെടലിൽ

കൊച്ചി: റെയിൽ എൻജിൻ അറ്റകുറ്റപ്പണി ഉൾപ്പെടെ നടത്തുന്ന സംസ്ഥാനത്തെ ഏക ലോക്കോ ഷെഡ് പൂട്ടാനുള്ള നീക്കം അവസാനിപ്പിച്ച് റെയിൽവേ. ജോൺ ബ്രിട്ടാസ് എംപിയുടെ ശക്തമായ ഇടപെടലിനെ തുടർന്നാണ് റെയിൽവേ തീരുമാനം പിൻവലിച്ചത്. ഇലക്‌ട്രിക് ലോക്കോകൂടി പരിപാലിക്കാനുള്ള അടിസ്ഥാനസൗകര്യ വികസനം ഒരുക്കി ഏപ്രിലിൽ ഉദ്‌ഘാടനം ചെയ്യാനിരിക്കെയാണ് എറണാകുളം സൗത്തിലെ ലോക്കോ ഷെഡ് വീണ്ടും പൂട്ടൽ ഭീഷണിയിലായത്. കൊച്ചിയിലെ ഡീസൽ ലോക്കോകളുടെ അറ്റകുറ്റപ്പണി തിരുച്ചിറപ്പള്ളിയിലേക്ക് മാറ്റാനും റെയിൽവേ തീരുമാനിച്ചിരുന്നു. തുടർന്നാണ് വിഷയത്തിൽ ബ്രിട്ടാസ് ഇടപെട്ടത്. എറണാകുളം ലോക്കോ ഷെഡ് നിലനിർത്തണമെന്നും വികസിപ്പിക്കണമെന്നുമാവശ്യപ്പെട്ട് ജോൺ ബ്രിട്ടാസ് റെയിൽവേ മന്ത്രി അശ്വിനി വെെഷ്ണവിന് കത്ത് നൽകുകയായിരുന്നു.
സൗത്ത് സ്‌റ്റേഷനോടുചേർന്ന് 8.50 ഏക്കറിൽ നിലവിലുണ്ടായിരുന്ന ഡീസൽ ലോക്കോ ഷെഡിൽ ഇപ്പോഴും 56 ഡീസൽ എൻജിനുകൾ പരിപാലിക്കുന്നുണ്ട്. 2024ൽ പൂട്ടാൻ നീക്കമുണ്ടായപ്പോൾ ശക്തമായ പ്രക്ഷോഭത്തെ തുടർന്ന് പിൻവലിച്ചു. റെയിൽവേ വൈദ്യുതീകരണം നടത്തിയപ്പോൾ 2017ൽ ഇലക്ട്രിക് ലോക്കോ ഷെഡ് ആക്കി മാറ്റുന്നതിനായി രണ്ട് കോടി ചെലവിൽ ഇവിടെ ഓവർ ഹെഡ് ട്രാക്‌ഷൻ ജോലി പൂർത്തിയാക്കി. തുടർന്ന് അഞ്ച് ഇലക്ട്രിക് ലോക്കോകൾ ഇവിടേക്ക് അനുവദിക്കുകയും ചെയ്‌തു. എന്നാൽ, ഇലക്‌ട്രിക് ലോക്കോ പരിപാലിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങളില്ലെന്ന കാരണംപറഞ്ഞ് ഇവ ഈറോഡ് ഷെഡിലേക്ക് തിരികെക്കൊണ്ടുപോയി.
അടിസ്ഥാനസൗകര്യങ്ങളൊരുക്കാൻ നാല് കോടിയുടെ പ്രവൃത്തി ഇവിടെ നടക്കുന്നുണ്ടായിരുന്നു. മാർച്ചിൽ ഈ ജോലികൾ പൂർത്തിയാകുമ്പോൾ കൂടുതൽ ഇലക്ട്രിക് ലോക്കോകൾ എറണാകുളത്തേക്ക് അനുവദിക്കുമെന്നും അധികൃതർ ഉറപ്പുനൽകിയിരുന്നു. എല്ലാ വാഗ്‌ദാനങ്ങളും കാറ്റിൽ പറത്തി നിലവിലുള്ള 56 ഡീസൽ ലോക്കോകൾകൂടി തിരുച്ചിറപ്പള്ളിയിലേക്ക് അയക്കാനും ജീവനക്കാരെ മറ്റു വകുപ്പുകളിലേക്ക് പുനർവിന്യസിക്കാനുമാണ് തീരുമാനമുണ്ടായത്.
പുതിയ ഇലക്‌ട്രിക് ലോക്കോകൾ അനുവദിക്കുന്നതിലും അനിശ്‌ചിതത്വം തുടരുകയാണ്. കൊച്ചി നേവി ആസ്ഥാനമായതിനാലും മുഴുവൻ പാതകളിലും വൈദ്യുതീകരണം നടക്കില്ലെന്നതിനാലും ഡീസൽ ലോക്കോകൾ ഇവിടെ നിലനിർത്തണമെന്ന ഉത്തരവ് നിലനിൽക്കെയാണ് അടച്ചുപൂട്ടൽ നീക്കം. വനിതകളടക്കം 275 ജീവനക്കാരും നൂറോളം കരാർ തൊഴിലാളികളും ഇവിടെയുണ്ട്. സംസ്ഥാനത്തിന്റെ റെയിൽ ഗതാഗതത്തെ ദോഷകരമായി ബാധിക്കുന്ന നീക്കത്തിനെതിരെ വലിയ പ്രതിഷേധം ഉയർത്താനുള്ള തയ്യാറെടുപ്പിലാണ് റെയിൽ ജീവനക്കാരുടെ സംഘടനകൾ.










0 comments