‘ആ ഫെയിൽഡ് ഫിലിം മേക്കർ എന്റെ അച്ഛനാണ്’; പേളി മാണിക്ക് ജോ സിബി മലയിലിന്റെ മറുപടി

കൊച്ചി: സംവിധായകൻ സിബി മലയിലിനെ ‘പരാജയപ്പെട്ട സംവിധായകൻ’ എന്ന് വിശേഷിപ്പിച്ചതിൽ വിമർശനം നേരിടുകയാണ് പേളി മാണി. ഇതിനിടെ ‘ഫെയിൽഡ് ഫിലിം മേക്കർ’ പരാമർശത്തിൽ പേളി മാണിക്ക് മറുപടിയുമായി സിബി മലയിലിന്‍റെ മകൻ ജോ സിബി മലയിൽ രംഗത്തെത്തി. “ആ ഫെയിൽഡ് ഫിലിം മേക്കർ എന്റെ അച്ഛനാണ്. അദ്ദേഹത്തിന്റെ പേര് സിബി മലയിൽ” എന്നാണ് ജോ സമൂഹമാധ്യമത്തിൽ കുറിച്ചത്.
മലയാള സിനിമയ്ക്ക് ‘കിരീടം’, ‘ഭരതം’, ‘ദശരഥം’, ‘ചെങ്കോൽ’, ദേവദൂതന്‍ തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങൾ സമ്മാനിച്ച മുതിർന്ന സംവിധായകനെയാണ് പേളി പരിഹസിച്ചതെന്ന് ചൂണ്ടിക്കാട്ടി സമൂഹമാധ്യമങ്ങളിലും ശക്തമായ വിമർശനം ഉയരുകയാണ്.
“ഒരു ഫെയിൽഡ് ഫിലിം മേക്കർ എന്റെ നാലുപേജ് പോസ്റ്റിനെക്കുറിച്ച് പത്തുപേജ് സ്ക്രിപ്റ്റ് എഴുതിക്കൊണ്ടിരിക്കുകയാണ്. അതിൽ മുളകുപൊടിയും അജിനോമോട്ടോയും ചേർത്ത് ആവശ്യത്തിലധികം അനാരോഗ്യകരമാക്കുകയാണ്” എന്നായിരുന്നു പേളിയുടെ പരിഹാസം. ഈ പരാമർശം സിബി മലയിലിനെ ലക്ഷ്യമിട്ടാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജോ മറുപടി നൽകിയത്.
വിമർശനത്തിന് വസ്തുതാപരമായി മറുപടി നൽകുന്നതിനുപകരം വ്യക്തിപരമായ അധിക്ഷേപത്തിലേക്ക് പേളി കടന്നുവെന്നും അവർ നിരുപാധികം മാപ്പ് പറയണമെന്നും നിരവധി പേർ ആവശ്യപ്പെട്ടു. പുതിയ സിനിമകളുടെ പ്രചാരണത്തിനായി സിനിമാപ്രവർത്തകർ പേളിയുടെ പരിപാടികളിലെത്തുന്നത് ഒഴിവാക്കണമെന്ന ആവശ്യവും ചിലർ ഉയർത്തി.
ഡൽഹിയിലെ വിദ്യാർഥി പ്രക്ഷോഭത്തെക്കുറിച്ച് പേളി പങ്കുവച്ച നാലുപേജ് കുറിപ്പാണ് വിവാദങ്ങളുടെ തുടക്കം. രാജ്യത്തെ യുവാക്കളുടെ ഐക്യവും നിശ്ചയദാർഢ്യവും ശ്രദ്ധേയമാണെന്ന് പറഞ്ഞ പേളി, വിദ്യാർഥികൾക്കും പൊലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റ സംഘർഷദൃശ്യങ്ങൾ വേദനിപ്പിച്ചെന്നും കുറിച്ചു.
“ആർക്കും പരിക്കേൽക്കരുത്. എല്ലാവരും സുരക്ഷിതരായിരിക്കണം. ജീവൻ അപകടത്തിലാണെങ്കിൽ വീട്ടിലേക്ക് മടങ്ങുക. ജീവൻ നഷ്ടപ്പെടുത്താൻ മാത്രം വലുതല്ല ഒരു ലക്ഷ്യവും” എന്നായിരുന്നു പേളിയുടെ പ്രതികരണം.
എന്നാൽ, സമാധാനപരമായി സമരം ചെയ്ത വിദ്യാർഥികൾക്കുനേരെ പൊലീസ് നടത്തിയ ലാത്തിച്ചാർജിനെയും കണ്ണീർവാതക പ്രയോഗത്തെയും വ്യക്തമായി ചോദ്യം ചെയ്യാതെയാണ് പേളി സമരക്കാരോട് വീട്ടിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ടതെന്ന് വിമർശകർ ചൂണ്ടിക്കാട്ടി.
ഭരണകൂട അതിക്രമം നേരിട്ട വിദ്യാർഥികളെയും അതിക്രമം നടത്തിയ പൊലീസ് ഉദ്യോഗസ്ഥരെയും ഒരേ നിലയിൽ അവതരിപ്പിക്കുന്ന ‘ബാലൻസിങ്’ നിലപാടാണ് കുറിപ്പിലുള്ളതെന്നും വിമർശനമുയർന്നു.
വലിയ സ്വാധീനശേഷിയുള്ള വ്യക്തിയെന്ന നിലയിൽ പൊലീസിന്റെ ഉത്തരവാദിത്തവും പരീക്ഷാക്രമക്കേടുകൾക്ക് പിന്നിലെ ഭരണപരാജയവും ചോദ്യം ചെയ്യുന്നതിനുപകരം സമരക്കാരോട് പിരിഞ്ഞുപോകാൻ ഉപദേശിച്ചത് പ്രതിഷേധത്തിന്റെ ഗൗരവം ചോർത്തുന്നതാണെന്നും നിരവധി പേർ അഭിപ്രായപ്പെട്ടു. ഇത്തരമൊരു പ്രതികരണത്തേക്കാൾ മൗനം പാലിക്കുന്നതായിരുന്നു നല്ലതെന്നും സമൂഹമാധ്യമങ്ങളിൽ അഭിപ്രായമുയർന്നു.
സമാധാനപരമായി അഭിപ്രായം പ്രകടിപ്പിക്കാനുള്ള അവകാശത്തിൽ വിശ്വസിക്കുന്നുവെന്നും ആരുടെ ഭാഗത്തുനിന്നായാലും അക്രമത്തെ പിന്തുണയ്ക്കുന്നില്ലെന്നും പേളി കുറിപ്പിൽ പറഞ്ഞിരുന്നു. വിദ്യാർഥികളുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും പൗരന്മാരുടെയും സുരക്ഷയ്ക്കായി പ്രാർഥിക്കുന്നുവെന്നും അവർ വ്യക്തമാക്കി. എന്നാൽ പൊലീസ് അതിക്രമത്തിന്റെ ഉത്തരവാദിത്തത്തെക്കുറിച്ചോ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയാവശ്യത്തെക്കുറിച്ചോ കുറിപ്പിൽ വ്യക്തമായ നിലപാടുണ്ടായിരുന്നില്ല.










0 comments