ad
Deshabhimani

താമരശേരി ചുരം നവീകരണം ഇഴയുന്നു

വാഹനങ്ങൾക്ക്‌ കുരുക്കായി ആറാം വളവ്

s

താമരശേരി ചുരം ആറാം വളവിൽ കുടുങ്ങിയ കണ്ടെയ്നർ ലോറി ​

avatar
വി ആർ അഖിൽ

Published on Jun 25, 2026, 02:01 AM | 1 min read

താമരശേരി

താമരശേരി ചുരം നവീകരണപ്രവൃത്തി നീളുന്നതിനാൽ ആറാംവളവ്‌ കടക്കൽ കഠിനം. നിർമാണം തുടങ്ങി ഏഴുമാസമായിട്ടും പ്രവൃത്തിയുടെ പുരോഗതിയെങ്ങുമെത്തിയിട്ടില്ല. ചുരത്തിലെ ഏറ്റവും ഇടുങ്ങിയ മൂന്ന് കൊടുംവളവുകളും വീതികൂട്ടി യാത്രാദുരിതം പരിഹരിക്കാൻ ഇനിയും കാത്തിരിക്കേണ്ട അവസ്ഥയിലാണ്‌. പ്രതിദിനം ആയിരക്കണക്കിന് വാഹനങ്ങൾ ഇരുദിശകളിലും കടന്നുപോവുന്ന താമരശേരി ചുരംപാതയിലെ ആറ്, ഏഴ്, എട്ട് ഹെയർപിൻ വളവുകളുടെ വീതികൂട്ടലാണ് ഇഴയുന്നത്‌.

പാതയോരത്തെ മരങ്ങൾ മുറിച്ചുമാറ്റി വളവുകളുടെ രൂപമാതൃക സമർപ്പിക്കാൻ കരാർ കമ്പനി വൈകിയതാണ് പ്രവൃത്തിയിലെ മെല്ലെപ്പോക്കിന് ആദ്യകാരണം. 2018 ഏപ്രിലിൽ 32 ലക്ഷം രൂപ നൽകി വനംവകുപ്പിൽനിന്ന് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്താണ്‌ 0.92 ഹെക്ടർ വനഭൂമിയിൽ നവീകരണ പ്രവൃത്തി തുടങ്ങിയത്. ആറാം വളവിൽ തുടക്കമായ നിർമാണപ്രവൃത്തിക്കിടെ ആറാംവളവിന് മുകൾഭാഗത്തെ പാറക്കെട്ടിടിഞ്ഞ് കല്ലുകളും മണ്ണും റോഡിലേക്ക് ഇടിഞ്ഞുവീണത്‌ മാറ്റിയിട്ടില്ല.

വാഹനങ്ങളുടെ യന്ത്രത്തകരാറിനെ തുടർന്ന് ഗതാഗതസ്തംഭനം പതിവായ ചുരത്തിൽ നവീകരണ പ്രവൃത്തിയെ തുടർന്ന്‌ ആറാം വളവിൽ വാഹനങ്ങൾ കുടുങ്ങുന്നതും പതിവ്‌ കാഴ്‌ചയായി. ഇടതടവില്ലാതെ മഴപെയ്യുന്ന പ്രതികൂല കാലാവസ്ഥയാണ്‌ പണിയുടെ മെല്ലപ്പോക്കിന്‌ കാരണമെന്നാണ്‌ കരാറെടുത്ത ചൗധരി കൺസ്ട്രക്‌ഷൻ കമ്പനി അധികൃതർ പറയുന്നത്‌.

എട്ടും ആറും വളവുകളുടെ രൂപമാതൃകയാണ് ഐഐടി റൂർക്കിയുടെ അംഗീകാരം ലഭ്യമാക്കി പിഡബ്ല്യുഡിക്ക് സമർപ്പിച്ചത്. ആറാം വളവിന്റേത് പിഡബ്ല്യുഡി ഇനിയും അംഗീകരിക്കാനുണ്ട്. അവലോകനത്തിനായി സമർപ്പിച്ച ഏഴാം വളവിലെ രൂപമാതൃകയ്ക്ക് ഐഐടിയുടെ അംഗീകാരം ലഭ്യമായിട്ടുമില്ലെന്നാണ്‌ വിവരം.

ബുധനാഴ്‌ചയും കണ്ടെയ്‌നർ ലോറി *കുടുങ്ങി; 4 മണിക്കൂർ യാത്രക്കാരും

താമരശേരി

ചുരത്തിൽ കണ്ടെയ്‌നർ ലോറി കുടുങ്ങി മണിക്കൂറുകൾ ഗതാഗതം മുടങ്ങി. ബുധൻ രാവിലെ 10.45ഓടെയാണ്‌ ചുരം ഇറങ്ങുകയായിരുന്ന ലോറി യന്ത്രത്തകരാറിനാൽ ആറാംവളവിൽ കുടുങ്ങിയത്‌. തുടർന്ന്‌ കിലോമീറ്ററുകളോളം വാഹനങ്ങൾ വരിയിൽ കുടുങ്ങിക്കിടന്നു. നാല്‌ മണിക്കുറിനുശേഷമാണ്‌ ലോറി അരികിലേക്ക്‌ മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്‌.

ചൊവ്വയും ചരക്കുലോറി കുടുങ്ങിയിരുന്നു. രാവിലെ അഞ്ചോടെയാണ്‌ ചുരം കയറുകയായിരുന്ന ചരക്കുലോറി യന്ത്രത്തകരാറിനെ തുടർന്ന് ആറാംവളവിൽ കുടുങ്ങിയത്‌. രാത്രി സുൽത്താൻ ബത്തേരിക്ക്‌ പോവുകയായിരുന്ന കെഎസ്‌ആർടിസി ബസും കുടുങ്ങി. കഴിഞ്ഞ 15നും ഇതേ അവസ്ഥയായിരുന്നു. ചുരം ഗ്രീൻ ബ്രിഗേഡ് പ്രവർത്തകരും ഹൈവേ പൊലീസുമെത്തിയാണ്‌ ഗതാഗതം നിയന്ത്രിച്ചത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home