print edition 270 കുഞ്ഞുങ്ങൾക്ക് പാലൂട്ടി ‘ജീവാമൃതം’

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ‘ജീവാമൃതം' മുലപ്പാൽ ബാങ്ക് ഏഴുമാസത്തിനിടെ പാലൂട്ടിയത് 270 കുഞ്ഞുങ്ങൾക്ക്. സന്നദ്ധരായ 315 അമ്മമാരിൽനിന്ന് 100 ലിറ്റർ മുലപ്പാലാണ് ‘ജീവാമൃതം' ബാങ്ക് ശേഖരിച്ചത്. രോഗബാധിതരും കുറഞ്ഞ ഭാരമുള്ളവരും നേരത്തേ ജനിച്ചവരുമായ 270 കുഞ്ഞുങ്ങൾക്ക് 80 ലിറ്ററോളം പാൽ നൽകി. ലോക മുലയൂട്ടൽ വാരാചരണ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിൽ എസ്എടി ആശുപത്രിയിലെ മുലപ്പാൽ ബാങ്കിലേക്ക് പാ ൽ ദാനംചെയ്‌ത അമ്മമാരെ ആദരിച്ചു.
കുഞ്ഞിന് അമ്മയുടെ പാൽ ലഭ്യമാകാത്ത സാഹചര്യത്തിലും മാസം തികയാതെ പ്രസവിച്ചതും ഭാരക്കുറവുള്ളതും മറ്റ് ആരോഗ്യപ്രശ്‌നങ്ങളുള്ളതുമായ കുട്ടികൾക്ക് മുലപ്പാൽ ലഭ്യമാക്കുന്ന സംവിധാനമാണിത്. മറ്റു കുട്ടികളുടെ അമ്മമാർക്ക് സ്വന്തം കുഞ്ഞിന് നൽകിയശേഷമുള്ള പാൽ ഇവിടെ ദാനംചെയ്യാം. പാൽ ശുദ്ധീകരിച്ച് നിശ്ചിത താപനിലയിൽ സൂക്ഷിക്കും. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് 2025 സെപ്‌തംബറിൽ 19.5 ലക്ഷം രൂപ ചെലവിട്ടാണ് മുലപ്പാൽ ബാങ്ക് സജ്ജീകരിച്ചത്.
മുലയൂട്ടൽ വാരാചരണത്തിന് തുടക്കം
ലോക മുലയൂട്ടൽ വാരാചരണം സംസ്ഥാന ഉദ്ഘാടനം എസ്എടി ആശുപത്രിയിൽ മന്ത്രി കെ മുരളീധരൻ നിർവഹിച്ചു. സുരക്ഷിത പ്രസവം പ്രോത്സാഹിപ്പിക്കുന്നതിലും മാതൃശിശു മരണനിരക്ക് കുറയ്ക്കുന്നതിലും കേരളം കൈവരിച്ച നേട്ടങ്ങൾ നിലനിർത്തണമെന്ന് മന്ത്രി പറഞ്ഞു.
വി മുരളീധരൻ എംഎൽഎ അധ്യക്ഷനായി. ആരോഗ്യ ഡയറക്ടർ വി മീനാക്ഷി, കൗൺസിലർ എസ് എസ് സിന്ധു,ഡിഎംഇ കെ വി വിശ്വനാഥൻ, ആരോഗ്യ കേരളം ഡയറക്ടർ അനു എസ് നായർ എന്നിവർ പങ്കെടുത്തു. എസ്എടി ആശുപത്രിയിലെ മുലപ്പാൽ ബാങ്കിലേക്ക് പാൽ ദാനം ചെയ്‌ത അമ്മമാരെ ആദരിച്ചു. ഒന്നുമുതൽ ഏഴുവരെയാണ് ലോക മുലയൂട്ടൽ വാരം.










0 comments