ad
Deshabhimani

print edition പോളിടെക്‌നിക്‌ ഡിപ്ലോമക്കാർക്ക്‌ തൊഴിൽ ഉറപ്പാക്കും ; ബൃഹദ്‌ പദ്ധതിയുമായി ഉന്നത വിദ്യാഭ്യാസവകുപ്പ്‌

r bindu
വെബ് ഡെസ്ക്

Published on Oct 28, 2025, 02:41 AM | 1 min read


തൃശൂർ

​സംസ്ഥാനത്തെ പോളിടെക്നിക് ഡിപ്ലോമക്കാർക്ക്‌ ജോലി ഉറപ്പുവരുത്തുന്ന ബൃഹദ്‌ കർമപരിപാടിക്ക് രൂപം നൽകിയതായി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. ഉന്നതവിദ്യാഭ്യാസ വകുപ്പും വിജ്ഞാനകേരളവും ഇതിനായി നൈപുണി പരിശീലന പരിപാടി തയ്യാറാക്കിയിട്ടുണ്ട്‌. ​2025 –26 ൽ പഠനം പൂർത്തീകരിക്കുന്ന വിദ്യാർഥികൾക്കുപുറമെ മുൻവർഷങ്ങളിൽ പഠനം പൂർത്തീകരിച്ച് തൊഴിൽ ലഭിക്കാത്തവർക്കും ബന്ധപ്പെട്ട പോളിടെക്നിക്കുകളിൽ നൈപുണി പരിശീലനം നൽകി തൊഴിൽ ലഭ്യമാക്കും. ഈ വർഷം പഠനം പൂർത്തിയാക്കുന്നവർക്ക്‌ അസാപ്പിന്റെ പരിശീലകരെ ഉപയോഗപ്പെടുത്തി 18 മണിക്കൂർ തൊഴിൽ സന്നദ്ധത പരിശീലനം നൽകി, വിവിധ തൊഴിലുകൾക്ക് വേണ്ടിയുള്ള പ്രത്യേക ട്രേഡ് പരിശീലനം ഉടൻ ആരംഭിക്കും.


റിക്രൂട്ട്മെന്റ് വഴി ലഭിക്കുന്ന തൊഴിലവസരങ്ങൾക്ക് പുറമെ 50,000 തൊഴിലവസരങ്ങൾ ഡിപ്ലോമക്കാർക്കുവേണ്ടി കെ -ഡിസ്‌കിന്റെ നേതൃത്വത്തിൽ സമാഹരിച്ചിട്ടുണ്ട്. ഈ തൊഴിലവസരങ്ങളിൽ 20,000 രൂപയ്ക്ക് മുകളിൽ പ്രതിമാസം ശമ്പളം ലഭിക്കുമെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്. മൊത്തം 75,000 തൊഴിലവസരങ്ങൾ ഇപ്പോൾ ലഭ്യമാണ്. ​


വിദ്യാർഥികൾക്ക്‌ അഭിരുചിയനുസരിച്ച്‌ വേണ്ടുന്ന തൊഴിലുകൾ തെരഞ്ഞെടുക്കാം.

നവംബർ ഏഴു മുതൽ 15 വരെ ഈ വിദ്യാർഥികൾക്കായി കരിയർ കൗൺസലിങ്ങും സ്കിൽ അസസ്‌മെന്റും നടത്തും. ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലാതല മാപ്പിങ്‌ നടത്തി ക്ലസ്റ്ററുകൾ രൂപീകരിക്കും. തെരഞ്ഞെടുക്കപ്പെട്ട നോഡൽ കേന്ദ്രങ്ങളിൽ നവംബർ 20 മുതൽ 20-–30 പേരടങ്ങുന്ന ബാച്ചുകളായി നൈപുണി പരിശീലനം ആരംഭിക്കും. ഡിസംബർ പകുതിയോടെ പൂർവവിദ്യാർഥികൾക്കായി പ്രത്യേക തൊഴിൽമേളകളും സംഘടിപ്പിക്കും.


ദൂരെ സ്ഥലങ്ങളിൽ ജോലി ചെയ്യാൻ ബുദ്ധിമുട്ടുള്ള ഡിപ്ലോമക്കാരായ വീട്ടമ്മമാർക്കായി കുടുംബശ്രീയുമായി സഹകരിച്ച്‌ എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലും മൾട്ടി ടാസ്‌ക് സ്‌കിൽ ടീമുകൾക്ക് രൂപം നൽകും.​ നൈപുണി പരിശീലന പരിപാടികളിൽ മെന്റർമാരായി വിരമിച്ച അധ്യാപകർക്ക്‌ പ്രൊഫഷണൽ ജോലികളിലുള്ളവർക്കും പ്രവർത്തിക്കാം. താൽപ്പര്യമുള്ളവർക്ക് അടുത്തുള്ള പോളിടെക്നിക്കുകളിലോ വിജ്ഞാനകേരളം വെബ്‌സൈറ്റിലോ രജിസ്റ്റർ ചെയ്യാമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home