സർക്കാരിന് 76 കോടിയുടെ നഷ്ടം; ജവാൻ ഉൽപ്പാദനം നിലച്ചിട്ട് 11 ദിവസം

ടി എ റെജികുമാർ
Published on Jun 25, 2026, 12:44 AM | 1 min read
തിരുവല്ല: പുളിക്കീഴ് പമ്പാ റിവർ ആൻഡ് ഷുഗേഴ്സ് ലിമിറ്റഡിൽ ജവാൻ മദ്യോൽപ്പാദനം നിലച്ചിട്ട് 11 ദിവസം. ഉൽപ്പാദനം നിർത്തിയതോടെ സർക്കാരിന് 76.03 കോടിയുടെ നഷ്ടം. കർണാടക, മഹാരാഷ്ട്ര മദ്യലോബികളുടെ വില കുറഞ്ഞ മദ്യം വിപണിയിൽ ധാരാളം വിതരണം ചെയ്യുമ്പോഴാണിത്. കുപ്പിയും അടപ്പും ലേബലും കിട്ടാനില്ലെന്നുപറഞ്ഞ് ഇതരസംസ്ഥാന മദ്യലോബികളെ സഹായിക്കാനാണ് നീക്കം.
വർഷം 388.88 ലക്ഷം ലിറ്റർ ജവാൻ റമ്മാണ് പുളിക്കീഴിൽ ഉണ്ടാക്കിയിരുന്നത്. ലിറ്ററിന് 51.27 രൂപ മാത്രമാണ് കമ്പനിക്ക് ലഭിക്കുന്നത്. മദ്യംവിൽക്കുന്ന ബിവറേജസ് കോർപ്പറേഷൻ ഒരു ലിറ്റർ ജവാൻ റം പൊതു വിപണിയിൽ 640 രൂപയ്ക്കാണ് വിൽക്കുന്നത്. വർഷം 2488.32 കോടി രൂപ സംസ്ഥാന സർക്കാരിന് ലഭിച്ചിരുന്നു. 12,000 കെയ്സ് ജവാൻ റമ്മാണ് ദിവസേന ഉൽപ്പാദിപ്പിച്ചിരുന്നത്.
ദിവസം 1.08 ലക്ഷം ലിറ്റർ പ്രകാരം മാസം 32.40 ലക്ഷം ലിറ്റർ ജവാൻ ഉൽപ്പാദിപ്പിക്കുന്നു. കമ്പനി വൻ ലാഭത്തിൽ പ്രവർത്തിക്കുമ്പോഴാണ് ഉൽപ്പാദനം നിർത്തിയത്. ആറ് ബെൽറ്റുകൾ പ്രവർത്തിച്ചിരുന്ന ഇവിടെ രണ്ട് മാസമായി മൂന്ന് ബെൽറ്റുകൾ മാത്രമാണ് പ്രവർത്തിക്കുന്നത്. 2000 കെയ്സ് മദ്യമാണ് ഒരു ബെൽറ്റിലുണ്ടാകുക.










0 comments