'മുഖ്യമന്ത്രിക്ക് കണ്ണീർ വരുമോയെന്ന് അറിയില്ല' ; വീണ്ടും തല മുണ്ഡനം ചെയ്ത് ഉദ്യോഗാർഥികൾ

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെയും യുഡിഎഫ് സർക്കാരിന്റെയും നിലപാടില്ലായ്മയെത്തുടർന്ന് സമരം വീണ്ടും കടുപ്പിച്ച് എൽപിഎസ്ടി ഉദ്യോഗാർഥികൾ. സമരം ചെയ്യുന്ന ഉദ്യോഗാർഥി ജയകൃഷ്ണൻ തല മുണ്ഡനം ചെയ്തു. നിരാഹാര സമരം തുടരുമെന്നും ജയകൃഷ്ണൻ പറഞ്ഞു. മുമ്പ് സമരസമിതി കൺവീനറായ വളർമതിയും തല മുണ്ഡനം ചെയ്ത് നിരാഹാര സമരം ആരംഭിച്ചിരുന്നു. വളർമതിയെ പൊലീസ് ബലമായി ആശുപത്രിയിലേക്ക് മാറ്റിയതിനുപിന്നാലെ ജയകൃഷ്ണൻ നിരാഹാര സമരം ആരംഭിച്ചിരുന്നു. നിരാഹാര സമരം പത്താംദിവസം പിന്നിട്ടപ്പോഴാണ് ജയകൃഷ്ണൻ തല മുണ്ഡനം ചെയ്തത്.
നീതിക്കായി ഉദ്യോഗാർഥികൾ സെക്രട്ടറിയറ്റിനു മുന്നിൽ നടത്തുന്ന സമരം 140 ദിവസത്തിലേക്ക് അടുത്തു. യുഡിഎഫ് സർക്കാർ ആറുമാസം പൂർത്തീകരിച്ച ദിവസം നടന്ന കാബിനറ്റിലും പിഎസ്‍സി ഉദ്യോഗാർഥികളുടെ ആവശ്യങ്ങൾ ചർച്ചയായിരുന്നില്ല. ഇതിനു പിന്നാലെയാണ് വീണ്ടും സമരം കടുപ്പിക്കാൻ ഉദ്യോഗാർഥികൾ തീരുമാനിച്ചത്.
വളര്‍മതി തല മുണ്ഡനം ചെയ്തപ്പോള്‍ കരഞ്ഞ മുഖ്യമന്ത്രിക്ക് ഇപ്പോഴും കണ്ണീര്‍ വരുമോയെന്ന് അറിയില്ലെന്നും മുഖ്യമന്ത്രി തങ്ങളെ കരയിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും തല മുണ്ഡനം ചെയ്ത ശേഷം ജയകൃഷ്ണന്‍ പ്രതികരിച്ചു. ഞങ്ങളെ കൊലയ്ക്ക് കൊടുക്കാനാണ് ഇവിടെ കിടത്തിയിരിക്കുന്നത്. നിലവിൽ റാങ്ക് ലിസ്റ്റിന്റെ അവസ്ഥ പരിതാപകരമാണ്. സമരത്തോട് എന്നും അനുകമ്പയുണ്ടെന്ന് പറയുന്ന സർക്കാർ 13 ദിവസത്തെ നിരാഹാരത്തിന് ശേഷമാണ് സർക്കാർ ഞങ്ങളെ പരിഗണിച്ചത്. അതിനുശേഷം പഠിക്കാനായി 45 ദിവസമെടുത്ത സർക്കാരിൽ നിന്ന് പ്രതികരണം ഒന്നും ഇല്ലാതെയായതോടെയാണ് വീണ്ടും സമരം ആരംഭിക്കേണ്ടി വന്നത്. ഉന്നയിച്ച അഞ്ച് ആവശ്യങ്ങളിൽ നാലെണ്ണം അംഗീകരിച്ചെന്നാണ് സർക്കാർ വാക്കാൽ പറഞ്ഞത്. എന്നാൽ അതിൽ ഏതാണ് ഞങ്ങൾക്ക് ഗുണമുള്ളത്? ഞങ്ങളുടെ റാങ്ക് ലിസ്റ്റിന് ജീവൻ നൽകാൻ സർക്കാരിന് സാധിക്കില്ലെന്ന് അവർക്കുതന്നെ അറിയാം. എന്നാൽ അതിനെ മറയ്ക്കാൻ വെറുതെ ഉറപ്പുകൾ മാത്രം നൽകുകയാണ് മന്ത്രിമാരും മുഖ്യമന്ത്രിയുമെന്നും ജയകൃഷ്ണന്‍ പറഞ്ഞു.









0 comments